നിങ്ങളുടെ തലവേദന മൈഗ്രെയ്നാണോ?, എങ്ങനെ തിരിച്ചറിയാം?
കടുത്ത തലവേദന വന്നാൽ നമ്മൾ പലരും പറയും മൈഗ്രെയ്നാണെന്ന്. എന്നാൽ എല്ലാ തലവേദനയും മൈഗ്രെയ്ൻ ആയിരിക്കില്ലെന്ന് ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ പറയുന്നു. പൊട്ടിപ്പോകുന്നതുപോലെ, വെളിച്ചവും ശബ്ദവും സഹിക്കാനാവാത്ത അവസ്ഥ മൈഗ്രെയ്‌ന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.മൈഗ്രെയ്ൻ (ചെന്നിക്കുത്ത്) തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു സങ്കീർണ്ണമായ ന്യൂറോളജിക്കൽ അവസ്ഥയാണെന്നും ഡോ. അരുൺ ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
മൈഗ്രെയ്ൻ എങ്ങനെ തിരിച്ചറിയാം?
മൈഗ്രെയ്ൻ വെറും തലവേദനയല്ല. തല പൊട്ടിപ്പോകുന്നതുപോലെ വേദനയ്‌ക്കൊപ്പം വെളിച്ചത്തോടും ശബ്ദത്തോടുമുള്ള അമിത സെൻസിറ്റിവിറ്റി, ഓക്കാനം, ഛർദ്ദി, ചിലരിൽ കാഴ്ചയിലോ സംസാരത്തിലോ ഉണ്ടാകുന്ന താൽക്കാലിക മാറ്റങ്ങൾ തുടങ്ങിയവയും ഉണ്ടാകാം.
സാധാരണയായി തലയുടെ ഒരു വശത്ത് കൂടുതലായി അനുഭവപ്പെടാം. പക്ഷേ എല്ലാ സമയത്തും അങ്ങനെയല്ലിരിക്കാം. തുടിക്കുന്നതുപോലെയോ മിടിക്കുന്നതുപോലെയോ തോന്നാം (Throbbing or pulsatile headache). സാധാരണ ശാരീരിക പ്രവർത്തനങ്ങളിൽ വേദന കൂടാം. 4 മുതൽ 72 മണിക്കൂർ വരെ നീണ്ടുനിൽക്കാം. ഓക്കാനം, ഛർദ്ദി, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള അസഹിഷ്ണുത എന്നിവ ഉണ്ടാകാം. ചിലർക്ക് ശക്തമായ മണങ്ങളോടും അസഹിഷ്ണുത അനുഭവപ്പെടാം. ഛർദ്ദിച്ചതിനുശേഷം ചിലർക്ക് താൽക്കാലികമായി ആശ്വാസം ലഭിക്കാം. ദേഷ്യം, പെട്ടെന്ന് പ്രകോപിതനാകുക തുടങ്ങിയ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാകാം. ചിലരിൽ “ഓറ” (Aura) ഉണ്ടാകാം.തലവേദനയ്ക്ക് തൊട്ടുമുമ്പോ അതിനോടൊപ്പമോ ഉണ്ടാകുന്ന താൽക്കാലിക നാഡീസംബന്ധമായ ലക്ഷണങ്ങളാണ് 'ഓറ'. കണ്ണിന് മുന്നിൽ മിന്നുന്ന വെളിച്ചം, സിഗ്-സാഗ് വരകൾ, താൽക്കാലിക കാഴ്ചമാറ്റങ്ങൾ, മുഖത്തോ കൈയിലോ മരവിപ്പോ തരിപ്പോ, സംസാരിക്കാൻ ബുദ്ധിമുട്ട്, ചിലപ്പോൾ ചെവിയിൽ മുഴക്കം എന്നിവ അനുഭവപ്പെടാം.സാധാരണയായി ഇവ ക്രമേണ വികസിക്കുകയും പിന്നീട് പൂർണ്ണമായി മാറുകയും ചെയ്യും.ആക്രമണത്തിന് ശേഷം ചിലരിൽ ക്ഷീണം, ശ്രദ്ധക്കുറവ്, മാനസിക മന്ദത, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങൾ മണിക്കൂറുകളോളം തുടരാം. പലരും ഇതിനെ മൈഗ്രെയ്ൻ ഹാംഗ്ഓവർ (migraine hangover) എന്നും വിശേഷിപ്പിക്കുന്നു.
കാരണം എന്ത്?
മൈഗ്രെയ്ൻ പലപ്പോഴും ഒരൊറ്റ കാരണത്താൽ ഉണ്ടാകുന്നതല്ല. പല ഘടകങ്ങൾ ഒരുമിച്ച് ചേരുമ്പോഴാണ് ചിലരിൽ ഒരു ആക്രമണം (attack) ഉണ്ടാകുന്നത്.
ഉറക്കക്കുറവ്, ഭക്ഷണം ഒഴിവാക്കൽ, നിർജലീകരണം, മാനസിക സമ്മർദ്ദം, ഹോർമോൺ മാറ്റങ്ങൾ (പ്രത്യേകിച്ച് ആർത്തവസമയത്ത്), ശക്തമായ വെളിച്ചം/മണം, സൂര്യപ്രകാശം ഏൽക്കൽ, ദീർഘനേരമുള്ള യാത്ര തുടങ്ങിയവയെല്ലാം മൈഗ്രെയ്ൻ ഉണർത്താം.
ശ്രദ്ധിക്കുക
എല്ലാവരിലും മൈഗ്രെയ്നിന് കാരണങ്ങൾ ഒരുപോലെയല്ല. മൈഗ്രെയ്ൻ ഉണ്ടാക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കുക എന്നത് മൈഗ്രെയ്ൻ നിയന്ത്രിക്കുന്നതിലെ പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ്.
എങ്ങനെ നിയന്ത്രിക്കാം?
മൈഗ്രെയ്ൻ വന്നാൽ വേദന മാത്രം കുറയ്ക്കുക എന്നതല്ല ലക്ഷ്യം. ആക്രമണങ്ങളുടെ ആവൃത്തിയും തീവ്രതയും കുറയ്ക്കുക എന്നതാണ്. ഉറക്കം: കൃത്യമായി ഉറങ്ങുക. എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഉറക്കക്കുറവും വലിയ സമയമാറ്റങ്ങളും ചിലരിൽ മൈഗ്രെയ്ൻ ഉണർത്താം.
ഭക്ഷണം: ഒഴിവാക്കരുത്. ദീർഘനേരം വിശന്നിരിക്കരുത്. ക്രമമായ സമീകൃത ഭക്ഷണം ശീലമാക്കുക.
വെള്ളം: നിർജലീകരണം ഒഴിവാക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക. ചൂടിലും വ്യായാമത്തിനിടയിലും പ്രത്യേകം ശ്രദ്ധിക്കുക.
വ്യായാമം: പതുക്കെ, സ്ഥിരമായി നടത്തം, നീന്തൽ, സൈക്ലിംഗ്, യോഗ തുടങ്ങിയ മിതമായ വ്യായാമങ്ങൾ സഹായിച്ചേക്കാം. പെട്ടെന്ന് കഠിനമായ വ്യായാമം ചിലരിൽ മൈഗ്രെയ്നിന് കാരണമാകാം.
സമ്മർദ്ദം കുറയ്ക്കുക: ധ്യാനം, ശ്വാസാഭ്യാസം, യോഗ, വിശ്രമം—മനസ്സിന് ഇടയ്ക്കിടെ ഒരു ഇടവേള നൽകുക.
കഫീൻ: കഫീന്റെ അളവ് ശ്രദ്ധിക്കുക. അമിതമായ കഫീനും പെട്ടെന്ന് കഫീൻ നിർത്തുന്നതും ചിലരിൽ മൈഗ്രെയ്ൻ ഉണർത്താം. ഉപയോഗം സ്ഥിരതയോടെ നിയന്ത്രിക്കുക.
വെളിച്ചവും സ്ക്രീനും: തിളക്കമുള്ള വെളിച്ചവും ദീർഘനേരത്തെ സ്ക്രീൻ ഉപയോഗവും ചിലരിൽ പ്രശ്നമാകാം. കാഴ്ചയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കണം.
കാരണങ്ങൾ കണ്ടെത്താം
Headache Diary സൂക്ഷിച്ച് നിങ്ങളിൽ യഥാർത്ഥത്തിൽ ആക്രമണം ഉണർത്തുന്ന ഘടകങ്ങൾ കണ്ടെത്തി അവയിൽ നിന്ന് വിട്ടുനിൽക്കണം.
എന്തുചെയ്യാം?
വേദന സഹിച്ചുപിടച്ചുനിൽക്കാതെ തലച്ചോറിന് ശാന്തമാകാനുള്ള സാഹചര്യം ഒരുക്കണം. മൈഗ്രെയ്ൻ ആക്രമണം തുടങ്ങിയാൽ വെളിച്ചവും ശബ്ദവും കുറച്ച്, ശാന്തവും ഇരുണ്ടതുമായ മുറിയിൽ വിശ്രമിക്കുക. തണുത്ത കംപ്രസ് പരീക്ഷിക്കാം. നെറ്റിയിലോ കഴുത്തിലോ തണുത്ത തുണി വെക്കുന്നത് ചിലർക്ക് ആശ്വാസം നൽകും. നിർജലീകരണം ഒഴിവാക്കാൻ വെള്ളം പതുക്കെ കുടിക്കുക. ആഴത്തിൽ, പതുക്കെ ശ്വസിക്കുക. ശ്വാസാഭ്യാസം ശരീരത്തെയും മനസ്നെയും ശാന്തമാക്കാൻ സഹായിച്ചേക്കാം. ചിലരിൽ ചെറിയ അളവിലുള്ള കഫീൻ ആശ്വാസം നൽകും. എന്നാൽ അമിതമായ ഉപയോഗവും പെട്ടെന്ന് നിർത്തുന്നതും മൈഗ്രെയ്ൻ ഉണർത്താം. ഡോക്ടർ നിർദേശിച്ച മരുന്ന് വൈകിക്കരുത്. ആക്രമണം ശക്തമാകുന്നതിന് മുമ്പ് നിർദേശിച്ച രീതിയിൽ കഴിക്കുന്നത് കൂടുതൽ ഫലപ്രദമായേക്കാം.
കരുതിയിരിക്കുക
വേദനസംഹാരികളോ മൈഗ്രെയ്ൻ മരുന്നുകളോ അമിതമായി ഉപയോഗിക്കുന്നത് Medication-overuse headache ഉണ്ടാക്കാം. അതിനാൽ ആവർത്തിക്കുന്ന തലവേദനയ്ക്ക് സ്വയം മരുന്ന് കഴിച്ച് തുടരരുത്.
അടിയന്തര വൈദ്യസഹായം തേടേണ്ടത് എപ്പോൾ?
ജീവിതത്തിലെ ഏറ്റവും ശക്തമായ, പെട്ടെന്ന് തുടങ്ങിയ തലവേദന, തലവേദനയ്‌ക്കൊപ്പം ബോധക്ഷയം, അപസ്മാരം, ശരീരത്തിന്റെ ഒരു ഭാഗത്ത് ബലക്കുറവ്/മരവിപ്പ്, സംസാരക്കുറവ്, കാഴ്ച നഷ്ടപ്പെടൽ, ഉയർന്ന പനി/കഴുത്ത് മുറുക്ക്, തുടർച്ചയായ ഛർദ്ദി, തലക്കേറ്റ പരിക്ക് എന്നിവ ഉണ്ടെങ്കിൽ അടിയന്തര വൈദ്യസഹായം തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.