ദുബൈ: ദുബൈയിലെ റോഡ് ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ‘ലത്തീഫ ബിൻത് ഹംദാൻ കോറിഡോർ’ വികസന പദ്ധതിയുടെ കരാർ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അനുവദിച്ചു. 200 കോടി ദിർഹം ചെലവിൽ 12 കിലോമീറ്റർ നീളത്തിലാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചക്ക് അനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ദുബൈയുടെ ആഗോള സാമ്പത്തിക മത്സരശേഷി വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2028 അവസാനത്തോടെ ഇതിന്റെ നിർമാണം പൂർത്തിയാകും.
ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നീ പ്രധാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ലിങ്കായി പുതിയ കോറിഡോർ മാറും.
പദ്ധതിയുടെ ഭാഗമായി മൊത്തം 3,200 മീറ്റർ നീളത്തിൽ 15 പാലങ്ങളും തുരങ്കങ്ങളും നിർമിക്കും. ഇതിൽ 2,300 മീറ്റർ നീളമുള്ള ഏഴു പാലങ്ങളും 900 മീറ്റർ നീളമുള്ള എട്ട് തുരങ്കങ്ങളും ഉൾപ്പെടുന്നു. കൂടാതെ, നിലവിലുള്ള റോഡുകൾ നാല് വരിപ്പാതകളായി ഉയർത്തുകയും പുതിയ ഇന്റർചേഞ്ചുകൾ സ്ഥാപിക്കുകയും ചെയ്യും.
പുതിയ പാത യാഥാർഥ്യമാകുന്നതോടെ ദുബൈയിലെ കിഴക്ക്-പടിഞ്ഞാറ് റോഡ് കോറിഡോറുകളുടെ ശേഷിയിൽ 12 ശതമാനം വർധനവുണ്ടാകും. ഇരുദിശകളിലുമായി മണിക്കൂറിൽ 16,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ഇടനാഴിയിലൂടെ പ്രതിദിനം 1,30,000ത്തിലധികം വാഹനങ്ങൾ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പ്രധാനമായി, ഉം അൽ ശീഫ് സ്ട്രീറ്റിനും എമിറേറ്റ്സ് റോഡിനും ഇടയിലുള്ള യാത്രാ സമയം 33 മിനിറ്റിൽ നിന്ന് വെറും 15 മിനിറ്റായി കുറയും. യാത്രക്കാർക്ക് 54 ശതമാനം സമയലാഭമാണ് ഇത് നൽകുന്നത്.
നാദ് അൽ ഷെബ, അൽ ബരാരി, ദുബൈ ഹിൽസ്, ദുബൈ ഡിസ്ട്രിക്റ്റ് വൺ, മുഹമ്മദ് ബിൻ റാശിദ് ഗാർഡൻസ്, ഗ്ലോബൽ വില്ലേജ് തുടങ്ങി ദുബൈയിലെ പ്രധാനപ്പെട്ട റെസിഡൻഷ്യൽ, വാണിജ്യ മേഖലകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഈ പദ്ധതി നേരിട്ട് പ്രയോജനം ചെയ്യും.
ഏകദേശം 6,50,000 താമസക്കാർക്കും സന്ദർശകർക്കുമാണ് ഇതുവഴി യാത്രാസൗകര്യം എളുപ്പമാവുക. കൂടാതെ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി അൽ ഖുദ്റ മുതൽ ജുമൈറ വരെയുള്ള ട്രാക്കുകളെ ബന്ധിപ്പിച്ച് 12.5 കിലോമീറ്റർ നീളത്തിൽ പുതിയ സൈക്ലിങ് ട്രാക്കുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്.
ദുബൈ ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള വികസന കാഴ്ചപ്പാടുകളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു. ദുബൈ ഇക്കണോമിക് അജണ്ട ഡി33, ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ എന്നിവയുടെ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ പ്രൊജക്റ്റ്.
നേരത്തെ ഈ കോറിഡോറിന്റെ പടിഞ്ഞാറൻ ഭാഗം വികസിപ്പിച്ച് ജുമൈറയിൽനിന്ന് അൽ ഖൈൽ റോഡിലേക്കുള്ള യാത്രാ സമയം 12 മിനിറ്റിൽ നിന്ന് നാലുമിനിറ്റായി ആർ.ടി.എ കുറച്ചിരുന്നു. പുതിയ ഘട്ടം കൂടി പൂർത്തിയാകുന്നതോടെ ദുബൈയിലെ റോഡ് ശൃംഖല ലോകോത്തര നിലവാരത്തിലേക്ക് കൂടുതൽ ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.