അക്കാഫ് പൊന്നോണക്കാഴ്ച 11ന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ
ദുബൈ: ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ ഓണാഘോഷം ഈ മാസം 11ന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ അരങ്ങേറും. കേരളത്തനിമയും പാരമ്പര്യവും പ്രവാസ മണ്ണിൽ ആഘോഷമാക്കി അക്കാഫ് അസോസിയേഷന്റെ 28-ാമത് ഓണാഘോഷമായ “അക്കാഫ് പൊന്നോണക്കാഴ്ച ’26’ ആണ് ആയിരക്കണക്കിന് മലയാളികളെ പ്രവാസമണ്ണിൽ ഒന്നിച്ചുചേർത്ത് ആഘോഷത്തിന്‍റെ വർണപ്പൊലിമയൊരുക്കുന്നത്. യു.എ.ഇ വർഷാവർഷം കൊണ്ടാടുന്ന ‘പൊന്നോണക്കാഴ്ച’യുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള പ്രാഥമിക മത്സരങ്ങൾ ഒക്ടോബർ നാലിന് ദുബൈ ഖിസൈസിലെ അമിറ്റി സ്കൂളിൽ നടന്നു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 135ഓളം കോളജ് അലുമ്‌നി കൂട്ടായ്മകളാണ് അക്കാഫ് അസോസിയേഷന്‍റെ മെമ്പർ കോളജുകൾ. വിവിധ കോളജുകളിലെ പൂർവവിദ്യാർഥികളെ ഒരുമിപ്പിക്കുന്ന ഈ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ദുബൈയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നത്. സംഘാടക സമിതി ഭാരവാഹികളും മെമ്പർ കോളജ് പ്രതിനിധികളും പങ്കെടുത്ത ഓണം കൺവെൻഷൻ നാലിന് അമിറ്റി സ്കൂളിൽ നടന്നു. പ്രാഥമിക ഘട്ടത്തിൽനിന്ന് തിരഞ്ഞെടുത്ത മത്സരാർഥികൾ ഒക്ടോബർ 11ന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന മെഗാ ഇവന്‍റിൽ വീണ്ടും മാറ്റുരയ്ക്കും.
ഒക്ടോബർ 11ന് രാവിലെ എട്ടുമണിക്ക് പൊന്നോണക്കാഴ്ച ’26ന്റെ മെഗാ ഇവന്‍റിന് തിരശ്ശീല ഉയരും. വിവിധ കോളജ് അലുമ്‌നി കൂട്ടായ്മകളുടെ നേതൃത്വത്തിൽ അത്തപ്പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ്, കിഡ്സ് ഫാഷൻ ഷോ, നാടൻപാട്ട്, പായസം മത്സരം, പുരുഷകേസരി, മലയാളി മങ്ക, കോളജുകളുടെ സാംസ്‌കാരിക ഘോഷയാത്ര, വിവിധ നാടൻ കളികൾ തുടങ്ങി നിരവധി മത്സരങ്ങളും പരിപാടികളും അരങ്ങേറും. കുട്ടികൾക്കായി പെയിന്‍റിങ്, ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
തുടർന്ന് ഉച്ച 12 മണിയോടെ വിപുലമായ ഓണസദ്യ ആരംഭിക്കും. ഏകദേശം 10,000 പേരെയാണ് ഇത്തവണത്തെ ഓണസദ്യയിൽ പ്രതീക്ഷിക്കുന്നത്. വൈകുന്നേരം വിവിധ കോളജ് അലുംനികൾ പങ്കെടുക്കുന്ന ഘോഷയാത്ര മത്സരവും തുടർന്ന് സാംസ്കാരിക സമ്മേളനവും നടത്തും. മസാല കോഫി ബാൻഡിന്‍റെ സംഗീതനിശയും ഉണ്ടാകും. അക്കാഫ് അസോസിയേഷന്റെ 28-ാമത് വർഷത്തെ ഓണാഘോഷമാണ് പൊന്നോണക്കാഴ്ച ’26. ദുബൈ ഗവൺമെന്‍റിന്‍റെ അംഗീകാരമുള്ള കോളജ് അലുമ്‌നി കൂട്ടായ്മയായ അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം തുടർച്ചയായി അഞ്ചാം വർഷമാണ് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്നത്.
അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, പെട്രോടെക് മാനേജിങ് ഡയറക്ടർ തോമസ് സി. ഫിലിപ്പ്, ദുബൈ ഡ്യൂട്ടി ഫ്രീ വൈസ് പ്രസിഡന്‍റും അക്കാഫ് അസോസിയേഷൻ മുൻ പ്രസിഡന്‍റുമായ മുഹമ്മദ് റഫീഖ്, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, പൊന്നോണക്കാഴ്ച ജനറൽ കൺവീനർ സാനു മാത്യു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗിരീഷ് മേനോൻ, ആർ. സുനിൽ കുമാർ, വിൻസെന്‍റ് വലിയവീട്ടിൽ, സി.എൽ. മുനീർ, മീഡിയ കൺവീനർ എ.വി. ചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.