ഇങ്ങനെ നടന്നാൽ മതിയോ?
ദിവസേന നടക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കും. എന്നാൽ നടത്തം മാത്രംകൊണ്ട് സമഗ്രമായ ശാരീരികക്ഷമത കൈവരിക്കാനാകില്ലെന്ന് ഫിറ്റ്നസ് വിദഗ്ധൻ സുമിത് ദുബെ പറയുന്നു. നടത്തത്തിന്റെ വേഗം, വ്യായാമത്തിലെ വൈവിധ്യം, പേശികളെ ശക്തിപ്പെടുത്തുന്ന പരിശീലനം എന്നിവയും പ്രധാനമാണ്.
വളരെ സാവധാനത്തിലുള്ള നടത്തം ആരോഗ്യത്തിന് ഗുണകരമാണെങ്കിലും ഹൃദയത്തിനും ശ്വാസകോശത്തിനും ആവശ്യമായ വെല്ലുവിളി നൽകണമെന്നില്ല. സംസാരിക്കാൻ കഴിയുകയും എന്നാൽ പാട്ടുപാടാൻ കഴിയാത്തത്ര വേഗത്തിലുള്ള നടത്തമാണ് കൂടുതൽ ഫലപ്രദമെന്ന് സുമിത് പറയുന്നു. വേഗത്തിലുള്ള നടത്തം കൂടുതൽ കലോറി ചെലവഴിക്കാനും ശരീരത്തിന്റെ ഓക്സിജൻ ഉപയോഗം വർധിപ്പിക്കാനും സഹായിക്കും.
എല്ലാ ദിവസവും ഒരേ വഴിയിലൂടെ, ഒരേ വേഗത്തിലും സമയത്തിലും നടക്കുമ്പോൾ ശരീരം അതിനോട് പൊരുത്തപ്പെടും. ഇതോടെ ക്രമേണ പുരോഗതി കുറയാം. നടത്തത്തിന്റെ ദൂരം, വേഗം, സമയം, കയറ്റിറക്കങ്ങൾ എന്നിവയിൽ മാറ്റം വരുത്താം. വേഗത്തിൽ നടക്കുന്നതും പതുക്കെ നടക്കുന്നതും ഇടവിട്ട് പരീക്ഷിക്കുന്ന ‘ഇന്റർവെൽ വാക്കിങ്ങും’ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ഫിറ്റ്നസ് എന്നത് ഹൃദയാരോഗ്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല. പേശികളുടെ ശക്തി, ശരീരത്തിന്റെ സന്തുലനം, വഴക്കം, ചലനശേഷി എന്നിവയും അതിന്റെ ഭാഗമാണ്. മുപ്പത് വയസ്സിനുശേഷം ആവശ്യമായ പരിശീലനം ലഭിച്ചില്ലെങ്കിൽ പേശികളുടെ അളവ് ക്രമേണ കുറയാം.
സാധാരണ നടത്തം മാത്രം ഈ മാറ്റത്തെ പ്രതിരോധിക്കാൻ മതിയാകണമെന്നില്ല. അതിനാൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ശരീരഭാരം, ഡംബെൽ, റെസിസ്റ്റൻസ് ബാൻഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള ശക്തിപരിശീലനം നടത്തത്തിനൊപ്പം ഉൾപ്പെടുത്താം. ഇത് പേശികളുടെ കരുത്തും ശരീരനിയന്ത്രണവും മെച്ചപ്പെടുത്തുകയും കൂടുതൽ ഊർജം ചെലവഴിക്കാൻ സഹായിക്കുകയും ചെയ്യും.
മൊബൈൽ ഫോണിലേക്ക് തലതാഴ്ത്തി നടക്കുന്നത് നടത്തത്തിന്റെ കാര്യക്ഷമത കുറയ്ക്കാം. മുന്നോട്ടു നോക്കുക, വയറിലെ പേശികൾ നേരിയ തോതിൽ മുറുക്കിപ്പിടിക്കുക, കൈകൾ സ്വാഭാവികമായി വീശുക എന്നിവ നടത്തത്തെ കൂടുതൽ ഫലപ്രദമാക്കും. തുടക്കക്കാർ സാവധാനത്തിൽ ആരംഭിച്ച് വേഗവും ദൂരവും ക്രമേണ വർധിപ്പിക്കണം. ആഴ്ചയിൽ ഏകദേശം രണ്ടര മണിക്കൂർ മിതമായ തീവ്രതയിലുള്ള ശാരീരിക പ്രവർത്തനത്തിനൊപ്പം ശക്തിപരിശീലനവും ഉൾപ്പെടുത്തുന്നതാണ് കൂടുതൽ സമഗ്രമായ ഫിറ്റ്നസിലേക്ക് നയിക്കുകയെന്ന് വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.