ദുബൈയിൽ വിലാസ സൂചിക പരിഷ്കരിക്കുന്നു

ദുബൈ: ദുബൈയിലെ വിലാസ സൂചികാ സംവിധാനം പരിഷ്കരിക്കുന്നു. പുതിയ ഡിസൈനുകളും നിറങ്ങളും ക്യു.ആർ കോഡുകളും ഉൾപ്പെടുത്തിയാണ്​ വർണശബളമായ പരിഷ്കാരം. 2030-ഓടെ നഗരത്തിലെ 186 പ്രദേശങ്ങളിലെ ദിശാബോർഡുകളും കെട്ടിട നമ്പറുകളും പുതിയ ശൈലിയിലേക്ക് മാറ്റുമെന്ന് സുപ്രീം കമ്മിറ്റി ഫോർ അർബൻ പ്ലാനിങ്​, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ), ദുബൈ മുനിസിപ്പാലിറ്റി എന്നിവർ അറിയിച്ചു.

ഈ വർഷം അവസാന പാദത്തിൽ ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ സാബീൽ 1, സാബീൽ 2, നാദ് അൽ ശെബ, അൽ ഖവാനീജ് 1, നസ്‌വ എന്നീ അഞ്ച് മേഖലകളിലായി രണ്ടായിരത്തിലധികം പുതിയ ബോർഡുകൾ സ്ഥാപിക്കും. നഗരവികസനം, ജനസാന്ദ്രത, പ്രാധാന്യമുള്ള കേന്ദ്രങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് പദ്ധതി ആദ്യം നടപ്പാക്കുന്ന പ്രദേശങ്ങളെ തിരഞ്ഞെടുത്തത്.

ഓരോ പ്രദേശത്തിന്‍റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പ്രതിഫലിപ്പിക്കുന്ന അഞ്ച് വ്യത്യസ്ത നിറങ്ങളാണ് ബോർഡുകൾക്കായി ഉപയോഗിക്കുക. ഉദാഹരണത്തിന്, തീരദേശ മേഖലകളിൽ നീല നിറവും മരുഭൂമിയോട് ചേർന്ന പ്രദേശങ്ങളിൽ സ്വർണ നിറത്തിലുള്ള ബോർഡുകളുമാകും. യാത്രക്കാർക്ക് എളുപ്പത്തിൽ വഴി മനസ്സിലാക്കാനും ബോർഡുകളിൽ ഏകീകൃത രൂപം കൊണ്ടുവരാനുമാണ് ഈ മാറ്റം.

കെട്ടിടങ്ങളിലെ പുതിയ നെയിം പ്ലേറ്റുകളിൽ സ്ഥലം കൃത്യമായി തിരിച്ചറിയാനുള്ള 'മകാനി' നമ്പറിനൊപ്പം ക്യു.ആർ. കോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ആ പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങളും തെരുവുകളുടെ പേരുകൾക്ക്​ പിന്നിലെ ചരിത്രവും പ്രധാന ലാൻഡ്‌മാർക്കുകളും അറിയാൻ സാധിക്കും. ഭാവിയിൽ ബസ് സ്റ്റോപ്പുകളിലേക്കും സ്മാർട്ട് ആപ്ലിക്കേഷനുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.

Tags:    
News Summary - Address index is being revised in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.