കോഴിക്കോട്: ജോലിസ്ഥലത്തായാലും വീടുകളിലായാലും മിക്കവരും മുന്നിൽ കാണുന്ന വലിയൊരു ചോദ്യമുണ്ട്. ലിഫ്റ്റ് ഉപയോഗിക്കണോ അതോ പടി കയറണോ? ഷോപ്പിങ് മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും എത്തുമ്പോൾ ഇതിനൊരു ഇടവേളയെന്നോണം പലരും എസ്കലേറ്ററുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ആരോഗ്യകരമായ ശീലങ്ങളിൽ ലിഫ്റ്റിനെക്കാൾ പടവുകൾക്കാണ് ശാസ്ത്രം മുൻഗണന നൽകുന്നത്.
അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജിക്കൽ ഡ്രഗ്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് പടി കയറുന്നത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് കണ്ടെത്തിയത്. പതിവായി പടികൾ ഉപയോഗിക്കുന്നവർക്ക് ഹൃദ്രോഗം മൂന്നുമുള്ള മരണസാധ്യത 39 ശതമാനം കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു. മറ്റ് കാരണങ്ങളാൽ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത 24 ശതമാനം വരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. വ്യായാമരഹിതമായ ജീവിതശൈലി നയിക്കുന്നവർക്ക് പടികയറ്റം ഫലപ്രദമായൊരു ശാരീരിക വ്യായാമമായി മാറ്റാം. ജിം വർക്കൗട്ടുകൾ, നടത്തം, ജോഗിങ്, യോഗ തുടങ്ങിയ പരമ്പരാഗത രീതികൾക്ക് മികച്ചൊരു ബദൽ കൂടിയാണിത്.
ഹൃദ്രോഗങ്ങൾ വർധിക്കുന്നു
ഇന്ത്യയിൽ ഹൃദ്രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ഏഴ് വർഷത്തിനിടെ മൂന്നിരട്ടിയായി വർധിച്ചെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ (എൻ.എസ്.ഒ) കണക്കുകൾ വ്യക്തമാക്കുന്നത്. അണുബാധ മൂന്നുമുള്ള മരണങ്ങൾ കുറയുമ്പോൾ തന്നെ, ഹൃദ്രോഗങ്ങൾ മൂന്നുള്ള മരണങ്ങൾ ആശങ്കജനകമായി ഉയരുന്ന കാഴ്ചയാണ് കാണാനാകുന്നത്. 2018ൽ ഒരു ലക്ഷം പേരിൽ 1,333 പേർക്ക് ഹൃദ്രോഗബാധയുണ്ടായിരുന്നെങ്കിൽ, 2025 ആയപ്പോഴേക്കും ഇത് 3,891 ആയി ഉയർന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, നെഞ്ചുവേദന, ശ്വാസതടസ്സം, പക്ഷാഘാതം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
ശാരീരിക വ്യായാമമില്ലായ്മ ആശങ്കാജനകം
ആഗോളതലത്തിൽ ഏകദേശം 31 ശതമാനം മുതിർന്നവരും ആവശ്യത്തിന് ശാരീരിക വ്യായാമം ചെയ്യാത്തവരാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കുന്നു. ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് മരണസാധ്യത 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെയും നോർഫോക്ക് ആൻഡ് നോർവിച്ച് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെയും ഗവേഷകർ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഫലപ്രദമായ വ്യായാമ മാർഗ്ഗങ്ങളെക്കുറിച്ച് പഠനം നടത്തിയത്.
പടികയറ്റം മറക്കപ്പെട്ട വ്യായാമം
മറ്റ് വ്യായാമങ്ങളൊന്നും ചെയ്യാത്തവർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് പടികയറ്റമെന്ന് ഗവേഷകർ കണ്ടെത്തി. ദിവസേന രണ്ടോ മൂന്നോ മിനിറ്റ് ഉയർന്ന ഊർജ്ജത്തോടെ പടികൾ കയറുന്നത് മൊത്തത്തിലുള്ള ഹൃദ്രോഗ സാധ്യതയെ പ്രതിരോധിക്കാൻ സഹായിക്കും.
വിവിധ രാജ്യങ്ങളിലായി 35 നും 84 നും ഇടയിൽ പ്രായമുള്ള 4,80,479 പേരെ ഉൾപ്പെടുത്തി നടത്തിയ ഒമ്പത് പഠനങ്ങളുടെ മെറ്റാ അനാലിസിസിലാണ് ഈ നിർണായക കണ്ടെത്തൽ. ദിവസേന ആറ് ഫ്ലൈറ്റ് പടികൾ (60 മുതൽ 70 പടികൾ വരെ) കയറുന്നത് പോലും ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം തെളിയിക്കുന്നു.
ചെറിയൊരു അപവാദവും
പടികയറ്റവും മികച്ച ഹൃദയാരോഗ്യവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെങ്കിലും, പടികൾ ഉപയോഗിക്കുന്നവർ പൊതുവെ ആരോഗ്യകരമായ മറ്റ് ഭക്ഷണശീലങ്ങളും പുലർത്തുന്നവരായിരിക്കാമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സോഫി പാഡോക്ക് വ്യക്തമാക്കുന്നു. എങ്കിലും പടികയറ്റം മാത്രംകൊണ്ട് നല്ല ആരോഗ്യഫലങ്ങൾ ലഭിക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
എന്നിരുന്നാലും, സന്ധിവാതം, മറ്റ് ജോയന്റ് പെയ്ൻ തുടങ്ങിയ അസ്ഥി-പേശി സംബന്ധമായ പ്രശ്നങ്ങളുള്ളവർ പടികയറുന്നത് കൂടുതൽ ആയാസമുണ്ടാക്കുമെന്നതിനാൽ അത്തരം വ്യക്തികൾ ഡോക്ടർമാരുടെ നിർദ്ദേശം തേടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.