ശൈഖ് മുഹമ്മദ് ബിൻ സായിദ്
ആൽ നഹ്യാൻ
അബൂദബി: ദേശീയസ്വത്വത്തിലും മൂല്യങ്ങളിലും സത്യസന്ധത പുലർത്തിക്കൊണ്ട് ശാസ്ത്ര, സാങ്കേതിക പുരോഗതിയിൽ മുൻപന്തിയിൽ തുടരാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സംഭാവന ചെയ്യുന്നതിനായി പൗരന്മാരെ ശാക്തീകരിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ 54ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇയുടെ ദേശീയ സ്വത്വവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിന്റെയും അറബിഭാഷ സംരക്ഷിക്കുന്നതിന്റെയും പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ പ്രധാന സ്ഥാപനങ്ങൾ കൂടാതെ എല്ലാ പൗരന്മാരുടെയും സമൂഹത്തിന്റെയും പങ്കുവെക്കപ്പെട്ട ഉത്തരവാദിത്തം കൂടിയാണിത്.
യുവതലമുറയെ വിദ്യാഭ്യാസം കൊണ്ട് ശാക്തീകരിക്കുന്നതിനും സജ്ജമാക്കുന്നതിനും ധാർമികമായ വികസനത്തിനും മുഖ്യസ്ഥാനം നൽകണമെന്ന് അദ്ദേഹം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ആഗോളതലത്തിൽ ശാസ്ത്രീയവും സാങ്കേതികപരവുമായ പുരോഗതിക്കായി നമ്മുടെ യുവതലമുറയെ സജീവമാക്കുന്നതിനൊപ്പം അവരുടെ മൂല്യങ്ങളും ധാർമികതയും ദേശീയസ്വത്വവും ശക്തമായി നിലനിർത്തേണ്ടതുണ്ട്.
സ്വത്വമില്ലാത്ത ഒരു രാഷ്ട്രത്തിന് വർത്തമാനമോ ഭാവിയോ ഇല്ല. നമ്മുടെ വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നത് ശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും ഉറവിടമാണ്.
എല്ലാ സഹോദരീസഹോദരന്മാർക്കും നന്മയുടെയും സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും ഈദുൽ ഇത്തിഹാദ് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.