ദുബൈ: വീടുകളുടെ മുൻഭാഗങ്ങളിലും പരിസരങ്ങളിലും പാർക്കിങ് സ്ഥലങ്ങളിൽ തണലൊരുക്കുന്നതിന് മുൻകൂർ അനുമതി വാങ്ങുന്നതിന് ഏകീകൃത ഡിജിറ്റൽ സേവനവുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ആർ.ടി.എയുടെ വെബ്സൈറ്റ് വഴി പുതിയ സേവനം ലഭ്യമാവും. പാർക്കിങ് ഇടങ്ങളിൽ തണലൊരുക്കുന്ന കരാർ കമ്പനികൾ വഴിയായിരിക്കും തുടർ നടപടികൾക്രമങ്ങൾ. വെബ്സൈറ്റിലെ ഏകീകൃത ഡിജിറ്റൽ പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചാൽ ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള അംഗീകാരങ്ങൾ ലഭ്യമാകും.
ആർ.ടി.എയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും അനുമതി ലഭിക്കുക. ഫീൽഡ് സന്ദർശനം, കസ്റ്റമർ കൗൺസിലുകൾ എന്നിവ വഴി എമിറേറ്റിലെ താമസക്കാരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ വിലയിരുത്തിയാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ അത്യുഷ്ണ സമയങ്ങളിൽ വാഹനങ്ങളുടെ സംരക്ഷണത്തിന് പാർക്കിങ് ഷേഡുകളുടെ ആവശ്യകത വർധിച്ചതും വീടുകളിൽ വാഹനങ്ങളുടെ എണ്ണം കൂടുന്നതും പരിഗണിച്ചതായും ആർ.ടി.എ അധികൃതർ അറിയിച്ചു.
പാർക്കിങ് ഷേഡുകൾക്ക് അനുമതി ലഭിക്കണമെങ്കിൽ പരിസരങ്ങളിൽ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുകയോ കാൽനട യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുകയോ റോഡ് സുരക്ഷക്ക് ഭീഷണി ഉയർത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. കൂടാതെ ട്രാഫിക് സിഗ്നലുകൾക്ക് തടസ്സം സൃഷ്ടിക്കാനും പാടില്ല. നടപ്പാതകൾക്കും പാർക്കിങ് മേഖലകൾക്കും താഴെയുള്ള അടിസ്ഥാന സൗകര്യങ്ങളെ ഒരു തരത്തിലും ബാധിക്കരുതെന്നും, ആർ.ടി.എ അംഗീകരിച്ച ഡിസൈൻ, നിറം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.
അടിയന്തര സാഹചര്യങ്ങൾ, വികസന പ്രവർത്തനങ്ങൾ, അറ്റകുറ്റ പണികൾ എന്നിവ നടത്തേണ്ട സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അതോറിറ്റികളുടെ ശിപാർശക്ക് വിധേയമായി പിഴുതു മാറ്റാൻ കഴിയുന്ന രീതിയിൽ പാർക്കിങ് ഷേഡുകൾ താൽകാലികമായി മാത്രമേ നിർമിക്കാൻ അനുവദിക്കൂകയുള്ളൂവെന്ന് ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി റൈറ്റ് ഓഫ് വേ ഡയറക്ടർ ആരിഫ് ശാക്രി പറഞ്ഞു. ദുബൈയെ ലോകത്തെ ഏറ്റവും മനോഹരവും വികസിതവുമായ നഗരമാക്കി മാറ്റുന്നതിലുള്ള പങ്കാളികൾ എന്ന നിലയിൽ സ്വന്തം പങ്ക് നിർവഹിക്കാൻ ശ്രമിക്കണമെന്ന് പുതുതായി വീട് നിർമിക്കുന്നവരോടും ആഗ്രഹിക്കുന്നവരോടും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.