ദുബൈ: രാജ്യത്ത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില വ്യാഴാഴ്ച റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തി. അതിരാവിലെ 5.45 നാണ് 0.2 ഡിഗ്രി താപനില ഇവിടെ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരത്തെ ജനുവരി അവസാനത്തോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുമെന്നും അതിശൈത്യത്തിലേക്ക് രാജ്യം കടക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
ജബൽ ജെയ്സിന് പുറമെ, രാജ്യത്തെ ഉയർന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും 5 ഡിഗ്രിയിലും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. മിബ്റഹ് മലനിരയിൽ 3.1 ഡിഗ്രിയും ജബൽ റഹ്ബയിൽ 3.2 ഡിഗ്രിയും റക്നയിൽ 4 ഡിഗ്രിയും ജബൽ ഹഫീത്തിൽ 6.7 ഡിഗ്രിയുമാണ് വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയത്. യു.എ.ഇയിൽ ഇത്രയും തണുപ്പ് അനുഭവപ്പെടുന്നത് ഇതാദ്യമല്ല. 2021ൽ, ചില പ്രദേശങ്ങളിൽ രണ്ട് ദിവസം പൂജ്യത്തിന് താഴെ താപനിലയാണ് രാജ്യത്ത് അനുഭവപ്പെട്ടത്. രക്‌നയിൽ മൈനസ് 1.7 ഡിഗ്രി എന്ന ഏറ്റവും കുറഞ്ഞ താപനിലയും രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനിലമൈനസ് 5.7 ഡിഗ്രിയാണ്.
2017 ഫെബ്രുവരി 3ന് രാജ്യത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജബൽ ജെയ്സയ്മലനിരയിലാണ് ഇത് രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനില അതേ വർഷം ഫെബ്രുവരി 4 ന് ജബൽ ജെയ്സിൽ രേഖപ്പെടുത്തിയ മൈനസ് 3 ഡിഗ്രി സെൽഷ്യസാണ്. 2009 ജനുവരി 24ന് 5,700 അടി ഉയരത്തിലുള്ള ജെയ്സ് പർവതനിരയുടെ മുകൾഭാഗം അഞ്ച് കിലോമീറ്ററിലധികം മഞ്ഞുമൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.