LADA -പ്രത്യേക തരം പ്രമേഹം

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയെയാണ് പ്രമേഹ രോഗം എന്നുവിളിക്കുന്നത്. പ്രമേഹം പലവിധമുണ്ട്. ടൈപ് -1, ടൈപ് -2, ഗര്‍ഭകാലപ്രമേഹം തുടങ്ങിയവ. ഇതുകൂടാതെ മറ്റുചില  പ്രമേഹങ്ങളുമുണ്ട്. എല്‍.എ.ഡി.എ, എം.ഒ.ഡി.വൈ തുടങ്ങിയവ. ടൈപ് -2 പോലെ തുടങ്ങുകയും ചുരുങ്ങിയ കാലയളവിനുള്ളില്‍ ടൈപ് -1 രോഗം പോലെ ആയിത്തീരുകയും ചെയ്യുന്ന രോഗാവസ്ഥയാണ്  എല്‍.എ.ഡി.എ (LADA- Latent autoimmune diabetes of adults). നമ്മുടെ ശരീരംതന്നെ ശരീരത്തിലെ ചില കോശങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും അതുമൂലം ഉണ്ടാകുന്ന രോഗങ്ങളെ Auto immune രോഗങ്ങള്‍ എന്നുവിളിക്കുന്നു. ആഗ്നേയ ഗ്രന്ഥിയിലെ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങള്‍ക്ക് എതിരെ ശരീരം പ്രതിപ്രവര്‍ത്തിക്കുമ്പോഴാണല്ളോ ടൈപ് -1 പ്രമേഹരോഗം ഉണ്ടാകുന്നത്. ഇത് സാധാരണ ചെറിയ കുട്ടികളിലും കൗമാരക്കാരിലുമാണ് കാണുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഉല്‍പാദനം പൂര്‍ണമായും നിലക്കുകയും ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യും. ഇവര്‍ക്ക് അടിയന്തരമായി ഇന്‍സുലിന്‍ ചികിത്സ കൊടുക്കണം. ഇന്‍സുലിന്‍ കൊണ്ടുമാത്രമേ ഇത്തരക്കാരെ ചികിത്സിക്കാനാകൂ. എന്നാല്‍, ടൈപ് -2 പ്രമേഹം സാധാരണ പ്രായപൂര്‍ത്തിയായവരിലാണ് കാണപ്പെടുന്നത്. ഇന്‍സുലിന്‍ ഉല്‍പാദനം ഇത്തരക്കാരില്‍ നടക്കുന്നുണ്ടെങ്കിലും താരതമ്യേന കുറവായിരിക്കും. കൂടാതെ ഇന്‍സുലിന്‍െറ പ്രവര്‍ത്തനം ശരീരം തന്നെ കുറേ പ്രതിരോധിക്കുക കൂടി ചെയ്യും.  ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള മരുന്നുകള്‍ കൊടുത്താല്‍ വര്‍ഷങ്ങളോളം ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ തന്നെയോ പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്നിരിക്കും. എന്നിരുന്നാലും ചില ആളുകളില്‍ എട്ടോ പത്തോ വര്‍ഷം ആകുമ്പോഴേക്കും പലപ്പോഴും ഇന്‍സുലിന്‍ ചികിത്സ വേണ്ടിവന്നേക്കും.
 ഈ രണ്ട് വിഭാഗത്തിനും ഇടയിലാണ് എല്‍.എ.ഡി.എ എന്ന പ്രമേഹം. പ്രായപൂര്‍ത്തിയായ ആള്‍ക്കാരിലാണ് എല്‍.എ.ഡി.എ ഉണ്ടാകുന്നത്. തുടക്കത്തില്‍ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാനാകും (ടൈപ് -2 പ്രമേഹക്കാരെപ്പോലെ). എന്നാല്‍, കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവരില്‍ ഇന്‍സുലിന്‍ ഉല്‍പാദനം തീരെ കുറഞ്ഞുപോവുകയും ടൈപ് -1 പ്രമേഹക്കാരെപ്പോലെ ഇന്‍സുലിന്‍ ചികിത്സ ആവശ്യമായിവരുകയും ചെയ്യുന്നു. ഇവരുടെ രക്തം പരിശോധിച്ചാല്‍ ടൈപ് -1 പ്രമേഹക്കാരെപ്പോലെ Auto  antibodies ഉണ്ടായിരിക്കും.
 ചെറുപ്പക്കാരില്‍ കാണുന്ന പ്രമേഹങ്ങളില്‍ ഏകദേശം 10 ശതമാനം പേരിലും ചിലപ്പോള്‍ എല്‍.എ.ഡി.എ എന്ന പ്രമേഹം ആയിരിക്കാന്‍ സാധ്യതയുണ്ട്. വിദഗ്ധ പരിശോധനകളിലൂടെ ഇത് കണ്ടത്തൊന്‍ സാധിക്കും. ഇത്തരക്കാരില്‍ തുടക്കത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദനം നടക്കുന്നുണ്ടെങ്കിലും ശരീരത്തിന് ആവശ്യത്തിനുള്ള അത്രയും അളവ് ഉല്‍പാദനം നടക്കുന്നില്ല. അതിനാല്‍, ഇന്‍സുലിന്‍ ഉല്‍പാദനം കൂട്ടുന്ന ഗുളികകള്‍ കൊണ്ട് ഈ അപര്യാപ്തത പരിഹരിക്കുവാന്‍ സാധിക്കും. എന്നാല്‍, ക്രമേണ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങള്‍ നശിക്കപ്പെടുകയും ഇന്‍സുലിന്‍ ഉല്‍പാദനം തീരെയില്ലാത്ത അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യും. ഈ അവസരത്തില്‍ പിന്നെ ഇന്‍സുലിന്‍ ചികിത്സ ഇല്ലാതെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ സാധ്യമല്ല. അതായത് രോഗി ടൈപ് -1 പ്രമേഹ രോഗാവസ്ഥയില്‍ എത്തിച്ചേരുന്നു. തുടക്കത്തില്‍ ടൈപ് -2, ഒടുവില്‍ ടൈപ് -1  രോഗാവസ്ഥകള്‍ പ്രകടമാകുന്നതിനാല്‍ ഈ രോഗാവസ്ഥയെ ടൈപ് 1-5 എന്നും ചിലപ്പോള്‍ വിളിക്കുന്നു. മന്ദഗതിയില്‍ ഉണ്ടാകുന്ന ഒരു ടൈപ് -1 രോഗമായി ഇതിനെ കരുതുന്നതായിരിക്കും ഉചിതം. ടൈപ് -1 രോഗികള്‍ക്ക് ഭാവിയില്‍ എന്തെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാകുന്നെങ്കില്‍ അത് ഇത്തരം രോഗികള്‍ക്കും ഉപകാരം ചെയ്യും. അതിനാല്‍, ഈ രോഗമുള്ളവര്‍ തങ്ങളുടെ രോഗാവസ്ഥ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പൊതുവെ വണ്ണം കുറഞ്ഞവരിലാണ് ഈ രോഗം കൂടുതല്‍ കാണപ്പെടുന്നതെങ്കിലും പൊണ്ണത്തടിയുള്ളവരിലും ഇത് ചിലപ്പോള്‍ കാണപ്പെടും.
 രോഗാവസ്ഥ സ്ഥിരീകരിക്കാനായി Islet cells cytoplasmic antibodies (ICA) അല്ളെങ്കില്‍ GAD antibodies രോഗിയുടെ രക്തത്തില്‍ ഉണ്ടെന്ന് പരിശോധനകള്‍ വഴി കണ്ടത്തെണം. ടൈപ് -1 രോഗികളിലും ഇത്തരം ആന്‍റിബോഡീസ് ഉണ്ടായിരിക്കും. രോഗം പ്രത്യക്ഷപ്പെടുന്ന വയസ്സ്, ഇന്‍സുലിന്‍ കൂടാതെ തുടക്കത്തില്‍ ചികിത്സിക്കാന്‍ കഴിയുക മുതലായ കാര്യങ്ങള്‍ കൂടി കണക്കിലെടുത്തിട്ടാണ് രോഗം സ്ഥിരീകരിക്കുന്നത്.
 (ലേഖകന്‍ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഫിസിഷ്യനും പ്രമേഹരോഗ വിദഗ്ദനുമാണ്)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.