അവരെത്തി, ‘അമ്മയോണ’ത്തിന് അക്കാഫ് അസോസിയേഷന്‍റെ ‘മാതൃവന്ദനം‘ പരിപാടിക്കെത്തിയത് 28 അമ്മമാർ
ദുബൈ: പ്രവാസത്തിന്‍റെ പൊള്ളുന്ന ചൂടിൽ വേവുന്ന മക്കൾക്കരികിലേക്ക് സ്നേഹ സാന്ത്വനങ്ങളുടെ നിറകൺകുളിരുമായി ആ അമ്മമാരെത്തി. യു.എ.ഇയിൽ സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികളിൽ ചിലരുടെ അമ്മമാരാണ് ഓണാഘോഷത്തിന്‍റെ പൊലിമയിൽ മക്കൾക്കൊപ്പം ചേരാൻ ഗൾഫ് മണ്ണിൽ പറന്നിറങ്ങിയത്. വിദൂര സ്വപ്നങ്ങളിൽപോലും ഒരു വിമാനയാത്രയോ വിദേശയാത്രയോ സ്വപ്നം കണ്ടിട്ടില്ലാത്ത 28 അമ്മമാരാണ് യു.എ.ഇയുടെ സ്നേഹാതിഥ്യത്തിന്റെ ഊഷ്മളതക്കൊപ്പം ചേർന്നത്. യു.എ.ഇയിലെ കാമ്പസ് അലുമ്നികളുടെ കൂട്ടായ്മയായ അക്കാഫ് അസോസിയേഷനാണ് ഈ അമ്മമാരുടെ ജീവിതത്തിലെ വലിയ അനുഭവങ്ങൾ സമ്മാനിക്കുന്നതിന്‍റെ അണിയറക്കാർ. അക്കാഫ് അസോസിയേഷന്‍റെ 28-ാമത് ഓണാഘോഷമായ ‘അക്കാഫ് പൊന്നോണക്കാഴ്ച ’26’ൽ പങ്കെടുക്കാനാണ് ഇത്തവണയും അമ്മമാർ എത്തിയത്. തുടർച്ചയായി ഇത് നാലാം തവണയാണ് അക്കാഫ് അമ്മയോണം സംഘടിപ്പിക്കുന്നത്.
പ്രവാസജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ മക്കളോടൊപ്പം ഓണം ആഘോഷിക്കാനും ദുബൈയിലെ കാഴ്ചകൾ ആസ്വദിക്കാനും അവസരമൊരുക്കി അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘മാതൃവന്ദനം’ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 28 അമ്മമാരാണ് ഇത്തവണ ദുബൈയിലെത്തുന്നത്. പ്രവാസജീവിതത്തിന്‍റെ ഭാഗമായി വർഷങ്ങളായി മക്കൾ വിദേശത്ത് കഴിയുമ്പോഴും പല അമ്മമാർക്കും മക്കളുടെ ജീവിതം നേരിൽ കാണാനും അവരോടൊപ്പം കുറച്ചുദിവസമെങ്കിലും ചെലവഴിക്കാനും അവസരം ലഭിക്കാറില്ല. സാമ്പത്തിക പരിമിതികളും മറ്റു സാഹചര്യങ്ങളും അതിന് തടസ്സമാകുന്നു. അത്തരത്തിലുള്ള കുടുംബങ്ങളിൽ നിന്നുള്ള അമ്മമാരെ കണ്ടെത്തി ദുബൈയിലേക്ക് കൊണ്ടുവരികയും മക്കളോടൊപ്പം സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും ഓണക്കാലം പങ്കിടാൻ അവസരമൊരുക്കുകയുമാണ് മാതൃവന്ദനം.
സാധാരണ തൊഴിലാളികളായ പ്രവാസികളുടെ അമ്മമാരിൽനിന്ന് ലഭിച്ച അപേക്ഷകളിൽ നിന്നാണ് ഇവരെ തെരെഞ്ഞെടുത്തത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം വിമാനത്താവളങ്ങൾ വഴി ഷാർജയിലും ദുബൈയിലും പറന്നിറങ്ങിയ അമ്മമാർ അതിശയങ്ങളുടെയും ആഹ്ലാദങ്ങളുടെയും ഉയരങ്ങളിലാണിപ്പോൾ.
സ്വപ്നങ്ങളിലെ സൗഭാഗ്യമാണ് തങ്ങളെ തേടിയെത്തിയിരിക്കുന്നതെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത അമ്മമാമൊരൊക്കെയും പ്രതികരിച്ചു. സ്വന്തം നാടും വീടും വിട്ട് പ്രവാസജീവിതം നയിക്കുന്ന മക്കൾക്ക് അമ്മമാരെ കൂടെക്കൂട്ടി ഓണം ആഘോഷിക്കാനും ഓണസദ്യ ഉണ്ണാനും അവസരം ഒരുക്കുന്നതിലൂടെ സ്നേഹത്തിന്‍റെയും ഒരുമയുടെയും യഥാർഥ ഓണസന്ദേശം പ്രവാസ മണ്ണിലും പകർന്നു നൽകുകയാണ് അക്കാഫ് അസോസിയേഷൻ.
അഞ്ചുദിവസത്തോളം ദുബൈയിൽ ചെലവഴിക്കുന്ന അമ്മമാരുടെ വിമാനയാത്ര, വിസ, താമസം, ഭക്ഷണം, യാത്ര എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും അക്കാഫ് അസോസിയേഷനാണ് വഹിക്കുന്നത്. അഞ്ച് ദിവസത്തോളം ദുബൈയിൽ ചെലവഴിക്കുന്ന അമ്മമാർക്ക് ദുബൈ മാൾ, ബുർജ് ഖലീഫ അറ്റ് ദ ടോപ്പ്, അബൂദബിയിലെ ഗ്രാൻഡ് മോസ്ക്, ദുബൈയിലെ ബാപ്സ് മന്ദിർ ഉൾപ്പെടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിക്കാനുള്ള അവസരമൊരുക്കും.
മടക്കയാത്രക്കുമുമ്പ് അമ്മമാർക്ക് നിരവധി സമ്മാനങ്ങളും നൽകും. അക്കാഫ് അസോസിയേഷനിലെ വിവിധ മെമ്പർ കോളജ് അലുംനികളാണ് ഇതിന്‍റെ മുഴുവൻ ചെലവും വഹിക്കുന്നത്.
ഒക്ടോബർ 11ന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന പൊന്നോണക്കാഴ്ച ’26 സമാപന വേദിയിൽ 28 അമ്മമാരെയും ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.