ദുബൈ: പ്രമുഖ മലയാള സാഹിത്യകാരൻ പാറപ്പുറത്ത് (പരേതനായ ആലപ്പുഴ മാവേലിക്കര കിഴക്കെ പൈനുംമൂട് ഈശോ മത്തായി)ന്‍റെ മകൻ വർഗീസ് മാത്യു (സുനിൽ പാറപ്പുറത്ത്- 68) ദുബൈയിൽ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദുബൈ റാശിദിയ്യ ആശുപത്രിയിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു മരണം.
കഴിഞ്ഞ 25 വർഷത്തോളമായി യു.എ.ഇയിലുള്ള വർഗീസ് മാത്യു ദുബൈയിൽ പ്രിന്‍റിങ് പ്രസ് നടത്തിവരികയാണ്. കഥകളും എഴുതുമായിരുന്നു. അമ്മിണിയാണ് മാതാവ്. ഭാര്യ: ചെങ്ങന്നൂർ ആറാട്ടുപുഴ കരിയത്ത് ആനി വർഗീസ് (മേഴ്‌സി ). മക്കൾ: ദീപു വർഗീസ്, ഡോൺ വർഗീസ്. മരുമക്കൾ: റോസിൻ, രേഷ്മ. എല്ലാവരും ദുബൈയിലാണ് താമസം. റാശിദിയ്യ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കുമെന്ന് മക്കൾ അറിയിച്ചു.
മലയാള സാഹിത്യത്തിൽ 1950 മുതൽ മൂന്ന് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന എഴുത്തുകാരനായിരുന്നു പാറപ്പുറത്ത്. 20 നോവലുകളും 14 ചെറുകഥാ സമാഹാരങ്ങളും 15 തിരക്കഥകളും എഴുതിയ അദ്ദേഹത്തിന് മികച്ച കഥക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.