90 ദിവസത്തിനുള്ളിൽ 41 റോബോട്ടിക് സർജറികൾ നടത്തിയ ഇന്ത്യയിലെ ആദ്യ ഗൈനക്കോളജിസ്റ്റായി ഡോ. അമിത ഷാ
വനിതാ ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ നേട്ടവുമായി ഗുരുഗ്രാമിലെ മണിപ്പാൽ ഹോസ്പിറ്റൽ. സങ്കീർണ്ണമായ എൻഡോമെട്രിയോസിസ് കേസുകൾ അത്യാധുനിക ലാപ്രോസ്കോപ്പിക്, റോബോട്ടിക് സഹായത്തോടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആശുപത്രി വിജയകരമായി ചികിത്സിച്ചു. മണിപ്പാൽ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, റോബോട്ടിക് ലാപ്രോസ്കോപ്പി ആൻഡ് എൻഡോസ്കോപ്പി സർജറി വിഭാഗം ചെയർമാൻ ഡോ. അമിത ഷായുടെ നേതൃത്വത്തിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.
90 ദിവസത്തിനുള്ളിൽ 41 റോബോട്ടിക് ഗൈനക്കോളജിക്കൽ സർജറികൾ വിജയകരമായി പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗൈനക്കോളജിസ്റ്റ് കൂടിയായി മാറിയിരിക്കുകയാണ് ഡോ. അമിത ഷാ. ലോകമെമ്പാടുമുള്ള ഏകദേശം 190 ദശലക്ഷം സ്ത്രീകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് എൻഡോമെട്രിയോസിസ്. പലപ്പോഴും ഇതിന്റെ ലക്ഷണങ്ങളെ സാധാരണ ആർത്തവ വേദനയായി തെറ്റിധരിക്കപ്പെടാറുണ്ട്. എന്നാൽ ഇത് സ്ത്രീകളുടെ ജീവിതനിലവാരത്തെയും പ്രത്യുത്പാദന ശേഷിയേയും ഗുരുതരമായി ബാധിച്ചേക്കാം. ആരോഗ്യകരമായ പെൽവിക് ടിഷ്യൂകളും പ്രത്യുത്പാദന ശേഷിയും സംരക്ഷിച്ചുകൊണ്ട് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ മിനിമലി ഇൻവേസീവ് സർജറികൾ ഇപ്പോൾ സഹായിക്കുന്നുണ്ട്.
കടുത്ത ആർത്തവ വേദനയും വന്ധ്യതയും മുതൽ വലിയ സിസ്റ്റുകളും വിപുലമായ പെൽവിക് അഡെഷനുകളും വരെയുള്ള സങ്കീർണ്ണമായ അവസ്ഥകളിലൂടെ കടന്നുപോയ നിരവധി രോഗികളുടെ കേസുകളാണ് ആശുപത്രിയിൽ അവതരിപ്പിച്ചത്. ഡീപ് എൻഡോമെട്രിയോസിസ് ബാധിച്ച 32 കാരിയായ യുവതി, ഫെർട്ടിലിറ്റി പ്രിസർവിങ് സർജറിക്കൊടുവിൽ വിജയകരമായി ഗർഭം ധരിച്ച 29 കാരി, 18 ആഴ്ച ഗർഭാവസ്ഥയുടെ വലിപ്പമുള്ള എൻഡോമെട്രിയോട്ടിക് സിസ്റ്റുള്ള 36 കാരി, ബൈലാറ്ററൽ സിസ്റ്റുകളും ഫാലോപ്യൻ ട്യൂബുകളെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയുള്ള 31 കാരിയായ യുവതി എന്നിവരുടെയെല്ലാം കേസുകൾ ഇതിൽ ഉൾപ്പെടുന്നു.
കടുത്ത ആർത്തവ വേദന എന്നതിലുപരി വലിയൊരു അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഇത് വിട്ടുമാറാത്ത വേദനക്ക് കാരണമാവുകയും, പ്രത്യുത്പാദന അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും, ഫെർട്ടിലിറ്റിയെ ബാധിക്കുകയും ചെയ്യുന്ന പുരോഗമനപരമായ ഒരു അവസ്ഥയാണ്. എങ്കിലും ഇതിന്റെ ലക്ഷണങ്ങൾ വർഷങ്ങളോളം ആളുകൾ അവഗണിക്കുകയോ സാധാരണയായി കാണുകയോ ആണ് പതിവ്.
ആഴത്തിലുള്ള മുറിവുകൾ, വലിയ സിസ്റ്റുകൾ എന്നിവ ഉൾപ്പെടുന്ന സങ്കീർണ്ണമായ കേസുകളിൽ ശസ്ത്രക്രിയാ കൃത്യത വളരെ പ്രധാനമാണ്. ഹൈ-ഡെഫനിഷൻ 3D വിഷനും മെച്ചപ്പെട്ട കൃത്യതയുമുള്ള റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ, ആരോഗ്യകരമായ ടിഷ്യൂകളും പ്രത്യുത്പാദന ശേഷിയും സംരക്ഷിച്ചുകൊണ്ട് രോഗത്തെ ചികിത്സിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു ഡോ. അമിതാ ഷാ പറയുന്നു.
സങ്കീർണ്ണമായ ഗൈനക്കോളജിക്കൽ പരിചരണത്തിൽ റോബോട്ടിക്, ലാപ്രോസ്കോപ്പിക് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് മണിപ്പാൽ ഹോസ്പിറ്റൽ വനിതാ ആരോഗ്യ സംരക്ഷണ രംഗത്ത് പുതിയ മാതൃകകൾ തീർക്കുകയാണ്. ശസ്ത്രക്രിയ കൃത്യതയും വേഗത്തിലുള്ള രോഗമുക്തിയും ഫെർട്ടിലിറ്റി സംരക്ഷണത്തിനുള്ള പ്രാധാന്യവും ഒരേസമയം ഉറപ്പാക്കിക്കൊണ്ട് സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളുള്ള സ്ത്രീകൾക്ക് കൂടുതൽ ഫലപ്രദമായ ചികിത്സയാണ് ആശുപത്രി നൽകിവരുന്നത്. രോഗം മൂർച്ഛിക്കുന്നത് തടയുന്നതിലും ദീർഘകാല ആരോഗ്യവും ജീവിത നിലവാരവും സംരക്ഷിക്കുന്നതിലും സമയബന്ധിതമായ രോഗനിർണ്ണയവും കൃത്യസമയത്തുള്ള ഇടപെടലും എത്രത്തോളം പ്രധാനമാണെന്ന് ഇത്തരം കേസുകൾ അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.