അൽ ദൈദ് ഈത്തപ്പഴ മേള ഇന്നുമുതൽ
ഷാർജ: ആറാമത് അൽ ദൈദ് ഈന്തപ്പഴ മേളക്ക് എക്സ്പോ അൽ ദൈദിൽ ഇന്ന് തുടക്കം. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും അൽ ദൈദ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീളുന്ന മേള ഒക്ടോബർ 11 വരെ തുടരും. രാജ്യത്തെ കർഷകർ, ഈന്തപ്പഴ ഉൽപാദകർ, വ്യാപാരികൾ, തദ്ദേശീയ സംരംഭകർ എന്നിവർ മേളയിൽ പങ്കാളികളാകും.
യു.എ.ഇയിലെ കാർഷിക മേഖലയെയും ഭക്ഷ്യസുരക്ഷയെയും പിന്തുണക്കുന്നതിനായി സംഘടിപ്പിക്കുന്ന മേളയിൽ മികച്ച ഇനം ഈന്തപ്പഴങ്ങളുടെ പ്രദർശനവും ലേലവും നടക്കും. ആധുനിക കൃഷിരീതികളെക്കുറിച്ചും ഈന്തപ്പന പരിപാലനത്തെക്കുറിച്ചുമുള്ള ശിൽപശാലകൾ, സാംസ്കാരിക-കലാപരിപാടികൾ, തദ്ദേശീയ കുടുംബങ്ങൾക്കും സംരംഭകർക്കും ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ദിവസവും രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. വ്യാഴാഴ്ച ഉദ്ഘാടനത്തിന് ശേഷവും, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മഗ്‌രിബ് നമസ്കാരത്തിന് ശേഷവുമാണ് ലേലം നടക്കുക. 2026 സീസണിൽ യു.എ.ഇയിൽ ഉൽപാദിപ്പിച്ച, കീടബാധയോ മറ്റ് വൈകല്യങ്ങളോ ഇല്ലാത്ത ഈന്തപ്പഴങ്ങൾ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.