എക്സ്പോയിലെ ദുബൈ പൊലീസിന്‍റെ കാർ
യു.എ.ഇ: ഒഴുകി നടക്കുന്ന സ്മാർട്ട് പൊലീസ് സ്റ്റേഷനെ കുറിച്ച് അറിയണമെങ്കിൽ എക്സ്പോയിൽ എത്തിയാൽ മതി. യു.എ.ഇ ഇന്നൊവേഷൻ മാസാചരണത്തിന്‍റെ ഭാഗമായി ദുബൈ പൊലീസാണ് ഫസ പവലിയനിൽ ഒഴുകുന്ന പൊലീസ് സ്റ്റേഷന്റെ മാതൃക അവതരിപ്പിച്ചത്. ഇതുൾപെടെ നിരവധി നൂതന ആശയങ്ങളുമായാണ് ദുബൈ പൊലീസ് ഇന്നൊവേഷൻ മാസത്തിന്‍റെ ഭാഗമാകുന്നത്.
വേൾഡ് ഐലൻഡ് പോലുള്ള ദ്വീപുകളിൽ താമസിക്കുന്നവർക്കായാണ് േഫ്ലാട്ടിങ് പൊലീസ് സ്റ്റേഷൻ തയാറാക്കിയിരിക്കുന്നത്. മൂന്ന് നിലകളാണ് ഈ സ്റ്റേഷനുള്ളത്. വെള്ളത്തിനടിയിലായിരിക്കും ഒരു നില.
ഇവിടെ പൊലീസുകാരോ സഹായികളോ ഉണ്ടാകില്ല. പകരം സ്വയം പരാതികൾ നൽകാൻ സൗകര്യമുള്ള ഇ-പൊലീസ് സേവനമാണ് ഇവിടെ ലഭിക്കുക. വാട്ടർ സ്പോർട്സ് പ്രേമികൾ, ബോട്ട് യാത്രികർ തുടങ്ങിയവർക്കും ഉപകാരപ്പെടും. ഐലൻഡിൽ താമസിക്കുന്നവർക്ക് ബോട്ടുകളിൽ ഈ സ്റ്റേഷനിൽ എത്തി പരാത സമർപ്പിക്കാം. ഫൈനുകൾ അടക്കാനും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും സൗകര്യമുണ്ട്. 27 സേവനങ്ങളാണ് നൽകുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് ഹെഡ്ക്വാർട്ടേഴ്സുമായി ബന്ധിപ്പിച്ചിരിക്കുകയാണ് സ്മാർട്ട് സ്റ്റേഷൻ.
വെള്ളത്തിനടിയിലുള്ള ഭാഗത്താണ് ഇതിന്‍റെ സാങ്കേതിക പ്രവർത്തനം. വെള്ളത്തിന് മുകളിലുള്ള ആദ്യ നിലയിലാണ് പരാതി സമർപ്പിക്കാനുള്ള സൗകര്യം. മുകളിലെ നിലയിൽ ചുറ്റും നിരീക്ഷിക്കനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ദുബൈ പൊലീസിന് നഗരത്തിൽ 15 സെൽഫ് സർവീസ് സ്റ്റേഷനുകളുണ്ട്. ഇതിൽ നാലെണ്ണം എക്പോയിലാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സ്റ്റേഷനുകളിൽ 45 സ്മാർട്ട് സർവീസുകൾ ലഭിക്കും. അറബി, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ് എന്നീ ഭാഷകളിലാണ് സേവനം.
പൊതുജനങ്ങൾക്ക് പൊലീസുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ പങ്കുവെക്കാൻ ഇവിടെ അവസരമുണ്ട്. മികച്ച ആശയങ്ങൾ തെരഞ്ഞെടുത്ത് സമ്മാനം നൽകും.
ട്രാഫിക് പിഴകൾ തവണകളായി അടക്കാനുള്ള സൗകര്യവും ദുബൈ പൊലീസ് അവതരിപ്പിക്കുന്നു. 5000 ദിർഹമിന് മുകളിലുള്ള പിഴകൾ പലിശയില്ലാതെ തവണകളായി അടക്കാനുള്ള സൗകര്യം ലഭിക്കും.
3, 6, 9 മാസങ്ങളുടെ തവണകളായാണ് അടക്കാവുന്നത്. വിവിധ കോളജുകളിലെയും യൂനിവേഴ്സിറ്റികളിലെയും വിദ്യാർഥികൾ ഇവിടെ സന്ദർശനത്തിന് എത്തുന്നുണ്ട്. ഈ മാസം 28 വരെ പ്രദർശനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.