എച്ച്.പി.വി വാക്സിനേഷനിൽ കേരളം പിന്നിൽ; നാല് സംസ്ഥാനങ്ങൾ 100ശതമാനം പൂർത്തിയാക്കി
ന്യൂഡൽഹി: ദേശീയ എച്ച്.പി.വി വാക്സിനേഷൻ പദ്ധതിയിൽ ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മിസോറം സംസ്ഥാനങ്ങൾക്ക് നേട്ടം. ഈ സംസ്ഥാനങ്ങളിൽ തിരിച്ചറിഞ്ഞ ലക്ഷ്യജനസംഖ്യയുടെ 100 ശതമാനത്തിനും വാക്സിൻ നൽകിയതായും ബിഹാർ, ആന്ധ്രപ്രദേശ്, അസം എന്നിവിടങ്ങളിൽ 90 ശതമാനത്തിലധികം വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കർണാടകയിൽ 85 ശതമാനത്തിലധികവും ഛത്തീസ്ഗഢ്, സിക്കിം, കേരളം, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിൽ 60 ശതമാനത്തിലധികവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഹ്യൂമൻ പാപ്പിലോമ വൈറസ് ബാധ മൂലം ഉണ്ടാകുന്ന വിവിധ തരം കാൻസറുകളെ പ്രതിരോധിക്കാനാണ് പ്രധാനമായും എച്ച്.പി.വി വാക്സിൻ ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതൽ പെൺകുട്ടികൾക്ക് വാക്സിൻ നൽകിയത് ഉത്തർപ്രദേശിലാണ്. സംസ്ഥാനത്ത് 22 ലക്ഷത്തിലധികം കൗമാരക്കാരികൾക്ക് വാക്സിൻ നൽകിയതായി മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരിയിൽ പദ്ധതി ആരംഭിച്ചതിനുശേഷം രാജ്യത്ത് എച്ച്.പി.വി വാക്സിന്റെ 80 ലക്ഷത്തിലധികം ഡോസുകൾ നൽകി.
ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്സിനാണ് പദ്ധതിയുടെ ഭാഗമായി നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫെബ്രുവരിയിൽ ദേശീയ എച്ച്.പി.വി വാക്സിനേഷൻ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി 14 വയസ്സുള്ള പെൺകുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ ഒരു ഡോസ് വാക്സിൻ സൗജന്യമായി നൽകുന്നു. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടത്തുന്നത്.
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2021ലെ കണക്കുകൾ പ്രകാരം ഓരോ വർഷവും ഏകദേശം 1.2 കോടി പെൺകുട്ടികൾ 14 വയസ്സിലെത്തുന്നു. ഓരോ വർഷവും ഈ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടത്തിയ ഏകോപിത പ്രവർത്തനങ്ങൾ വാക്സിനേഷൻ പുരോഗതിക്ക് സഹായിച്ചതായി മന്ത്രാലയം പറഞ്ഞു. ജില്ലാ തലത്തിലുള്ള ആരോഗ്യസംഘങ്ങളും സജീവമായി പ്രവർത്തിക്കുകയും ഗ്രാമീണ, നഗര, വിദൂര മേഖലകളിലെ എത്തിച്ചേരാൻ പ്രയാസമുള്ള അർഹരായ പെൺകുട്ടികളിലേക്ക് വാക്സിൻ എത്തിക്കാനും പ്രത്യേക നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.