ഇന്ത്യക്ക്
മുതല്‍ക്കൂട്ടാകും
എം.എ. യൂസുഫലി
ദുബൈ: 14 വര്‍ഷത്തെ വ്യാപാരികളുടെയും സാധാരണക്കാരുടെയും കാത്തിരിപ്പിനൊടുവിലാണ് 125 കോടി ഇന്ത്യക്കാരുടെ സ്വപ്നം ചരക്കു സേവന നികുതി (ജി.എസ്.ടി) വഴി സാക്ഷാത്കരിക്കപ്പെടുന്നതെന്ന് പ്രമുഖ വ്യവസായിയും ലുലു ഇൻറര്‍നാഷണല്‍ ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസുഫലി അഭിപ്രായപ്പെട്ടു. ലോകത്തിലെ വന്‍ സാമ്പത്തിക ശക്തിയാവാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് ജി.എസ്.ടി മുതല്‍ക്കൂട്ടാകും. പല നികുതികള്‍ എന്ന രീതി മാറി ഒറ്റ നികുതി എന്ന വ്യവസ്ഥ വരുന്നത് വാണിജ്യവ്യാപാര മേഖലക്ക് വലിയ സഹായമാണ്. പ്രധാനമന്ത്രിയും ധനമന്ത്രിയും പ്രത്യേക താൽപര്യമെടുത്ത് ഇത് പ്രാവര്‍ത്തികമാക്കിയതില്‍ നമുക്ക് അഭിമാനിക്കാമെന്ന് യൂസുഫലി പറഞ്ഞു.
ഉപഭോക്താക്കൾക്കു ഗുണകരം -പ്രമോദ് മങ്ങാട്ട്
അബൂദബി: ഇന്ത്യയെ സംബന്ധിച്ചടത്തോളം ജി.എസ്.ടി ചരിത്രപരമായ ചുവടുവെപ്പാണെന്ന് യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ പ്രമോദ് മങ്ങാട്ട് അഭിപ്രായപ്പെട്ടു. ഭരണഘടനപരമായി ധൈഷണികമായ നിമിഷമാണ് ഇതെന്നും ആഗോളാടിസ്ഥാനത്തിൽ ഇന്ത്യയുടെ ഈ ചുവടു വെപ്പ് പ്രശംസിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വാണിജ്യ ഭൂപ്രകൃതിയെ ജി.എസ്.ടി മാറ്റിമറിക്കും. അതുപോലെ തന്നെ, ഓരോ സംസ്ഥാനങ്ങളിലും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കും. ഉൽപാദന -ചരക്കുനീക്ക ചെലവുകൾ ഒന്നിപ്പിക്കുന്നതിനാൽ ഉപയോക്താവിന് വലിയ അളവിൽ ഗുണകരമാകും. ചില ബാങ്കുകൾ സേവന നികുതിയുടെ അതേ ശതമാനം ഈടാക്കുന്നത് തുടരും എന്നതിനാൽ പണമിടപാട് മേഖലയിൽ മേഖലയിൽ വലിയ മാറ്റമുണ്ടാവില്ലെന്ന് പ്രമോദ് മങ്ങാട്ട് പറഞ്ഞു.
നികുതി ഘടനയിൽ ജി.എസ്.ടി
നിർണായകമാകും- സുധീർ കുമാർ ഷെട്ടി
അബൂദബി: ഇന്ത്യയിലെ നേരിട്ടല്ലാതെയുള്ള നികുതി ഘടനയെ പരിഷ്കരിച്ചു കൊണ്ടുള്ള ജി എസ് ടി നിർണായകമായ ചവിട്ടു പടിയാണിതെന്ന് യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ് സുധീർ കുമാർ ഷെട്ടി അഭിപ്രായപ്പെട്ടു. വ്യക്തിഗത നിലയിൽ പ്രവാസികളെ ജി എസ് ടി ബാധിക്കില്ല. എന്നാൽ ഇന്ത്യയിലെ അവരുടെ കുടുംബങ്ങളിൽ ജി.എസ്.ടിയുടെ കടന്നു വരവോടെ മാറ്റങ്ങൾ സംഭവിക്കും. നിരവധി കേന്ദ്ര-സംസ്ഥാന നികുതികളുടെ കൂടിച്ചേരൽ വഴി വേറെ നികുതി, അല്ലെങ്കിൽ ഇരട്ട നികുതി എന്ന രീതി ഇല്ലായ്മ ചെയ്യപ്പെടും. രാജ്യത്തുടനീളം സാധന- സേവന പ്രവാഹം സൃഷ്ടിക്കപ്പെടാൻ ഇത് കാരണമാകുമെന്നും തദ്ദേശീയ ഉത്പന്നങ്ങളുടെ നിർമാണത്തിലൂടെ ജി.എസ്.ടി ഇന്ത്യയുടെ മെയ്ക് ഇൻ ഇന്ത്യ സംരംഭത്തെ സക്രിയമായി പിന്തുണക്കുന്നതാകുമെന്നും സുധിർ കുമാർ ഷെട്ടി പത്രക്കുറിപ്പിൽ പ്രത്യാശ പ്രകടിപ്പിച്ചു.
സമ്പദ്‌വ്യവസ്ഥക്ക് ഗുണം ചെയ്യും-അദീബ് അഹമ്മദ്
അബൂദബി: ഒരു രാജ്യം, ഒരു നികുതി എന്ന ഏകീകൃത സംവിധാനം തീർച്ചയായും രാജ്യത്തെ സമ്പദ്‌വ്യവസ്ഥക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് ലുലു എക്സ്ചേഞ്ച് ഹോൾഡിങ്‌സ് എം.ഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. പല സാധനങ്ങളുടെയും നികുതി ഒഴിവാകുന്നത് സാധാരണക്കാർക്ക് വളരെ ഗുണം ചെയ്യും. ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്കുള്ള ക്രയവിക്രയങ്ങൾക്ക് പലപ്പോഴും അധിക നികുതി അല്ലെങ്കിൽ ഇരട്ട നികുതി കൊടുക്കേണ്ട അവസ്ഥ ഒഴിവാക്കപ്പെടുന്നത് അഭിനന്ദനാർഹമാണ്. ചെക്ക് പോസ്റ്റുകൾ ഇല്ലാതാകുന്നത് ചരക്കുഗതാഗതം സുഗമമാക്കും.
രാജ്യം മുഴുവൻ ഒരേ നികുതി വ്യവസ്ഥ നടപ്പിലാക്കുമ്പോൾ അത് കയറ്റുമതിയെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുകയും രാജ്യത്ത് നിക്ഷേപ സാധ്യത വർധിക്കുകയും തത്ഫലമായി കൂടുതൽ ജോലി സാധ്യതകൾ പൊതുജനങ്ങൾക് മുമ്പിൽ തുറക്കുകയും ചെയ്യുമെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.