അബൂദബി: ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ, ഒമാൻ എന്നീ സഹോദര രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും നടത്തിയ ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യു.എ.ഇ ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ ആക്രമണങ്ങൾ സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും, അവയുടെ സുരക്ഷക്കും സ്ഥിരതക്കും വലിയ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ, ഒമാൻ എന്നീ രാജ്യങ്ങളോട് യു.എ.ഇ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവരുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യു.എ.ഇയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
അബൂദബി: ഇറാന്റെ മിസൈലാക്രണം രാജ്യത്തിന്റെ അതിർത്തിക്ക് പുറത്തായിരുന്നുവെന്ന് വിശദീകരിച്ച് യു.എ.ഇ. ആക്രമണം സംബന്ധിച്ച് യു.എ.ഇ നിവാസികൾക്ക് ഞായറാഴ്ച രാവിലെ ജാഗ്രതാ നിർദേശം ലഭിച്ചിരുന്നു. എന്നാൽ, രാജ്യത്തിന്റെ അതിർത്തി കടന്ന് മിസൈലുകൾ എത്തിയിട്ടില്ലെന്നും യു.എ.ഇ സുരക്ഷിതമാണെന്നും ദേശീയ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. രാജ്യനിവാസികളുടെ സുരക്ഷ മുന്നിൽ കണ്ടാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതെന്നും അധികൃതർ വിശദീകരിച്ചു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയോടെ പൂർണ സജ്ജമാണെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി അധികൃതർ വ്യക്തമാക്കി. സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്താൻ ദേശീയ നിരീക്ഷണ സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. അപകടസാധ്യതകൾ വളരെ കുറവാണെങ്കിൽ പോലും, ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് മുൻകൂട്ടിയുള്ള ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത്. അതിനാൽ, ഔദ്യോഗിക ചാനലുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണം. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അതോറിറ്റി ജനങ്ങളോട് അഭ്യർഥിച്ചു.
ഞായറാഴ്ച പുലർച്ചെ വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈൽ ഭീഷണിയോട് പ്രതികരിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് രാജ്യത്തുടനീളമുള്ള താമസക്കാർക്ക് മുൻകരുതലിന്റെ ഭാഗമായി മൊബൈൽ ഫോണുകളിൽ അടിയന്തര ജാഗ്രതാ സന്ദേശം അയച്ചത്.
അടിയന്തര സാഹചര്യത്തിൽ സഹകരിച്ചതിന് ജനങ്ങൾക്ക് നന്ദി അറിയിച്ച അധികൃതർ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സാധാരണ ജീവിതവുമായി മുന്നോട്ട് പോകാമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.