വ്യായാമം രോഗം മാറാനല്ല; ജീവിക്കാന്‍ വേണ്ടിയാണ്

വ്യായാമം ചെയ്യുക എന്നാല്‍ അത് പ്രകൃതിവിരുദ്ധമല്ളേ എന്ന ചോദ്യം മനസ്സിലുദിക്കാത്തവര്‍ വിരളമാണ്. കാരണം ജീവജാലങ്ങളൊന്നും വ്യായാമം ചെയ്യാറില്ല എന്നതുതന്നെ. മനുഷ്യനും വ്യായാമം ചെയ്യേണ്ടതില്ല. പക്ഷെ അവന്‍െറ അന്നപാനീയത്തിനായി അവനധ്വാനിക്കണം. അവന്‍െറ ലൈംഗീകാവശ്യങ്ങള്‍ക്കായും ശത്രുക്കളില്‍നിന്നു രക്ഷപ്രാപിക്കാനായും മത്സരിക്കേണ്ടതുണ്ട്. ആഹ്ളാദത്തിലവന് തുള്ളിച്ചാടാന്‍ അവസരം വേണം. ദേഷ്യം വരുമ്പോള്‍ ശത്രുവിന്‍െറ മേല്‍ ചാടിവീഴാനും ഭയം വന്നാല്‍ ഓടാനും അവനെ അനുവദിക്കണം. കൂട്ടത്തോടെ കളിക്കാനനുവദിക്കണം. ഇതൊക്കെ മനുഷ്യനാര്‍ജ്ജിച്ച വിജ്ഞാനത്തിനും അവന്‍െറ സംസ്കാരത്തിനും അനുവദിക്കാന്‍ കഴിയുന്നില്ളെങ്കില്‍ പിന്നെയവന്‍ വ്യായാമം ചെയ്തേപറ്റൂ.
വ്യായാമം എന്നു കേള്‍ക്കേണ്ട താമസം ഓര്‍മ്മവരുന്നത് ബ്ളഡ്പ്രഷറും കൊളസ്ട്രോളും പ്രമേഹവുമൊക്കെയാണ്. ഇത്തരം രോഗങ്ങള്‍ പിടിപെട്ടവരാണ് വ്യായാമം ചെയ്യേണ്ടത് എന്നാണ് നാട്ടില്‍ പൊതുവെയുള്ള ധാരണ. പക്ഷെ വ്യായാമം രോഗം മാറാനല്ല; ജീവിക്കാന്‍ വേണ്ടിയാണ്; സുഖമായി ജീവിക്കാന്‍ വേണ്ടിയാണ്. അത് പ്രകൃതിദത്തവുമാണ്. പ്രകൃതിയുടെ ഉള്‍വിളി ഉണ്ടാവുമ്പോഴാണ് അത് ചെയ്യേണ്ടത്. ഇതെല്ലാം പ്രകൃതിയുടെ നിയമം. അത് മുഴുവന്‍ പാലിക്കാന്‍ നമുക്ക് കഴിയില്ല. പക്ഷെ ചിലതൊക്കെ പാലിച്ചേ പറ്റൂ. അതല്ളെങ്കില്‍ പ്രതികൂലമായിവരുന്നതെന്തും അനുഭവിച്ചേപറ്റൂ.
വ്യായാമത്തിലൂടെ രക്തസഞ്ചാരം സുഗമമാകുന്നു. അതോടെ എല്ലാ അവയവത്തിലേക്കും പോഷകപദാര്‍ത്ഥങ്ങള്‍ നിര്‍ദ്ദിഷ്ടമായ അളവില്‍ എത്തിചേരുകയും ചെയ്യുന്നു. മാത്രമല്ല രക്തപ്രവാഹം നല്ലനിലയിലായതിനാല്‍ മാലിന്യവിസര്‍ജ്ജനവും ശരിയായരീതിയില്‍തന്നെ നടക്കുന്നു. വ്യായാമവും വിശ്രമവും ഒരുമിച്ചു കൊണ്ടുപോവുകയും വ്യായാമത്തിലൂടെ കൂടുതല്‍ പ്രവര്‍ത്തിച്ച കോശങ്ങള്‍ക്കും അവയവത്തിനും ക്ഷീണം സംഭവിക്കാതെ നോക്കുകയും വേണം.
ശാസ്ത്രീയമായ വ്യായാമരീതിയില്‍ നമ്മുടെ സൂര്യനമസ്കാര ത്തെക്കാളും ശാസ്ത്രീയമായ ചലനങ്ങളുള്ള ഒരു വ്യായാമരീതി വേറെ കണ്ടത്തൊന്‍ കഴിഞ്ഞെന്നുവരില്ല. (സൂര്യനമസ്കാരം രാവിലെ സൂര്യകിരണങ്ങള്‍ ഏറ്റുകൊണ്ട് ചെയ്യുന്ന ഒരു നമസ്കാരരീതിയായിരുന്നു. ഇപ്പോഴത് ഒരു വ്യായാമം എന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും എവിടെ വച്ചും ചെയ്യാവുന്നതുമായി തീര്‍ന്നിട്ടുണ്ട്) സൂര്യനമസ്കാരം സമ്പൂര്‍ണ്ണ വ്യായാമമാണ്. അതില്‍ ശ്വസന വ്യവസ്ഥയുണ്ട്; വിശ്രമവ്യവസ്ഥയുണ്ട്. സൂര്യനമസ്കാരത്തിലൂടെ സന്ധികള്‍ക്ക് അയവും ചലനവും സാദ്ധ്യ മാവുന്നു. രക്തക്കുഴലുകള്‍ കൂടുതല്‍ പ്രവര്‍ത്തനശേഷി കൈവരിക്കുന്നു. നാഡീദ്രവത്തിന്‍്റെ വിതരണം സുഗമമാക്കുന്നതുവഴി എല്ലാ ശരീരാവയവങ്ങളും ഉണര്‍ന്ന് പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്നു. സൂര്യനമസ്ക്കാരം ഒരു സമ്പൂര്‍ണ്ണ വ്യായാമമാണ്. ഇതിലപ്പുറം കഠിനമായ നിലയില്‍ ഒരു വ്യായാമമുറ ശരീരത്തിന് ആവശ്യമാണെന്നും തോന്നുന്നില്ല.
സുഗമമായ രക്തസഞ്ചാരം പോഷകവിതരണത്തിനും രക്തത്തിലെ മാലിന്യവിസര്‍ജ്ജനത്തിനും സഹായിക്കുന്നു. ശരിയായ പോഷണവും ശരിയായവിസര്‍ജ്ജനവും രക്തത്തിന്‍്റെ സ്ഥിതിസ്ഥിരതയും ആരോഗ്യവും നിലനിര്‍ത്തുന്നുണ്ട്.
പ്രകൃതിജീവനം നയിക്കുന്നവരും വ്യായാമം ചെയ്യണം. കാരണം ആധുനിക പ്രകൃതിജീവനമാണ് നാമനുഷ്ഠിക്കുന്നത്. ശരീരത്തിന്‍െറ ഏതൊരുഭാഗവും ഉപയോഗിച്ചില്ളെങ്കില്‍ പിന്നീടതിനു മാറ്റം വരും. ഉപയോഗിക്കാത്തതിനെ നിശ്ചലമാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക പ്രകൃതിയുടെ സനാതന നിയമത്തില്‍ പെട്ടതാണ്. ഇതിനെ ആധുനികശാസ്ത്രം പരിണാമസിദ്ധാന്തം എന്നുപറയുന്നു. കഴിഞ്ഞതലമുറകളില്‍ മുപ്പത്തിരണ്ട് പല്ലുകള്‍ക്കും വിന്യസിക്കാന്‍ മനുഷ്യരുടെ മോണകളില്‍ സ്ഥലമുണ്ടായിരുന്നു. പുതിയ തലമുറകള്‍ പല്ലുകളുടെയും മോണകളുടെയും ഉപയോഗം അഥവാ വ്യായാമം കുറച്ചു. പഴങ്ങള്‍ പോലും യന്ത്രത്തില്‍ അരച്ച് ദ്രവമാക്കികഴിക്കാന്‍ തുടങ്ങി. പച്ചക്ക് കടിച്ചുതിന്നുന്ന പതിവും ഇല്ലാതാക്കി. എല്ലാം വേവിച്ച് കഴിക്കുന്ന ശീലത്തിലായി ഇന്നത്തെ മനുഷ്യന്‍. അതോടെ മോണകളുടെ വ്യായാമം കുറഞ്ഞു. അതുകൊണ്ടുതന്നെ ഇരുപത്തിയെട്ടിനുശേഷമുള്ള പല്ലുകള്‍ക്കിപ്പോള്‍ പുറത്തുവരാന്‍ സ്ഥലമില്ലാതായി. അവസാനത്തെ പല്ലുകള്‍ പലരിലും പുറത്തുവരുന്നില്ല. അഥവാ പുറത്തുവരാന്‍ ശ്രമിച്ചാല്‍ പിന്നെ സ്ഥലപരിമിതിമൂലം മോണയിലും മറ്റും വ്രണമാവാനുമത് കാരണമാവും. അവസാനം വരുന്ന പല്ല് കീറി പുറത്തെടുക്കുകയാണ് ഇപ്പോഴത്തെ പതിവ്.
കടിച്ചരക്കാത്തതുമാത്രമല്ല, നമ്മുടെ പല്ലുതേപ്പില്‍ ചില മാറ്റങ്ങളും ഉണ്ടായി. വിരലുകൊണ്ട് പല്ലുതേച്ചിരുന്നകാലത്ത് മോണകള്‍ക്ക് നല്ളൊരു ഉഴിച്ചില്‍ കിട്ടിയിരുന്നു. ഇന്ന് ആ സ്ഥാനം ബ്രഷുകള്‍ ഏറ്റെടുത്തപ്പോള്‍ മോണക്ക് കിട്ടിയിരുന്ന തടവല്‍ നഷ്ടമായി. ഇങ്ങനെ ആധുനികമനുഷ്യന്‍െറ ജീവിതചര്യയില്‍ പലമാറ്റങ്ങളും സംഭവിച്ചതുമൂലം അവന്‍െറ ശാരീരികമായ നിലനില്‍പിന് ആവശ്യമായ വ്യായാമം അവന്‍ കണ്ടെത്തേണ്ടിവന്നു.
ഇതുകൊണ്ടാണ് ആധുനിക ജീവിതശൈലിമൂലമുണ്ടാവുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ഭക്ഷണ നിയന്ത്രണത്തിന് പുറമെ വ്യായാമവും ആവശ്യമാണെന്ന് പ്രകൃതി ചികിത്സകര്‍ നിര്‍ദ്ദേശിക്കുന്നത്.

(ലേഖകന്‍ തിരൂര്‍ ഗാന്ധിയന്‍
പ്രകൃതിചികിത്സാലയത്തിലെ നേച്വറല്‍ ഹൈജിനിസ്റ്റാണ്)
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.