വെയർഹൗസ് നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഉന്നതതല സമിതിയുടെ ആദ്യ യോഗം
ഷാർജ: വാണിജ്യ, വ്യാവസായിക വെയർഹൗസുകളിലെ സുരക്ഷാ ലംഘനങ്ങൾ നിയന്ത്രിക്കുന്നതിന് ഷാർജയിൽ പുതിയ ഉന്നതതല സമിതി രൂപവൽകരിച്ചു. ഗോഡൗണുകളിൽ നിയമപാലനം ഉറപ്പാക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിനാണ് സമിതി രൂപവൽകരിച്ചിരിക്കുന്നത്. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദേശപ്രകാരം രൂപവൽകരിച്ച സമിതി ആദ്യ ഏകോപന യോഗം ചേർന്നു.
ഷാർജ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന യോഗത്തിൽ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ അധ്യക്ഷത വഹിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
സുരക്ഷയും നിയമപരമായ മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നതിന് സമഗ്ര സുരക്ഷാ സംവിധാനമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അബ്ദുല്ല മുബാറക് ബിൻ ആമിർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നത് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംയുക്ത പരിശോധനകളും നിയമനടപടികളും കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഫീൽഡിലെ പരിശോധന വർധിപ്പിക്കൽ, നടപടിക്രമങ്ങൾ ലളിതമാക്കൽ, സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി ഉടൻ നടപടി സ്വീകരിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. സുരക്ഷിതമല്ലാത്ത പ്രവർത്തന രീതികൾ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചില വെയർഹൗസുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ശക്തമാക്കിയിരിക്കുന്നത്. സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നത് എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്വമാണെന്നും, സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് പുതിയ നടപടി സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
സാമ്പത്തിക വികസന വകുപ്പ്, മുനിസിപ്പൽ അഫേഴ്‌സ്, ഷാർജ സിവിൽ ഡിഫൻസ്, പ്രിവൻഷൻ ആൻഡ് സേഫ്റ്റി, ഷാർജ മുനിസിപ്പാലിറ്റി, സേവ, എക്‌സിക്യൂട്ടീവ് ഓഫീസ്, ഡിജിറ്റൽ സർവീസസ് വകുപ്പ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.