അർബുദരോഗികളെ സഹായിക്കാൻ വളന്റിയർമാർക്ക്
പരിശീലനം നൽകുന്നതിനുള്ള കരാറിൽ ഹസ്സ അൽ ഹമ്മാദിയും ആയിഷ അൽ മുല്ലയും ഒപ്പുവെക്കുന്നു
ഷാർജ: അർബുദരോഗികളേയും അവരുടെ കുടുംബങ്ങളേയും പിന്തുണക്കുന്ന സന്നദ്ധ പ്രവർത്തകരാകാൻ ഷാർജയിൽ ജനങ്ങൾക്ക് പ്രത്യേക പരിശീലന പദ്ധതി പ്രഖ്യാപിച്ചു. ഷാർജ സോഷ്യൽ സർവിസസ് ഡിപ്പാർട്മെന്റ് (എസ്.എസ്.എസ്.ഡി) ഫ്രൻഡ്സ് ഓഫ് കാൻസർ പേഷ്യന്റ്സുമായി (എഫ്.ഒ.സി.പി) ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. യു.എ.ഇ നിവാസികൾക്ക് എഫ്.ഒ.സി.പിയുടെ മാനുഷിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും പരിശീലനം നേടാനും പദ്ധതി വഴി സാധിക്കും.
സോഷ്യൽ സർവിസസ് ഡിപ്പാർട്മെന്റിൽ നടന്ന ചടങ്ങിൽ എഫ്.ഒ.സി.പി ഡയറക്ടർ ആയിഷ അൽ മുല്ലയും കമ്യൂണിറ്റി കൊഹേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ഹസ്സ അൽ ഹമ്മാദിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഷാർജ വളന്റിയർ സെന്ററാണ് സന്നദ്ധപ്രവർത്തകരെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകുക. ഇതിനായി ഷാർജ വളന്റിയർ സെന്ററിന്റെ വെബ്സൈറ്റിൽ എഫ്.ഒ.സി.പിയുടെ സംരംഭങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ സന്നദ്ധ പ്രവർത്തനങ്ങളിൽ എഫ്.ഒ.സി.പിയുടെ സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുത്തുകയും ചെയ്യും.
ബഹുമുഖമായ ഈ സമീപനത്തിലൂടെ സമൂഹത്തിൽ അവബോധം വളർത്തുകയും കൂടുതൽ വ്യക്തികളെ അതിൽ പങ്കുചേരാൻ പ്രചോദിപ്പിക്കുക മാത്രമല്ല, കാര്യക്ഷമവും ഡേറ്റ അധിഷ്ഠിതവുമായ കമ്യൂണിറ്റി സേവനം നൽകുന്നതിന് സന്നദ്ധ പ്രവർത്തകർ സുസജ്ജരാണെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇതുവഴി അർബുദബാധിതരുടെ ജീവിതത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അർബുദത്തോട് പൊരുതാൻ എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണവും കൂട്ടായ പ്രയത്നവും ആവശ്യമാണെന്ന് ആയിഷ അൽ മുല്ല പറഞ്ഞു. മെഡിക്കൽ സുരക്ഷയോടൊപ്പം മാനസികവും സാമൂഹികവുമായ പിന്തുണ അർബുദബാധിതർക്ക് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിന് ജനങ്ങളുടെ പങ്കാളിത്തം നിർണായകമാണ്.
അർബുദരോഗികൾക്ക് ലഭിക്കുന്ന പിന്തുണ മാനുഷികമായ ഐക്യദാർഢ്യത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും തെളിവാണ്. ഇത് യു.എ.ഇ സമൂഹത്തിന്റെ ഐക്യവും നൂതനസേവനങ്ങൾ നൽകുന്നതിനുള്ള സന്നദ്ധതയുമാണ് പ്രകടമാക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.