ബെക്കി ജോൺസ്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി; വെളിപ്പെടുത്തലുമായി യുവതി

ലണ്ടൻ: കാൻസറെന്ന തെറ്റായ രോഗനിർണ്ണയത്തെ തുടർന്ന് ബ്രിട്ടനിൽ യുവതിക്ക് 11 വർഷത്തോളം അനാവശ്യ കീമോതെറാപ്പി നൽകിയതായി റിപ്പോർട്ട്. നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻ.എച്ച്.എസ്) ഗുരുതരമായ വീഴ്ചയാണ് ഇതിന് കാരണം. രണ്ട് കുട്ടികളുടെ അമ്മയായ ബെക്കി ജോൺസിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.

2012ലാണ് ബെക്കി ജോൺസ് ചികിത്സ ആരംഭിച്ചത്. അന്ന് വെറും 12 വയസ്സ് മാത്രമായിരുന്നു പ്രായം. ഗ്രേഡ് ഫോർ ഗ്ലിയോബ്ലാസ്റ്റോമ (Glioblastoma) എന്ന ഗുരുതരമായ ബ്രെയിൻ ട്യൂമർ ആണെന്നും മാസങ്ങൾ മാത്രം ജീവിച്ചിരിക്കാൻ സാധ്യതയുള്ളൂ എന്നും ബെക്കിയെ ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് ചികിത്സ ആരംഭിച്ചത്.

എന്നാൽ വർഷങ്ങൾക്ക് ശേഷം, 2025 മേയ് മാസത്തിലാണ് തനിക്ക് ട്യൂമർ ഇല്ലായിരുന്നുവെന്ന് ബെക്കി തിരിച്ചറിഞ്ഞത്. സ്റ്റിറോയിഡുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഭേദമാക്കാൻ കഴിയുന്ന 'ട്യൂമാഫാക്റ്റീവ് ഡീമൈലിനേഷൻ' (tumafactive demyelination) എന്ന തലച്ചോറിലെ നീർക്കെട്ട് സംബന്ധമായ പ്രശ്നമായിരുന്നു തനിക്കുണ്ടായിരുന്നത്.

കീമോതെറാപ്പി മരുന്നായ 'ടീമോസോളമൈഡ്' (TMZ) ദീർഘകാലം നൽകിയതുമൂലം കടുത്ത ഓക്കാനം, ക്ഷീണം തുടങ്ങിയ ഗുരുതരമായ പാർശ്വഫലങ്ങൾ തനിക്ക് അനുഭവിക്കേണ്ടി വന്നു. ഇത് തന്റെ ഔദ്യോഗിക ജീവിതത്തെയും കുടുംബജീവിതത്തെയും സാരമായി ബാധിച്ചെന്നും ബെക്കി പറയുന്നു.

വിരമിച്ച കൺസൾട്ടന്റ് ഇയാൻ ബ്രൗണുമായി (Ian Brown) ബന്ധപ്പെട്ട് അനാവശ്യമായ കാൻസർ ചികിത്സക്ക് ഇരകളായ 40ലധികം രോഗികൾ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽസ് കവൻട്രി ആൻഡ് വാർവിക്ഷയർ എൻ.എച്ച്.എസ് ട്രസ്റ്റിനെതിരെ (University Hospitals Coventry and Warwickshire NHS Trust) നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

റോയൽ കോളേജ് ഓഫ് ഫിഷ്യൻസിന്റെ പ്രാഥമിക അവലോകനത്തിൽ, ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ക്ലിനിക്കൽ മേൽനോട്ടക്കുറവും ആശയവിനിമയമില്ലായ്മയും ഉണ്ടായതായി കണ്ടെത്തി. യാതൊരുവിധ മെഡിക്കൽ പ്രയോജനവുമില്ലാതെയാണ് പത്തുവർഷത്തിലധികം മരുന്നുകൾ നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ സ്വതന്ത്ര അന്വേഷണം പുരോഗമിക്കുകയാണെന്നും പൂർണ്ണമായ കണ്ടെത്തലുകൾ ഉടൻതന്നെ പുറത്തുവിടുമെന്നും ട്രസ്റ്റ് അറിയിച്ചു. 

Tags:    
News Summary - British woman undergoes 11 years of chemotherapy for cancer she doesn't have

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.