ദുബൈ: സ്വിറ്റ്സർലൻഡിലെ ദാവൂസിൽ ഇന്നാരംഭിക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ യു.എ.ഇ പങ്കെടുക്കും.
പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി 100ലധികം വ്യവസായികളും പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് യു.എ.ഇ മന്ത്രിസഭ കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖർഗാവി പറഞ്ഞു. ദേശീയ കമ്പനികളിൽനിന്നും സ്വകാര്യ കമ്പനികളിൽ നിന്നുമായിരിക്കും പ്രതിനിധികളിൽ 80 ശതമാനവും.
ലോക സാമ്പത്തിക ഫോറത്തിൽ എപ്പോഴും സജീവ പങ്കാളിത്തം പുലർത്തുന്ന രാജ്യമാണ് യു.എ.ഇ. സുപ്രധാനമായ മേഖലകളിലും അന്താരാഷ്ട്ര സംഭാഷണങ്ങൾക്കും ആശയവിനിമയത്തിനും യു.എ.ഇ നൽകുന്ന പ്രാധാന്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഇംപോസിബ്ൾ ഈസ് പോസിബ്ൾ’ എന്ന പ്രമേയം ഉയർത്തിപ്പിടിച്ചാണ് സമ്മേളനത്തിൽ യു.എ.ഇയുടെ പവിലിയൻ. മാധ്യമ സമ്മേളനങ്ങൾ, ഉഭയകക്ഷി യോഗങ്ങൾ, വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾ എന്നിവക്ക് യു.എ.ഇ പവിലിയൻ നേതൃത്വം നൽകും. പ്രമുഖ സ്വകാര്യ കമ്പനികളും ചർച്ചകളിൽ പങ്കാളികളാകും. അതോടൊപ്പം നാഷനൽ കമ്പനികളിലെ സി.ഇ.ഒമാർ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും. 19 വരെ നടക്കുന്ന സമ്മേളനത്തിൽ സാമ്പത്തികം, നയതന്ത്രം, വിദ്യാഭ്യാസം, നിർമിത ബുദ്ധി പോലുള്ള സാങ്കേതിക വിദ്യകൾ, ആഗോള വ്യാപാരം, സാമ്പത്തിക വികസനം, ജിയോ പൊളിറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ സജീവമായ പാനൽ ചർച്ചകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.