ഷാർജ: ഷാർജ മുനിസിപ്പാലിറ്റിയുടെ സേവനങ്ങൾക്കായുള്ള ഫീസ് അടക്കുമ്പോഴും ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോഴും വ്യാജ ക്യൂ.ആർ കോഡുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തട്ടിപ്പ് തടയുന്നതിനായി ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കുകയോ അജ്ഞാത ലിങ്കുകളിൽ പ്രവേശിക്കാതിരിക്കുകയോ ചെയ്യണം.
അശ്രദ്ധമായി അജ്ഞാത ലിങ്കുകൾ സ്കാൻ ചെയ്യുകയോ തുറക്കുകയോ ചെയ്താൽ സ്വകാര്യ വിവരങ്ങളും സാമ്പത്തികവുമായി ബന്ധപ്പെട്ട വിവരങ്ങളും ചോർത്താനും അതുപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് നടത്താനും സാധ്യതയുണ്ട്. ഇത് തടയാൻ പണമടക്കുന്നതിന് മുമ്പ് ക്യു.ആർ കോഡുകളുടെ ആധികാരികത ഉറപ്പുവരുത്തണം. കൂടാതെ സ്ഥിരീകരിക്കാത്ത ലിങ്കുകൾ, ക്യു.ആർ കോഡുകൾ എന്നിവയിലൂടെ വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും നൽകരുത്.
സർക്കാർ സേവനങ്ങൾക്കായി മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികവും അംഗീകൃതവുമായ മാർഗങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ വ്യക്തമാക്കി.സമാനമായ ജാഗ്രതാനിർദേശം ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യും പാർക്കിൻ കമ്പനിയും കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയിരുന്നു.
വ്യാജ ക്യു.ആർ കോഡുകൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായ സാഹചര്യത്തിലായിരുന്നു ഇരു സ്ഥാപനങ്ങളുടെയും മുന്നറിയിപ്പ്. തട്ടിപ്പ് നടത്തുന്ന എല്ലാ ക്യൂ.ആർ കോഡുകളും പാർക്കിങ് സൈൻ ബോഡുകളിൽ നിന്ന് നീക്കിയതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.