അവഗണിക്കരുത് ഈ ലക്ഷണങ്ങൾ; രക്തസമ്മർദ്ദമാവാം

ക്ത ധമനികളുടെ ഭിത്തികളിൽ രക്തത്തിന്റെ ശക്തി സ്ഥിരമായി വളരെ ഉയർന്നതായിരിക്കുമ്പോഴാണ് രക്തസമ്മർദ്ദം സംഭവിക്കുന്നത്. ആഗോളതലത്തിൽ ഇത് 120/80 എന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രായം, ലിംഗഭേദം, ഭാരം മുതലായവ കാരണം ഇത് വ്യത്യാസപ്പെടാം. ‘നിശബ്ദ കൊലയാളി’ എന്നറിയപ്പെടുന്ന രക്താതിമർദ്ദം കൂടുതലും ജനിതകമാണ്. എന്നിരുന്നാലും കുടുംബ ചരിത്രമില്ലാത്ത വ്യക്തികളിലും ഇത് സംഭവിക്കാം.

ഇത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാറുകൾ, കാഴ്ച പ്രശ്നങ്ങൾ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും ഗുരുതരമായ സങ്കീർണതകൾ തടയുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് നിർണായകമാണ്.

കാലക്രമേണ, അനിയന്ത്രിതമായ രക്തസമ്മർദ്ദം ശരീരത്തിന്റെ സുപ്രധാന അവയവങ്ങളെ തകരാറിലാക്കും. പക്ഷേ നമ്മുടെ രക്തസമ്മർദ്ദം ഉയർന്നതാണെന്നതിന്റെ ഏഴു മുന്നറിയിപ്പ് സൂചനകൾ താഴെ വായിക്കാം.

1.തലവേദന

പ്രത്യേകിച്ച് രാവിലെ, ഇടക്കിടെയുള്ളതോ കഠിനമായതോ ആയ തലവേദന ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. ഉയർന്ന മർദ്ദം തലച്ചോറിലെ രക്തക്കുഴലുകൾ വികസിക്കുന്നതിന് കാരണമാകുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് വേദനക്കും അസ്വസ്ഥതക്കും കാരണമാകുന്നു. വ്യക്തമായ കാരണമില്ലാതെ വിട്ടുമാറാത്തതോ ഇടക്കിടെ സംഭവിക്കുന്നതോ ആയ തലവേദന അനുഭവപ്പെടുകയാണെങ്കിൽ രക്തസമ്മർദ്ദം പരിശോധിക്കണം.

2.നെഞ്ചുവേദന

നെഞ്ചുവേദനയോ നെഞ്ചിൽ ഇറുകിയതായി തോന്നലോ ഉയർന്ന രക്തസമ്മർദ്ദം മൂലം കാരണമാകാം. ഈ ലക്ഷണത്തെ ഗൗരവമായി കാണുകയും ഉടൻ വൈദ്യസഹായം തേടുകയും വേണം. കാരണം ഇത് ഹൃദയാഘാതം അല്ലെങ്കിൽ മറ്റ് ഹൃദയ പ്രശ്നങ്ങൾക്ക് കാരണമാകും.

3.ശ്വാസം മുട്ടൽ

ലളിതമായ പ്രവൃത്തികൾ ചെയ്യുമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ ശ്വാസതടസ്സം അനുഭവപ്പെടുന്നുവെങ്കിൽ ഹൃദയമോ ശ്വാസകോശമോ ഉയർന്ന രക്തസമ്മർദ്ദം ബാധിക്കപ്പെട്ടതായി കണക്കാക്കാം. ശരീരം ആവശ്യത്തിന് ഓക്സിജൻ ലഭിക്കാൻ പാടുപെടുന്നു എന്നതിന്റെ സൂചനയാണ് ഈ ശ്വാസം മുട്ടൽ.

4.തലകറക്കം അല്ലെങ്കിൽ മങ്ങിയ കാഴ്ച

ഉയർന്ന രക്തസമ്മർദ്ദം തലകറക്കത്തിനോ കാഴ്ച മങ്ങാനോ കാരണമാകും. നമ്മുടെ തലച്ചോറിലേക്കോ കണ്ണുകളിലേക്കോ ഉള്ള രക്തപ്രവാഹത്തെ ബാധിക്കുന്നതിനാലാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ഇടക്കിടെ തലകറക്കം അനുഭവപ്പെടുകയോ കാഴ്ചയിൽ മാറ്റങ്ങൾ കാണുകയോ ചെയ്താൽ ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.

5.മൂക്കിൽ നിന്ന് രക്തസ്രാവം

ഇടക്കിടെ മൂക്കിൽ നിന്നുള്ള രക്തസ്രാവം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് കാരണങ്ങൾ കൂടാതെ ഇടക്കിടെ മൂക്കിൽ നിന്നുള്ള രക്തസ്രാവം വളരെ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മുന്നറിയിപ്പായിരിക്കാം. പരിക്കുകളില്ലാതെ മൂക്കിൽ നിന്ന് രക്തസ്രാവം കൂടുതലായി വരികയാണെങ്കിൽ ഡോക്ടറെ സമീപിക്കണം.

6.ക്ഷീണം അല്ലെങ്കിൽ ആശയക്കുഴപ്പം

ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ഫലമായി അസാധാരണമായ ക്ഷീണമോ ആശയക്കുഴപ്പമോ അനുഭവപ്പെടാം. നമ്മുടെ തലച്ചോറിന് ആവശ്യത്തിന് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നില്ല എന്നാണ് ഈ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. ചികിത്സിച്ചില്ലെങ്കിൽ ഇത് അപകടകരമാണ്.

7.നെഞ്ചിലോ, ചെവിയിലോ ഉള്ള ഇടിമുഴക്കം

നെഞ്ചിലോ, കഴുത്തിലോ, ചെവിയിലോ ഉണ്ടാകുന്ന അസാധാരണ ശബ്ദങ്ങൾ പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രമരഹിതമായ ഹൃദയമിടിപ്പോ ഉത്കണ്ഠയോ ഉണ്ടായാൽ ഈ തോന്നൽ ഉണ്ടാകാം. അതിനാൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്.

Tags:    
News Summary - Don't ignore these symptoms; it could be high blood pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.