വന്യജീവി-പരിസ്ഥിതി സംരക്ഷണം; പട്രോളിങ് സംവിധാനം ശക്തമാക്കി അബൂദബി പൊലീസ്

അബൂദബി: എമിറേറ്റിലെ വന്യജീവികളെ സംരക്ഷിക്കുന്നതിനും പ്രകൃതിവിഭവങ്ങള്‍ നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ‘എന്‍വയണ്‍മെന്‍റല്‍ പൊലീസ്’ പട്രോളിങ് സംവിധാനം അബൂദബി പൊലീസ് ശക്തമാക്കി. അബൂദബി പരിസ്ഥിതി ഏജന്‍സിയുമായി (ഇ.എ.ഡി) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അബൂദബി പൊലീസിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള സ്‌പെഷല്‍ പട്രോള്‍സ് ഡയറക്ടറേറ്റിന്‍റെ എന്‍വയോണ്‍മെന്‍റല്‍ പൊലീസ് വകുപ്പാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ജൈവവൈവിധ്യം സംരക്ഷിക്കുക, ജനങ്ങളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുക തുടങ്ങിയ എമിറേറ്റിന്‍റെ കാഴ്ചപ്പാടിന് പിന്തുണ നല്‍കുന്നതാണ് പുതിയ നീക്കമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രകൃതിദത്ത വന്യജീവി സങ്കേതങ്ങളിലും മരുഭൂ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതിലൂടെ പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. വന്യജീവി സങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തുക, പരിസ്ഥിതി ലംഘനങ്ങളെയും പരാതികളെയും കുറിച്ച് അന്വേഷിക്കുക എന്നിവയാണ് എന്‍വയണ്‍മെന്‍റല്‍ പൊലീസിന്‍റെ പ്രധാന ചുമതലകള്‍.

ഫീല്‍ഡ് ഓപറേഷനുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്മാര്‍ട്ട് സംവിധാനങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയ വാഹനങ്ങൾ പട്രോളിങ്ങിനായി സജ്ജമാണ്. വിദൂര പ്രദേശങ്ങളിലെ നിയമലംഘനങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും അടിയന്തര സാഹചര്യങ്ങളില്‍ ഉടൻ പ്രതികരിക്കാനും പുതിയ സാങ്കേതിക വിദ്യകള്‍ പൊലീസിനെ സഹായിക്കും.

Tags:    
News Summary - Wildlife and environmental protection: Abu Dhabi Police strengthens patrolling system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.