ദുബൈ: വേനലവധിക്കാലത്ത് കുട്ടികൾ നീന്തൽക്കുളങ്ങൾക്ക് സമീപമോ ബീച്ചുകളിലോ ആയിരിക്കുമ്പോൾ മാതാപിതാക്കളുടെ നിരന്തര ശ്രദ്ധയും കരുതലും വേണമെന്ന് ദുബൈ പൊലീസ് ഓർമിപ്പിച്ചു. കുട്ടികളെ ശ്രദ്ധിക്കുന്നതിൽ വരുത്തുന്ന ഏതാനും നിമിഷങ്ങളുടെ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.അവധിക്കാലത്ത് ജലവിനോദങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ദുബൈ പൊലീസിന്റെ ജനറൽ ഡിപാർട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സിന് കീഴിലുള്ള 'ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ ഡിപാർട്മെന്റ്' ഈ മുന്നറിയിപ്പ് നൽകിയത്.
കുട്ടികളെ ഒരു കാരണവശാലും ബീച്ചുകളിലോ പൂളുകളിലോ തനിയെ വിടരുത്. അവിടെയുള്ള ലൈഫ് ഗാർഡുമാരെയോ ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങളെയോ മാത്രം വിശ്വസിച്ച് മാതാപിതാക്കൾ മാറിനിൽക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. കുട്ടികൾ നീന്തുമ്പോൾ മുതിർന്നവരുടെ നേരിട്ടുള്ള ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കണം. സുരക്ഷിതമായ നീന്തൽ സ്ഥലങ്ങൾ മാത്രം തെരഞ്ഞെടുക്കുകയും വേണം. അവിടെ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ നിർദേശങ്ങളും മുന്നറിയിപ്പ് ബോർഡുകളും കർശനമായി പാലിക്കാനും മാതാപിതാക്കളോട് പൊലീസ് അഭ്യർഥിച്ചു.
കുട്ടികൾ വെള്ളത്തിൽ അപകടത്തിൽപ്പെടുമ്പോൾ പലപ്പോഴും ശബ്ദമുണ്ടാക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നും വളരെ പെട്ടെന്ന് തന്നെ നിശബ്ദമായി മുങ്ങിത്താഴാൻ സാധ്യതയുണ്ടെന്നും ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ ഡിപാർട്മെന്റ് ചൂണ്ടിക്കാട്ടി. ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നതിന് മുമ്പു തന്നെ ഇത്തരം അപകടങ്ങൾ സംഭവിക്കാം. അതുകൊണ്ട് കുട്ടികൾ വെള്ളത്തിലിറങ്ങുമ്പോൾ മുതിർന്ന ഒരാൾ എപ്പോഴും അവരുടെ തൊട്ടടുത്തുണ്ടാകണം.
ശരിയായ അവബോധവും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതുമാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള ആദ്യപടിയെന്ന് പോലീസ് ഓർമിപ്പിച്ചു. എല്ലാ കുടുംബങ്ങൾക്കും സുരക്ഷിതവും സന്തോഷകരവുമായ വേനലവധിക്കാലം ദുബൈ പൊലീസ് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.