അബൂദബി: കോവിഡ് പകർച്ചവ്യാധിയെ നേരിടാനുള്ള ആഗോള ശ്രമങ്ങൾക്കായി 'പ്രത്യാശയുടെ കൂട്ടുകെട്ട്' സഖ്യം അബൂദബിയിൽ സംഘടിപ്പിച്ച ദ്വിദിന ലോക ഉച്ചകോടി വിദേശകാര്യ അന്താരാഷ്ട്രകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യകരമായ ഭാവി എല്ലാവർക്കും ഉറപ്പാക്കുന്നതിന് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആഗോള സഹകരണത്തിനാണ് യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ ദ്വിദിന വെർച്വൽ ഉച്ചകോടി നടക്കുന്നത്. ആരോഗ്യ സംരക്ഷണ മേഖലയിലെ അന്താരാഷ്ട്ര കമ്പനികളും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ഉച്ചകോടി ചൊവ്വാഴ്ച സമാപിക്കും.
അന്താരാഷ്ട്ര സഹകരണത്തിലൂടെയും പരിശ്രമങ്ങളിലൂടെയും ആരോഗ്യ അഭിവൃദ്ധി കൈവരിക്കാനാവുമെന്ന് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാൻ ചൂണ്ടിക്കാട്ടി.ആഗോള ആരോഗ്യ സുരക്ഷ എല്ലാ സമൂഹങ്ങളുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ രാജ്യങ്ങൾ തമ്മിൽ പരസ്പര സഹകരണം വളരെ പ്രധാനമാണ്.
ആഗോള പകർച്ചവ്യാധിയെ നേരിടാനുള്ള യു.എ.ഇയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്ന ചരിത്രപരമായ പ്രഖ്യാപനമാണ് പ്രത്യാശയുടെ കൂട്ടുകെട്ട്.പല രാജ്യങ്ങൾക്കും ആവശ്യമായ വാക്സിനുകൾ നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു പ്രമുഖ ലോജിസ്റ്റിക് കേന്ദ്രമായി അബൂദബി പ്രവർത്തിക്കുന്നു.ലോകമെമ്പാടും വൈദ്യ-ഭക്ഷ്യസഹായങ്ങൾ നൽകാൻ യു.എ.ഇ കോവിഡ് വ്യാപന വേളയിൽ അതിവേഗം പ്രവർത്തിച്ചതായി ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
വാക്സിൻ വിതരണം ഉറപ്പാക്കുന്നതോടൊപ്പം കോടിക്കണക്കിന് വാക്സിനുകളുടെ വിതരണത്തിന് ആഗോള പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുന്നു.താങ്ങാനാവുന്ന ചെലവുകളിലൂടെ എല്ലാവർക്കും വാക്സിൻ എത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്.ഓരോ രാജ്യങ്ങളിലെയും ജനങ്ങൾക്ക് എത്രത്തോളം വേഗത്തിൽ പ്രതിരോധ കുത്തിവെപ്പ് നൽകുന്നുവോ അത്രയും വേഗത്തിൽ എല്ലാവരുടെയും സമഗ്രമായ സുരക്ഷ ഉറപ്പാക്കുകയും മഹാമാരിയിൽനിന്ന് വീണ്ടെടുക്കൽ കൈവരിക്കുകയും ചെയ്യും.
ആഗോള കുത്തിവെപ്പിലൂടെ കോവിഡ് -19 രോഗ പ്രതിസന്ധിക്ക് അവസാനം കാണാനുള്ള ശ്രമമാണ് യു.എ.ഇ ത്വരിതപ്പെടുത്തുന്നത്.ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ എല്ലാവർക്കും ആരോഗ്യകരമായ ഭാവി ഉറപ്പാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷുറഫ അൽ ഹമ്മാദി, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, ബിൽ ആൻഡ മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സി.ഇ.ഒ മാർക്ക് സുസ്മാൻ, അബൂദബി തുറമുഖ ഡിജിറ്റൽ സെക്ടർ മേധാവിയും മക്താ ഗേറ്റ് സി.ഇ.ഒയുമായ ഡോ. നൂറ അൽ ദാഹിരി തുടങ്ങി പ്രമുഖർ ഉദ്ഘാടനദിവസം വിവിധ സെഷനുകളിൽ സംസാരിച്ചു.പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തോടെ നടക്കുന്ന ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള ആയിരത്തിലധികം പേർ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.