കാപ്പി കുടിച്ചാൽ ദാഹം കൂടുമോ? ഒരു കപ്പ് കാപ്പിക്ക് ഒരു ഗ്ലാസ് വെള്ളം

ഒരുപാട് പേർക്ക് പ്രിയപ്പെട്ട പാനീയമാണ് കാപ്പി. സാധാരണ കാപ്പി മാത്രമല്ല, ഓരോ കാപ്പി ഇനത്തിന്റെയും രുചിയിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ അറിയാനും ആസ്വദിക്കാനും അവർ താൽപ്പര്യം കാണിക്കുന്നു. കാപ്പി പ്രേമികൾക്ക് കഫേകൾ വെറും ഇരിപ്പിടങ്ങൾ മാത്രമല്ല. അവിടെയാണ് പുതിയ ബീൻസുകൾ പരിചയപ്പെടുന്നതും, കാപ്പി ഉണ്ടാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതും, പുതിയ ആളുകളുമായി ബന്ധപ്പെടുന്നതും. പലർക്കും കാപ്പി എന്നത് തിരക്കിനിടയിലെ ഒരു പാനീയമല്ല, മറിച്ച് ദിവസം ആരംഭിക്കുന്നതിനുള്ള ഒരു സ്റ്റാർട്ടർ കൂടിയാണ്. കാപ്പി ഉണ്ടാക്കുന്ന പ്രക്രിയ പോലും അവർക്ക് സന്തോഷം നൽകുന്നു. എന്നാൽ കാപ്പി കുടിച്ചതിന് ശേഷം ദാഹം അനുഭവപ്പെടാറുണ്ടോ?

കോഫി-വാട്ടർ അനുപാതം

കാപ്പി കുടിച്ചതിന് ശേഷം ദാഹം അനുഭവപ്പെടുന്നതാ സ്വാഭാവികമാണ്. ഒരു കപ്പ് കാപ്പി കുടിക്കുമ്പോൾ, അതിനൊപ്പം അല്ലെങ്കിൽ അതിനുശേഷം ഒരു കപ്പ് വെള്ളം നിർബന്ധമായും കുടിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. ഇത് കാപ്പി മൂലമുണ്ടാകുന്ന നിർജ്ജലീകരണം തടയാനും അസിഡിറ്റി കുറക്കാനും സഹായിക്കുന്നു. ഉണർന്നയുടനെ കാപ്പി കുടിക്കാതെ, 1-2 മണിക്കൂർ കഴിഞ്ഞ് കുടിക്കുന്നത് കഫീൻ ക്രാഷ് ഒഴിവാക്കാൻ സഹായിക്കും.

കഫീൻ ക്രാഷ്

കാപ്പി കുടിച്ച് കുറച്ചു സമയം കഴിയുമ്പോൾ പെട്ടെന്ന് അനുഭവപ്പെടുന്ന ക്ഷീണമോ തളർച്ചയോ ആണ് 'കഫീൻ ക്രാഷ്'. ഉറക്കം വരുത്താൻ സഹായിക്കുന്ന തലച്ചോറിലെ ഒരു രാസവസ്തുവാണ് അഡിനോസിൻ. കാപ്പി കുടിക്കുമ്പോൾ, കഫീൻ ഈ അഡിനോസിനെ താൽക്കാലികമായി തടയുന്നു. ഇതിലൂടെ നമുക്ക് ഉന്മേഷം തോന്നുന്നു. എന്നാൽ കഫീന്റെ സ്വാധീനം കുറയുന്നതോടെ, അപ്പോഴേക്കും തലച്ചോറിൽ അഡിനോസിൻ ഒന്നിച്ച് പ്രവർത്തനക്ഷമമാകും. ഇതാണ് പെട്ടെന്നുള്ള തളർച്ചക്ക് കാരണം. ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.

1. കഫീന്റെ സ്വാധീനം

കാപ്പിയിലെ പ്രധാന ഘടകമായ കഫീൻ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. അതായത് ഇത് വൃക്കകളെ ഉത്തേജിപ്പിക്കുകയും ശരീരത്തിൽ നിന്ന് മൂത്രം വഴി കൂടുതൽ ജലം പുറന്തള്ളാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ശരീരത്തിലെ ജലാംശം കുറയുന്നത് ദാഹത്തിന് കാരണമാകുന്നു.

2. ആന്റിഡൈയൂററ്റിക് ഹോർമോൺ

നമ്മുടെ ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് ADH (Antidiuretic Hormone). ഇത് ശരീരത്തിലെ വെള്ളം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ കഫീൻ ഈ ഹോർമോണിന്റെ പ്രവർത്തനത്തെ തടയുന്നതിലൂടെ ശരീരം വേഗത്തിൽ വെള്ളം പുറത്തുവിടാൻ തുടങ്ങുന്നു.

3. വായിലെ വരൾച്ച

കാപ്പിയിലടങ്ങിയിരിക്കുന്ന ടാനിനുകൾ വായിലെ ഉമിനീർ ഗ്രന്ഥികളെ താൽക്കാലികമായി ബാധിക്കാറുണ്ട്. ഇത് വായ വരണ്ടതാക്കാനും ദാഹം അനുഭവപ്പെടാനും ഇടയാക്കും. കാപ്പിയിലെ ടാനിൻ പല്ലിൽ നിറവ്യത്യാസം ഉണ്ടാക്കും. ഇതിന് മുമ്പായി വെള്ളം കുടിക്കുന്നത് പല്ലുകൾക്ക് സംരക്ഷണം നൽകുന്നു.

4. മധുരവും പാലും

കാപ്പിയിൽ പഞ്ചസാരയോ ക്രീമറോ ധാരാളമായി ചേർക്കുന്നുണ്ടെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് കോശങ്ങളിൽ നിന്ന് വെള്ളം വലിച്ചെടുക്കാൻ കാരണമാകും. ഇതും ദാഹം വർധിപ്പിക്കും.

ഒഴിവാക്കാൻ എന്ത് ചെയ്യാം?

  • വെള്ളം കുടിക്കുക: കാപ്പി കുടിക്കുന്നതിന് മുമ്പോ ശേഷമോ ഒരു ഗ്ലാസ് സാധാരണ വെള്ളം കുടിക്കുന്നത് ശീലമാക്കുക. പല കഫേകളിലും കാപ്പിക്കൊപ്പം ഒരു ചെറിയ ഗ്ലാസ് വെള്ളം നൽകുന്നതിന്റെ കാരണവും ഇതാണ്.
  • അളവ് കുറക്കുക: അമിതമായി കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.
  • മധുരം കുറക്കുക: പഞ്ചസാരയുടെ അളവ് കുറക്കുന്നത് ദാഹം നിയന്ത്രിക്കാൻ സഹായിക്കും.
Tags:    
News Summary - Does drinking coffee make you thirsty?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.