ആവി പറക്കുന്ന ചൂടിൽ ചായ കുടിക്കാറുണ്ടോ? ആ ശീലം അപകടമെന്ന് പഠനം

ലണ്ടൻ: പൊള്ളുന്ന ചൂടിൽ ചായയും കാപ്പിയും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനം. ഇത്തരത്തിൽ പാനീയങ്ങൾ കുടിക്കുന്നത് അന്നനാളത്തിലെ അർബുദ സാധ്യത കുത്തനെ കൂട്ടുമെന്നാണ് കണ്ടെത്തൽ.

ബ്രിട്ടനിൽ പത്തു ലക്ഷത്തോളം പേരെ ഉൾപ്പെടുത്തി ഓക്സ്ഫോർഡ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പത്തു വർഷത്തിലധികം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഗവേഷകർ നിഗമനത്തിലെത്തിയത്.

ഇന്റർനാഷണൽ ജേണൽ ഓഫ് കാൻസറിലാണ് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് ചായയോ കാപ്പിയോ അല്ല അതിന്റെ അമിതമായ ചൂടാണ് പ്രശ്നമെന്ന് അടിവരയിടുന്നു.

തങ്ങളുടെ പാനീയം എത്ര ചൂടിലാണ് കുടിക്കാറുള്ളതെന്ന ചോദ്യത്തിന് മറുപടി നൽകിയവരെയാണ് താരതമ്യം ചെയ്തത്. ചൂട് കുറച്ച് കുടിക്കുന്നവരെ അപേക്ഷിച്ച് അമിതമായ ചൂടിൽ കുടിക്കുന്നവർക്ക് അന്നനാളത്തിലെ അർബുദങ്ങളിൽ ഒന്നായ സ്ക്വാമസ് സെൽ കാർസിനോമ വരാനുള്ള സാധ്യത മൂന്നിരട്ടിയിലധികമാണെന്ന് കണ്ടെത്തി. സാധാരണ ചൂടിൽ കുടിക്കുന്നവർക്ക് പോലും 70 ശതമാനം അധിക റിസ്കുള്ള ഒന്നാണ് ഇത്.

ദിവസം ആറു തവണയിൽ കൂടുതൽ ചൂടുപാനീയങ്ങൾ കുടിക്കുന്നവരിലും 71 ശതമാനം അധിക സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

കാരണം അന്നനാളത്തിന്റെ ഉൾവശം അതീവ ലോലമാണ്. തിളക്കുന്ന ചൂടിൽ ദ്രാവകം ഇറങ്ങുമ്പോൾ അവിടെ ചെറിയ പൊള്ളലുകൾ ഉണ്ടാകുന്നു. ഇത് ആവർത്തിക്കുമ്പോൾ കോശങ്ങൾക്ക് സ്ഥിരമായ ക്ഷതമേൽക്കുകയും അത് പിന്നീട് കാൻസറിലേക്ക് നയിക്കുകയും ചെയ്യുന്നു.

എന്നാൽ ഇതേ ചൂട് അന്നനാളത്തിലെ മറ്റൊരു കാൻസറായ അഡിനോകാർസിനോമക്ക് കാരണമാകുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഇതുവരെ ഈ വിഷയത്തിൽ നടന്ന ഏറ്റവും വലിയ പഠനമാണിതെന്നും ചൂടുപാനീയങ്ങളും കാൻസറും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവ് ലഭിച്ചിരിക്കുകയാണെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. കെറൻ പാപ്പിയർ പ്രതികരിച്ചു.

ലോകാരോഗ്യ സംഘടന നേരത്തെ തന്നെ 65 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള പാനീയങ്ങളെ അർബുദ സാധ്യതയുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2040 ആകുമ്പോഴേക്കും അന്നനാള കാൻസർ കേസുകൾ ആഗോളതലത്തിൽ 50 ശതമാനത്തിലധികം ഉയർന്ന് പ്രതിവർഷം പത്തു ലക്ഷത്തിനടുത്തെത്തുമെന്നാണ് കണക്ക്.

Tags:    
News Summary - Hot Tea Raises Cancer Risk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.