റഫയിലെ യു.എ.ഇ ഫീൽഡ് ഹോസ്പിറ്റൽ സന്ദർശിച്ച്​ ഡബ്ല്യു.എച്ച്.ഒ പ്രതിനിധി സംഘം

റഫ: ഗസ്സയിലെ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിനായി യു.എ.ഇ നൽകുന്ന മാനുഷിക-മെഡിക്കൽ സേവനങ്ങൾ വിലയിരുത്തുന്നതിന്​ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) പ്രതിനിധി സംഘം തെക്കൻ ഗസ്സ മുനമ്പിലെ റഫയിലുള്ള യു.എ.ഇ ഫീൽഡ് ഹോസ്പിറ്റൽ സന്ദർശിച്ചു. ഗസ്സയിലെ ഡബ്ല്യു.എച്ച്.ഒ സബ് ഓഫിസ് ആക്ടിങ്​ മേധാവി ലൂക്കാ പിഗോസി, ഡബ്ല്യു.എച്ച്.ഒ ആസ്ഥാനത്തെ എമർജൻസി മെഡിക്കൽ ടീംസ് ടെക്നിക്കൽ ഓഫിസർ റോയ് കോസിക്കോ, അധിനിവേശ ഫലസ്തീൻ പ്രദേശത്തെ ഡബ്ല്യു.എച്ച്.ഒ എമർജൻസി മെഡിക്കൽ ടീം കോർഡിനേറ്റർ ഹെബ അൽ നജ്ജാർ എന്നിവരടങ്ങുന്നതായിരുന്നു പ്രതിനിധി സംഘം. ‘ഓപറേഷൻ ഷിവൽറസ് നൈറ്റ് 3’ ക്ക്​ കീഴിലുള്ള ഗസ്സയിലെ യു.എ.ഇ മിഷൻ തലവനും യു.എ.ഇ ഫീൽഡ് ഹോസ്പിറ്റൽ ഡയറക്ടറുമായ അലി അൽ ഷെഹ്ഹി പ്രതിനിധി സംഘത്തെ സ്വീകരിച്ചു. ഗസ്സയിലെ രോഗികൾക്കും പരിക്കേറ്റവർക്കും നൽകുന്ന മെഡിക്കൽ-ചികിത്സ സേവനങ്ങളെക്കുറിച്ച്​ അദ്ദേഹം പ്രതിനിധി സംഘത്തിന്​ വിശദീകരിച്ചു നൽകി. ഈ ഓപറേഷനിലൂടെ ഗസ്സയിലുടനീളമുള്ള ആശുപത്രികൾക്ക് എത്തിക്കുന്ന പിന്തുണയും മെഡിക്കൽ സഹായങ്ങളും അൽ ഷെഹ്ഹി വിശദീകരിച്ചു. പ്രതിനിധി സംഘം ആശുപത്രിയിലെ വിവിധ വകുപ്പുകൾ ചുറ്റിക്കാണുകയും അവിടെ ലഭ്യമായ ചികിത്സ, ശസ്ത്രക്രിയ, പ്രത്യേക ആരോഗ്യ പരിപാലന സേവനങ്ങൾ എന്നിവ വിലയിരുത്തുകയും ചെയ്തു. ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും അത്യാവശ്യ പരിചരണം നൽകുന്നതിനുമായി യു.എ.ഇ മെഡിക്കൽ ടീം നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും മനസ്സിലാക്കി.

ഫലസ്തീനിലെ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിൽ യു.എ.ഇ നടത്തുന്ന മാനുഷിക-മെഡിക്കൽ ശ്രമങ്ങളെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം അഭിനന്ദിച്ചു. ഗസ്സയിലെ രോഗികൾക്കും പരിക്കേറ്റവർക്കും ചികിത്സ നൽകുന്നതിൽ ഫീൽഡ് ഹോസ്പിറ്റൽ വഹിക്കുന്ന പങ്കിനെ പ്രശംസിക്കുകയും ചെയ്തു. റഫയിലെ യു.എ.ഇ ഫീൽഡ് ഹോസ്പിറ്റലും ഖാൻ യൂനിസിലെ അൽ മവാസിയിലുള്ള എമിറേറ്റ്സ് മെഡിക്കൽ സെന്‍റർ ഫോർ പ്രൈമറി കെയറും സ്ഥാപിതമായതുമുതൽ ഇതുവരെ ഗസ്സ മുനമ്പിലുടനീളമുള്ള ഏകദേശം 97,000 രോഗികൾക്ക് മെഡിക്കൽ പരിചരണം നൽകിയിട്ടുണ്ട്. 

Tags:    
News Summary - WHO delegation visits UAE field hospital in Rafah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.