അജ്മാന്‍: അജ്മാനിലെ ഗവൺമെന്‍റ് വകുപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി ഉത്തരവിറക്കി. പുതിയ അവധികൾ, കുറഞ്ഞ പ്രവൃത്തി സമയം, ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം 2026 സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
നിശ്ചിത വിഭാഗങ്ങളിൽപെട്ട ജീവനക്കാർക്ക് അവരുടെ ദൈനംദിന ജോലി സമയത്തിൽ വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദൃഢനിശ്ചയ വിഭാഗക്കാരായ ജീവനക്കാർക്ക് ദിവസേന രണ്ടു മണിക്കൂർ ഇളവ് ലഭിക്കും. ഗർഭിണികളായ ജീവനക്കാർക്ക് ഗർഭകാലത്തെ തളർച്ചയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അംഗീകൃത മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദിവസേന 2 മണിക്കൂർ ഇളവ് ലഭിക്കും. 18 വയസ്സിന് താഴെയുള്ള അഞ്ചോ അതിലധികമോ കുട്ടികളെ വളർത്തുന്ന ജീവനക്കാർക്ക് ദിവസേന ഒരുമണിക്കൂർ ഇളവ് ലഭിക്കും. ഈ നിയമത്തിലെ വ്യവസ്ഥകൾ ഗവൺമെന്‍റ് സ്ഥാപനങ്ങളിലെ എല്ലാ സിവിൽ ജീവനക്കാർക്കും ബാധകമായിരിക്കും. പ്രത്യേക വ്യവസ്ഥകൾ ഇല്ലാത്ത പക്ഷം സീനിയർ മാനേജ്‌മെന്റിലുള്ളവർക്കും ഈ നിയമം ബാധകമാണ്.
അജ്മാൻ ഗവൺമെന്‍റിന്‍റെ ഹ്യൂമൻ റിസോഴ്‌സുമായി ബന്ധപ്പെട്ട 2026-ലെ നാലാം നമ്പർ നിയമപ്രകാരം കുടുംബ സംരക്ഷണം, സ്വയം തൊഴിൽ അല്ലെങ്കിൽ സംരംഭകത്വം, ദൃഢനിശ്ചയ വിഭാഗക്കാർ, വിവാഹം എന്നിവയ്ക്കായി പുതിയ തരം അവധികൾ ജീവനക്കാർക്ക് ലഭിക്കും. സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും, യോഗ്യതയുടെയും സുസ്ഥിരതയുടെയും അടിസ്ഥാനത്തിൽ ജീവനക്കാർക്ക് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി പുതിയ കരിയർ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പുതിയ നിയമപ്രകാരം അസാധാരണ പ്രതിഭയുള്ളവർക്കും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്കും ഒരേസമയം മൂന്ന് ഗ്രേഡുകൾ വരെയുള്ള പ്രത്യേക പ്രമോഷൻ ലഭിക്കാം. കൂടാതെ, സ്വദേശികളായ ജീവനക്കാർക്കായി പുതിയ 'ഗുഡ് സർവീസ് അവാർഡും' നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
യു.എ.ഇ പ്രഖ്യാപിച്ച ‘കുടുംബ വർഷം’ എന്ന ലക്ഷ്യങ്ങളോട് സഹകരിച്ചാണ് ഈ നിയമനിർമാണം പുതിയ നിയമം. ഇത് നടപ്പാക്കുന്നതിന്‍റെയും ഫലപ്രാപ്തി വിലയിരുത്തുന്നതിന്‍റെയും പൂർണ ചുമതല അജ്മാൻ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്ട്‌മെന്‍റിനായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.