ഒരു വായ്പുണ്ണല്ലേ, തനിയെ മാറിക്കോളും എന്ന് പറയാൻ വരട്ടെ; ചിലപ്പോൾ കാൻസർ ആവാം!

നമ്മുടെ ശരീരത്തിലെ കോശങ്ങൾ കൃത്യമായ ക്രമത്തിൽ വളരുകയും നശിക്കുകയും ചെയ്യേണ്ടവയാണ്. എന്നാൽ ചില കാരണങ്ങളാൽ കോശങ്ങളുടെ ഈ ക്രമം തെറ്റുകയും അവ അനിയന്ത്രിതമായി വിഭജിച്ച് മുഴകൾ ഉണ്ടാകുകയും ചെയ്യുന്നു. ഇവ രക്തത്തിലൂടെയോ മറ്റ് ദ്രാവകങ്ങളിലൂടെയോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും സാധ്യതയുണ്ട്. ഇതാണ് കാൻസർ. ഇന്ന് കാൻസർ ദിനമാണ്. ലോകമെമ്പാടുമുള്ള ആളുകളിൽ കാൻസറിനെ കുറിച്ചുള്ള ബോധവത്കരണം വർധിപ്പിക്കാനും പ്രതിരോധവും നേരത്തെ കണ്ടെത്തലും പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിനം. ഇത് ഔദ്യോഗികമായി എല്ലാ വർഷവും ഫെബ്രുവരി 4 നാണ് ആചരിക്കുന്നത്. ഒരുപാട് കാൻസറുകൾ ഉണ്ടെങ്കിലും ജനങ്ങൾക്ക് പലതിലും ധാരണ കുറവുണ്ട്. അത്തരത്തിലൊന്നാണ് വായിലെ കാൻസർ.

പലപ്പോഴും വായിലെ കാൻസർ (Oral Cancer) തിരിച്ചറിയപ്പെടാതെ പോകുന്നത് അതിന്‍റെ ലക്ഷണങ്ങൾ തുടക്കത്തിൽ വലിയ വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കാത്തതിനാലാണ്. വെറുതെ ഒരു വായ്പുണ്ണാണെന്നോ സ്ട്രെസ്സ് മൂലമുള്ളതാണെന്നോ കരുതി പലരും ഇത് അവഗണിക്കുന്നു. എന്നാൽ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ കാൻസർ പൂർണ്ണമായും  ഭേദമാക്കാവുന്നതാണെന്ന് മുംബൈയിലെ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഡോ. വിജയ് ഹരിഭക്തി പറയുന്നു.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

അൾസറുകൾ: രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത വായ്പുണ്ണുകൾ.

വെള്ളയോ ചുവപ്പോ ആയ പാടുകൾ: വായയുടെ ഉൾവശത്തോ നാക്കിലോ കാണപ്പെടുന്ന തടിക്കുപ്പുകൾ.

ല്യൂക്കോപ്ലാകിയ: ഉരച്ചു കളയാൻ പറ്റാത്ത വിധം കവിളിന്‍റെ ഉൾവശത്തോ നാക്കിലോ കാണുന്ന വെളുത്ത പാടുകൾ. ഇവ കാൻസറിന് മുന്നോടിയാകാൻ സാധ്യതയുണ്ട്.

എറിത്രോപ്ലാകിയ: രക്തം വരാൻ സാധ്യതയുള്ള ചുവന്ന പാടുകൾ. ഇവ അപകടകരമാണ്.

മുഴകൾ: വായയിലോ താടിയെല്ലിലോ കഴുത്തിലോ ഉണ്ടാകുന്ന വേദനയില്ലാത്ത മുഴകൾ.

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്: ചവക്കാനോ വിഴുങ്ങാനോ സംസാരിക്കാനോ ഉണ്ടാകുന്ന പ്രയാസം. ഈ ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.

ആരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്?

പുകയില ഉപയോഗിക്കുന്നവർ, മദ്യപാന ശീലമുള്ളവർ, മോശമായ വായ ശുചിത്വമുള്ളവർ ,വായക്കുള്ളിൽ നിരന്തരം മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള പല്ലുകൾ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. മിക്കവാറും വായ്പുണ്ണുകൾ അണുബാധയോ വിറ്റാമിൻ കുറവോ മൂലം ഉണ്ടാകുന്നതാകാം. എന്നാൽ വായയിലെ പാടുകളോ പുണ്ണുകളോ രണ്ടാഴ്ച കഴിഞ്ഞിട്ടും മാറുന്നില്ലെങ്കിൽ, പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം അല്ലെങ്കിൽ വേദന, നാവിന്‍റെ ചലനം കുറയുകയോ തരിപ്പ് അനുഭവപ്പെടുകയോ ചെയ്യുമ്പോൾ, കഴുത്തിലെ ഗ്രന്ഥികളിൽ വീക്കം കാണുമ്പോൾ ഓറൽ ഓങ്കോളജിസ്റ്റിനെ കാണാൻ മടിക്കരുത്.

പ്രതിരോധ മാർഗങ്ങൾ

പുകയിലയും മദ്യവും ഒഴിവാക്കുക: കാൻസർ തടയാനുള്ള ഏറ്റവും പ്രധാന വഴി ഇതാണ്.

വായ ശുചിത്വം: കൃത്യമായി പല്ല് തേക്കുകയും വായ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

ഭക്ഷണം: ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകൾ കോശങ്ങളെ സംരക്ഷിക്കുന്നു.

വെയിൽ ഏൽക്കാതിരിക്കുക: ചുണ്ടുകളെ ബാധിക്കുന്ന കാൻസർ തടയാൻ അമിതമായ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ ലിപ് ബാം എന്നിവ ഉപയോഗിക്കാം.

പരിശോധനകൾ: പതിവായി ദന്തപരിശോധന നടത്തുന്നത് വായയിലെ മാറ്റങ്ങൾ നേരത്തെ കണ്ടെത്താൻ സഹായിക്കും.

വായയിലെ കാൻസർ കോശങ്ങൾ വളരെ വേഗത്തിൽ കഴുത്തിലെ ലസികാ ഗ്രന്ഥികളിലേക്കും തുടർന്ന് ശ്വാസകോശം, അസ്ഥികൾ എന്നിവിടങ്ങളിലേക്കും പടരാൻ സാധ്യതയുണ്ട്. ഇങ്ങനെ പടർന്നു കഴിഞ്ഞാൽ ചികിത്സ കൂടുതൽ സങ്കീർണ്ണമാകും. ഒരു വായ്പുണ്ണല്ലേ, തനിയെ മാറിക്കോളും എന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നത് രോഗം ഗുരുതരമാക്കാൻ കാരണമാകുന്നു. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ഏത് മാറ്റവും അപകടസൂചനയാകാം. വായിലെ കാൻസർ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ വളരെ അപകടകാരിയാണ്. എന്നാൽ തുടക്കത്തിലേ കണ്ടെത്തിയാൽ ഇത് പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്ന ഒന്നാണ് എന്നതാണ് ആശ്വാസകരമായ വശം.

Tags:    
News Summary - Cancer can start as simple mouth sores or white patches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.