അബൂദബി: യു.എ.ഇയുടെ സാംസ്‌കാരിക പൈതൃകവും പുരാവസ്തുക്കളും സംരക്ഷിക്കാന്‍ കര്‍ശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമനിര്‍മാണത്തിന് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി.) അംഗീകാരം നല്‍കി. നിയമലംഘനങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പരമാവധി 10 ദശലക്ഷം ദിര്‍ഹം വരെ പിഴയും 10 വര്‍ഷം വരെ തടവുമാണ് പുതിയ കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.
ഫ്രീ സോണുകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ബാധകമാണ് ഈ നിയമം. കെട്ടിടങ്ങളും പുരാവസ്തുക്കളും പോലുള്ള കാണാന്‍ കഴിയുന്നവ മാത്രമല്ല, യു.എ.ഇയുടെ പരമ്പരാഗത കലകള്‍, ആചാരങ്ങള്‍, നാടോടിക്കഥകള്‍ തുടങ്ങിയ സാംസ്‌കാരിക പൈതൃകങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. കൂടാതെ രാജ്യത്തെ പ്രകൃതിദത്തമായ പൈതൃക കേന്ദ്രങ്ങള്‍ക്കും, ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചരിത്രപരവും സാമൂഹികവുമായ മൂല്യമുള്ള കമ്പ്യൂട്ടര്‍ ഫയലുകള്‍, രേഖകള്‍, ചിത്രങ്ങള്‍ (ഡിജിറ്റല്‍ പൈതൃകം) എന്നിവക്കും നിയമം പൂര്‍ണ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്.
ഡിജിറ്റല്‍ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ടതോ മാറ്റിമറിക്കപ്പെട്ടതോ ആയ ചരിത്ര, ശാസ്ത്ര, സാമൂഹിക മൂല്യമുള്ള വിവരങ്ങളാണ് ഡിജിറ്റല്‍ പൈതൃകത്തിന്റെ പരിധിയില്‍ വരിക. കൂടാതെ 1960ന് മുമ്പുള്ളവയെ ചരിത്രപരമായ വാസ്തുവിദ്യയായും അതിനുശേഷമുള്ള സ്‌കൂളുകള്‍, ആശുപത്രികള്‍, മ്യൂസിയങ്ങള്‍, വ്യവസായശാലകള്‍ എന്നിവയെ ആധുനിക വാസ്തുവിദ്യയായും നിയമത്തില്‍ തരംതിരിച്ചിട്ടുണ്ട്. പുരാവസ്തു കേന്ദ്രങ്ങള്‍, കപ്പല്‍ ഭാഗങ്ങള്‍ യു.എ.ഇയുടെ പരിധിയിലുള്ള മുങ്ങിയ വിമാനങ്ങള്‍ എന്നിവയും ഈ പരിരക്ഷയില്‍ ഉള്‍പ്പെടും.
പൈതൃകങ്ങളെ കണ്ടെത്തുക, സംരക്ഷിക്കുക, സുസ്ഥിരമായി നിലനിര്‍ത്തുക, പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുക, സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പൈതൃക വസ്തുക്കള്‍ മനഃപൂര്‍വം നശിപ്പിക്കല്‍, മോഷ്ടിക്കല്‍, അനധികൃത നിര്‍മാണം, അനുമതിയില്ലാതെ കടത്തല്‍ എന്നിവക്ക് അഞ്ചു ലക്ഷം മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെയാണ് പിഴ.
അനുമതിയില്ലാതെ ഖനനം നടത്തല്‍, അവശിഷ്ടങ്ങള്‍ തള്ളല്‍, വ്യാജ രേഖകള്‍ ചമയ്ക്കല്‍ എന്നിവക്ക് മൂന്നു ലക്ഷം മുതല്‍ 50 ലക്ഷം ദിര്‍ഹം വരെ പിഴയും 10 വര്‍ഷം വരെ തടവും ലഭിക്കാം. അനുമതിയില്ലാതെ വസ്തുക്കള്‍ മാറ്റല്‍, പൈതൃക കേന്ദ്രങ്ങളില്‍ പരസ്യം ചെയ്യല്‍, ഇവ കൈവശം വച്ച് രജിസ്റ്റര്‍ ചെയ്യാതിരിക്കല്‍, ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തല്‍ എന്നിവക്ക് മൂന്നു വര്‍ഷം വരെ തടവും ഒരുലക്ഷം മുതല്‍ 50 ലക്ഷം ദിര്‍ഹം വരെ പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്.
യാത്രകള്‍ക്കിടയിലോ അല്ലാതെയോ ഏതെങ്കിലും പുരാവസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 48 മണിക്കൂറിനകം മന്ത്രാലയത്തെയോ അടുത്തുള്ള പൊലീസ് സ്റ്റേഷനെയോ അറിയിക്കണം. രണ്ടു ദിവസത്തിനകം വിവരമറിയിക്കുന്നവര്‍ക്ക് പ്രത്യേക പ്രതിഫലം നല്‍കുമെന്നും നിയമം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.