ദുബൈ: ലോകത്തിന്റെ സമൂഹമാധ്യമ തലസ്ഥാനമായി യു.എ.ഇ. പ്രമുഖ പ്രോക്സി, വി.പി.എൻ ദാതാക്കളായ പ്രോക്സിറാക്കിന്റെ കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. യു.എ.ഇയിലെ താമസക്കാർ ദിവസവും ശരാശരി ഏഴര മണിക്കൂറാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനവും സമൂഹമാധ്യമങ്ങളിലാണ് ചെലവഴിക്കുന്നത്.
ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുള്ള രാജ്യമാണ് യു.എ.ഇ. ബിസിനസ് വളർച്ചക്കായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്നതിലും മുൻപന്തിയിൽ യു.എ.ഇയുണ്ട്. 10ൽ 9.55 പോയന്റ് നേടിയാണ് യു.എ.ഇ സമൂഹമാധ്യമ തലസ്ഥാനമായത്. 8.75 പോയന്റുമായി മലേഷ്യയും ഫിലിപ്പീൻസുമാണ് രണ്ടാംസ്ഥാനത്ത്. സൗദി അറേബ്യ, സിംഗപ്പൂർ, വിയറ്റ്നാം, ബ്രസീൽ, തായ്ലാൻഡ്, ഇന്തോനേഷ്യ, ഹോങ്കോങ് എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച രാജ്യങ്ങൾ. വേൾഡ് പോപുലേഷൻ റിവ്യൂവിനെ അടിസ്ഥാനമാക്കിയാണ് കണക്കുകൾ തയാറാക്കിയിരിക്കുന്നത്.
രാജ്യത്തെ ജനസംഖ്യയേക്കാൾ കൂടുതൽ ഫേസ്ബുക്ക് ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിരിക്കുന്ന രാജ്യമാണ് യു.എ.ഇ. ഫേസ്ബുക്ക് കഴിഞ്ഞാൽ ടിക്ടോക്കിലാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത്. ലോകവുമായി ഇൻറർനെറ്റിൽ ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതും യു.എ.ഇയാണ്. ഈ പട്ടികയിൽ 7.53 സ്കോറുമായി യു.എ.ഇ മുമ്പിലുണ്ട്. ഹോങ്കോങ്, മലേഷ്യ, തായ്ലൻഡ്, ചിലി, സൗദി, സിംഗപ്പൂർ, അർജന്റീന, വിയറ്റ്നാം, തായ്വാൻ എന്നിവരാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാർ. അതേസമയം, മികച്ച ഇന്റർനെറ്റ് ലഭ്യതയിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ ഹോങ്കോങ്, ഡെന്മാർക്ക്, യു.എ.ഇ എന്നിവയാണ് പിന്നാലെയുള്ളത്.
ഏറ്റവും കൂടുതൽ സമയം ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ പട്ടികയിൽ 13ാം സ്ഥാനത്താണ് യു.എ.ഇ. ഏഴുമണിക്കൂറും 29 മിനിറ്റുമാണ് സമയം. 9.38 മണിക്കൂറുമായി ദക്ഷിണാഫ്രിക്കയാണ് ഒന്നാംസ്ഥാനത്ത്. കോവിഡിന് ശേഷം ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.