തൈറോയ്ഡ് നിയന്ത്രിക്കാൻ ‘മഖാന’; ഭക്ഷണത്തിൽ ഉൾപ്പെടുത്തും മുമ്പ് അറിയാം
തൈറോയ്ഡ് രോഗബാധിതർക്ക് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ മഖാന അഥവാ ഫോക്സ് നട്ട് ഉൾപ്പെടുത്തുന്നത് അത്യന്തം ഗുണകരമാണെന്ന് പ്രമുഖ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റുകൾ. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന 'ഗോയിട്രോജനിക്’ ഘടകങ്ങൾ മഖാനയിൽ അടങ്ങിയിട്ടില്ലാത്തതിനാൽ ഹൈപ്പോതൈറോയ്ഡ്, ഹൈപ്പർതൈറോയ്ഡ് രോഗികൾക്ക് ഇത് പൂർണമായും സുരക്ഷിതമാണ്.
മഖാനയിലടങ്ങിയിരിക്കുന്ന സങ്കീർണ കാർബോ ഹൈഡ്രേറ്റുകളും ഉയർന്ന നാരുകളും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും തൈറോയ്ഡ് മൂലമുണ്ടാകുന്ന അമിത ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിഷ്ക്രിയ തൈറോയ്ഡ് ഹോർമോണായ T4 നെ സജീവ രൂപമായ T3 ആക്കി മാറ്റാൻ ആവശ്യമായ മഗ്നീഷ്യം, എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാൽസ്യം, ഫോസ്ഫറസ് എന്നിവയും ഇതിൽ ധാരാളമുണ്ട്. കൂടാതെ ഇതിലെ ആന്റിഓക്സിഡന്റുകൾ ആന്തരിക വീക്കങ്ങൾ കുറക്കാൻ സഹായിക്കും.
തൈറോയ്ഡ് രോഗികളിൽ പൊതുവായി കണ്ടുവരുന്ന ഹാഷിമോട്ടോസ്, ഗ്രേവ്സ് ഡിസീസ് തുടങ്ങിയ ഓട്ടോഇമ്മ്യൂൺ അവസ്ഥകളിൽ ഉണ്ടാകുന്ന ഹൃദയ സമ്മർദവും ദഹനപ്രശ്നങ്ങളും പരിഹരിക്കാൻ മഖാനയിലെ പൊട്ടാസ്യം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ‘കീംപ്ഫെറോൾ’, ‘ക്ലോറോജെനിക് ആസിഡ്’എന്നീ ഘടകങ്ങൾ കോശങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചക്ക് സഹായകരമാവുകയും ചെയ്യുന്നതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ബദാം, വാൽനട്ട് അല്ലെങ്കിൽ മത്തങ്ങ വിത്തുകൾ എന്നിവക്കൊപ്പം മഖാന കഴിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ കൊഴുപ്പുകൾ ശരീരത്തിന് പ്രധാനം ചെയ്യും.
എന്നാൽ, കടകളിൽ നിന്ന് ലഭിക്കുന്ന കൃത്രിമ ഫ്ലേവർ ചേർത്ത പാക്കറ്റ് മഖാനകൾ ഒഴിവാക്കണമെന്നും, വീട്ടിൽ തന്നെ കുറഞ്ഞ നെയ്യിലോ വെളിച്ചെണ്ണയിലോ വറുത്തെടുത്ത് ഉപയോഗിക്കണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. തൈറോയ്ഡ് മരുന്നുകൾ കഴിച്ച് 30 മുതൽ 60 മിനിറ്റ് വരെയുള്ള സമയത്തിനുള്ളിൽ മഖാനയോ മറ്റ് ഭക്ഷണങ്ങളോ കഴിക്കരുതെന്നും, ഇത് മരുന്നിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.