യു.എ.ഇയിൽ സന്ദർശകർക്ക്​​​ ഡിജിറ്റൽ ബാങ്ക്​ അകൗണ്ട്​ തുടങ്ങാം

ദുബൈ: യു.എ.ഇയിലെത്തുന്ന സന്ദർശകർക്ക്​ നിമിഷ നേരം കൊണ്ട്​ ഡിജിറ്റൽ ബാങ്ക്​ അകൗണ്ട്​ തുറക്കാൻ അവസരമൊരുക്കി യു.എ.ഇ സെൻട്രൽ ബാങ്ക്​. ഇതിനായി ‘ടൂറിസ്റ്റ്​ ഐഡന്‍റിറ്റി’ എന്ന പേരിൽ പുതിയ സംരംഭം പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്ട്​ സെക്യൂരിറ്റി (ഐ.സി.പി), അബൂദബി കൊമേഴ്​സ്യൽ ബാങ്ക്​ (എ.ഡി.സി.ബി) എന്നിവരുമായുള്ള സഹകരണത്തിലൂടെയാണ്​ ലളിതമായ ഡിജിറ്റൽ നടപടികളിലൂടെ വേഗത്തിലും സുരക്ഷിതവുമായി ബാങ്ക്​ അകൗണ്ട്​ തുറക്കാൻ സന്ദർശകരെ അനുവദിക്കുകയെന്ന്​​ ​ സെൻട്രൽ ബാങ്ക്​ അറിയിച്ചു.

യു.എ.ഇയി​ൽ വന്നിറങ്ങുന്ന സന്ദർശകർക്ക്​ ബയോമെട്രിക്​, മുഖം തിരിച്ചറിയൽ എന്നീ സംവിധാനങ്ങളിലൂടെ ഐ.സി.പിയാണ്​ ‘ടൂറിസ്റ്റ്​ ഐഡന്‍റിറ്റി’ സമ്മാനിക്കുക. ഈ സംരംഭം ഡിജിറ്റൽ ഐഡന്‍റി സിസ്റ്റത്തെ എ.ഡി.സി.ബിയുടെ മൊബൈൽ ബാങ്കിങ്​ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇതുവഴി മിനിറ്റുകൾക്കുള്ളിൽ സന്ദർശകർക്ക്​ ഡിജിറ്റലായി ബാങ്ക്​ എകൗണ്ട്​ തുറക്കാനാവും. ഡിജിറ്റൽ ഡെബിറ്റ്​ കാർഡ്​ ഉൾപ്പെടെ അത്യാവശ്യ ബാങ്കിങ്​ സേവനങ്ങൾ എകൗണ്ട്​ ഉടമകൾക്ക്​ ഇതുവഴി ലഭ്യമാകും.

നിലവിൽ യു.എ.ഇയിലെത്തുന്ന സന്ദർശകർക്ക്​ ബാങ്ക്​ എകൗണ്ട്​ തുറക്കാൻ അവസരമുണ്ടെങ്കിലും നിരവധി രേഖകൾ സമർപ്പിക്കേണ്ടതിനാൽ നടപടിക്രമങ്ങൾ സങ്കീർണമായിരുന്നു. അതുകൊണ്ടു തന്നെ സന്ദർശകർ ആരും ഇതിനായി ആരും ശ്രമിക്കാറുണ്ടായിരുന്നില്ല. പുതിയ സംരംഭം സങ്കീർണമായ നടപടിക്രമങ്ങളെയെല്ലാം ഡിജിറ്റൽ ഐഡന്‍റിറ്റി അധിഷ്ഠിത മാതൃകയിലേക്ക്​ മാറ്റും.

ഇത്​ വിനോദ സഞ്ചാരികൾക്ക്​ മിനിറ്റുകൾക്കുള്ളിൽ എകൗണ്ട്​ തുറക്കാൻ അനുവദിക്കു​മെന്ന്​ ബാങ്കിങ്​ വൃത്തങ്ങൾ വ്യക്​തമാക്കി. കാഷ്​ ഇടപാടുകൾ​ പരമാവധി കുറക്കുന്നതിനൊപ്പം, സാമ്പത്തികമായ ചേർത്തുപിടിക്കൽ ശക്​തിപ്പെടുത്തുകയും ഡിജിറ്റൽ പേയ്​മെന്‍റ്​ വ്യവസ്ഥകളിലേക്കുള്ള രാജ്യത്തിന്‍റെ മുന്നേറ്റം ത്വരിതപ്പെടുത്തുകയുമാണ്​ പുതിയ സംരംഭം ലക്ഷ്യമിടുന്നത്​.

‘ടൂറിസ്റ്റ്​ ഐഡന്‍റിറ്റി’, ‘ജയ്​വാൻ’ കാർഡ്​, ആനി പ്ലാറ്റ്​ഫോം തുടങ്ങിയ സംരംഭങ്ങൾ ഉൾപ്പെടെ യു.എ.ഇയുടെ ദേശീയ പേയ്​മെന്‍റ്​ സംവിധാനങ്ങളുമായി വിനോദ സഞ്ചാരികളെ ബന്ധിപ്പിക്കുകയാണ്​ ലക്ഷ്യമെന്ന്​ സെൻട്രൽ ബങ്കിന്‍റെ ബാങ്കിങ്​ ഓപറേഷൻസ്​ ആൻഡ്​ സപോർട്ട്​ സർവിസസ്​ അസി. ഗവർണർ സെയ്​ഫ്​ ഹുമൈദ്​ അൽ ദാഹിരി പറഞ്ഞു.

കൂടാതെ, സന്ദർശന വിസയിലെത്തുന്നവർക്ക്​ ബിസിനസ്​ നടപടികൾ എളുപ്പമാക്കുകയും സംയോജിതവും സുരക്ഷിതവുമായ ബാങ്കിങ്​ അനുഭവം സമ്മാനിക്കാനും സാധിക്കും. നൂതനമായ തിരിച്ചറിയൽ സാ​ങ്കേതിക വിദ്യകൾ ഉപയോഗിച്ച്​ സന്ദർശകർക്ക്​ തടസ്സമില്ലാതെ സേവനങ്ങൾ നൽകാൻ ഒന്നിലധികം മേഖലകളെ ഈ സംവിധാനം പ്രാപ്തമാക്കുമെന്ന്​ ഐ.സി.പിയിലെ പൗരത്വ ആക്ടിങ്​ ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ ജുമാ അൽ ഖൈലി പറഞ്ഞു.

Tags:    
News Summary - Visitors can open digital bank accounts in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.