അമീബിക് മെനിഞ്ചൈറ്റിസ്: മുഖത്ത് പരിക്കേറ്റവരും ശരീരത്തിൽ മുറിവുകൾ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് ഐ.സി.എം.ആർ
കോഴിക്കോട്: കേരളത്തിൽ അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (എ.എം.ഇ) വർധിക്കുന്ന സാഹചര്യത്തിൽ മുഖത്ത് പരിക്കേറ്റവരും ശരീരത്തിൽ മുറിവുകൾ ഉള്ളവരും വെള്ളത്തിൽ ഇറങ്ങുമ്പോഴും കിണർ, ടാങ്ക് തുടങ്ങിയവയിൽ നിന്ന് വെള്ളമെടുത്ത് കുളിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് ഐ.സി.എം.ആർ. 2025ൽ കേരളത്തിൽ അമീബിക് മെനിഞ്ചൈറ്റിസ് ബാധ വർധിച്ചതിനെത്തുടർന്ന് നടത്തിയ പഠന റിപ്പോർട്ടിലാണ് നിർദേശം. വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോഴും മൂക്കിൽ വെള്ളം ചീറ്റിക്കയറ്റുമ്പോഴും മാത്രം അമീബിക് മെനിഞ്ചൈറ്റിസ് പേടിച്ചാൽ മതിയെന്ന ധാരണകളെ തിരുത്തുന്നതാണ് പുറത്തുവന്ന പഠന റിപ്പോർട്ട്.
തുറന്ന മുറിവുകൾ, വിട്ടുമാറാത്ത വ്രണങ്ങൾ, മുഖത്തെ അസ്ഥികൾക്ക് പരിക്കേറ്റവർ, മൂക്കിലെ ശസ്ത്രക്രിയ കഴിഞ്ഞവർ തുടങ്ങിയവർ പ്രകൃതിദത്ത ജലാശയങ്ങളുമായുള്ള സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് പ്രത്യേകമായി നിർദ്ദേശം നൽകണമെന്ന് ഐ.സി.എം.ആർ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ക്ലോറിനേറ്റ് ചെയ്യാത്ത കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നതിലൂടെയും അണുബാധയുണ്ടാകാം. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിന്റെ ഉപയോഗം രോഗസാധ്യത മൂന്നിരട്ടി വർധിപ്പിക്കുമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയുടെ റിപ്പോർട്ടിൽ പറയുന്നു.
2025ൽ കേരളത്തിൽ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും അക്കാന്തമീബ (Acanthamoeba) സ്പീഷിസ് അമീബ മൂലമുള്ളവയാണെന്ന് ആർ.ടി.പി.സി.ആർ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വർഷകാലത്തും അതിനുശേഷമുള്ള മാസങ്ങളിലുമാണ് ഇവ ഏറ്റവും കൂടുതൽ കണ്ടത്. പരിശോധനയിൽ രോഗവുമായി ബന്ധപ്പെട്ട് പല കാരണങ്ങളും കണ്ടെത്തിയെന്നും പ്രകൃതിദത്ത ജലാശയങ്ങളിൽ വ്രണങ്ങളോ ചർമ്മത്തിലെ മുറിവുകളോ കഴുകുക, മുഖത്തെ അസ്ഥികൾക്ക് പരിക്കേറ്റവരുടെയോ മൂക്കിലെ ശസ്ത്രക്രിയ കഴിഞ്ഞവരുടെയോ പ്രകൃതിദത്ത ജലാശയങ്ങളുമായുള്ള സമ്പർക്കം, വീട്ടുജോലികൾക്കായി ക്ലോറിൻ ചെയ്യാത്ത കിണർ വെള്ളം ഉപയോഗിക്കുന്നത്, നീന്തുന്നതിനോ കുളിക്കുന്നതിനോ പ്രകൃതിദത്ത ജലാശയങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയവ അതിൽ ഉൾപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അക്കാന്തമീബ വിഭാഗത്തിൽപ്പെട്ട അമീബകൾക്ക് ചർമ്മത്തിലെ മുറിവുകളിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കാനും തുടർന്ന് കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് വ്യാപിപ്പിക്കാനുമുള്ള കഴിവ് ഉണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് ലഭിച്ച സാമ്പിൾ പരിശോധനാ ഫലങ്ങളും ഇതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണ്. അക്കാന്തമീബ സ്പീഷിസ് അമീബകൾ പരിസ്ഥിതിയിൽ വ്യാപകമായി കാണപ്പെടുന്നവയാണ്. മണ്ണ്, ശുദ്ധജലം, കിണറുകൾ, നീന്തൽക്കുളങ്ങൾ, ഗാർഹിക ജല സംവിധാനങ്ങൾ, പൈപ്പ് വെള്ളം എന്നിവയിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
കേസുകൾ റിപ്പോർട്ട് ചെയ്ത 51 ഗ്രാമങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഈ പ്രദേശങ്ങളിലെ 43 ഇടങ്ങളിലും (84.3 ശതമാനം) കിണറുകൾ, കുളങ്ങൾ, കുടിവെള്ള സ്രോതസ്സുകൾ, ജലസംഭരണികൾ എന്നിവ ഉൾപ്പെടെ ഒന്നിലധികം ജലസ്രോതസ്സുകളിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തി. നെഗ്ലേറിയ ഫൗലേറി അമീബ മലിനമായ വെള്ളത്തിൽ നീന്തുമ്പോഴും കുളിക്കുമ്പോഴും മൂക്കിലൂടെ തലച്ചോറിലെത്തുന്നു.
2025-ൽ വർഷകാലത്തും അതിനുശേഷമുള്ള മാസങ്ങളിലും കേസുകൾ വർദ്ധിച്ചു. മരണനിരക്ക് 25.8% ആണ്. 2025 ജനുവരി ഒന്ന് മുതൽ നവംബർ വരെയാണ് ഈ കേസുകൾ റിപ്പോർട്ട് ചെയ്തത്. 2016 മുതൽ 2024 വരെ 46 കേസുകളായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിൽ 15 പേർ മരിച്ചു. മരണനിരക്ക് 33 ശതമാനം. എന്നാൽ 2025-ൽ 159 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 41 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.