റാസല്‍ഖൈമ: എമിറേറ്റില്‍ പോയവര്‍ഷം പതിമൂന്നര ലക്ഷം സന്ദര്‍ശകരെത്തിയതായി റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി (റാക് ടി.ഡി.എ). 2024നെ അപേക്ഷിച്ച് ആറു ശതമാനം വര്‍ധനയാണിത്. ടൂറിസം വരുമാനത്തില്‍ 12 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയ 2025 കൂടുതല്‍ സന്ദര്‍ശകര്‍ക്കൊപ്പം മികച്ച അനുഭവങ്ങളും വിപുലമായ വിനോദ സാധ്യതകളും ദീര്‍ഘകാലത്തേക്കുള്ള നേട്ടവും സൃഷ്ടിച്ച വര്‍ഷമാണെന്ന് റാക് ടി.ഡി.എ സി.ഇ.ഒ ഫിലിപ്പ് ഹാരിസണ്‍ അഭിപ്രായപ്പെട്ടു.
യു.കെ, ഇന്ത്യ, ചൈന, റഷ്യ, ബെലാറസ്, കസാകിസ്താന്‍, ഉസ്ബെക്കിസ്താന്, അര്‍മേനിയ, അസര്ബൈജാന്, കിര്ഗിസ്താന്, താജിക്കിസ്താന്‍, മൊള്‍ഡോവ, യുക്രെയ്ന്, ജോര്‍ജിയ, തുര്‍ക്കിമെനിസ്താന്‍ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു. വിവാഹ ടൂറിസം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയിലൂടെ വരുമാനത്തില്‍ 25 ശതമാനം വര്‍ധന രേഖപ്പെടുത്തി.
2030ഓടെ 35 ലക്ഷം സന്ദര്‍ശകരെ സ്വീകരിക്കാനാണ് റാസല്‍ഖൈമ ലക്ഷ്യമിടുന്നത്. ഇത് മുന്നില്‍ കണ്ട് ഹോട്ടല്‍ മേഖലയില്‍ വിപുല നിര്‍മാണ പ്രവൃത്തികള്‍ സജീവമാണ്. 2030ഓടെ ഹോട്ടല്‍ മുറികളുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. പുതുതായി പ്രവര്‍ത്തനമാരംഭിച്ച ഹോട്ടലുകള്‍ക്ക് പുറമെ ഫോര്‍ സീസണ്‍സ്, ഫെയര്‍മൗണ്ട്, താജ്, ജനു, എന്‍.എച്ച് കലക്ഷന്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചു. യു.എ.ഇയിലെ ആദ്യ സംയോജിത റിസോര്‍ട്ടായ വെയ്ന്‍ അല്‍ മര്‍ജാന്റെ നിര്‍മാണത്തിലെ പ്രധാനഘട്ടം പൂര്‍ത്തിയാക്കി.
അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്ന ഹോട്ടല്‍ പദ്ധതികളിലൂടെ നൂറുകണക്കിന് തൊഴിലവസരങ്ങളും റാസല്‍ഖൈമയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി അറേബ്യ, പോളണ്ട, റുമാനിയ, റഷ്യ, ബെലാറസ്, ഉസ്ബെക്കിസ്താന്, ചെക്ക് റിപ്പബ്ളിക് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് കഴിഞ്ഞ വര്‍ഷം തുടങ്ങിയത് എമിറേറ്റിന് നേട്ടമായി.
റാക് വിമാനത്താവളത്തില്‍ ലീഡ് ഗോള്‍ഡ് നിലവാരമുള്ള വി.ഐ.പി ഏവിയേഷന്‍ ടെര്‍മിനല്‍ 2027ഓടെ തുടങ്ങുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗോള വിനോദ ഭൂപടത്തില്‍ റാസല്‍ഖൈമയുടെ സാന്നിധ്യം ശക്തമാക്കിയ വര്‍ഷമായിരുന്നു 2025 എന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.