ഷാർജ: ഉപയോഗിച്ച കാറുകളുടെ രാജ്യത്തെ ഏറ്റവും വലിയ വിപണിയായ സൂക്ക് അൽ ഹറജിൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾക്ക് ആവശ്യക്കാരേറി. 20 ശതമാനം വളർച്ചയാണ് ഇത്തരം കാറുകളുടെ വിപണനത്തിൽ നടപ്പ് വർഷം രേഖപ്പെടുത്തിയത്. വലിയ കാറുകളോട് ഉപഭോക്താക്കൾക്ക് മുഹബത്ത് കുറഞ്ഞപ്പോൾ ചെറു വാഹനങ്ങളോട് കൂടുകയായിരുന്നു.
ക്രൂഡ് ഓയിൽ വില വർധനയും മൂല്യവർധിത നികുതിയും (വാറ്റ്) വിപണിയെ സ്വാധിനിച്ച പ്രധാന ഘടകങ്ങളാണ്. സൂക്കിൽ സ്വദേശികളും വിദേശികളും ആവശ്യക്കാരായി എത്തുന്ന സൂക്കിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കാണ് കൂടുതൽ വാഹനങ്ങൾ കയറ്റി പോകുന്നത്. ആഗോള തലത്തിൽ വന്ന വിപണന മാറ്റങ്ങളും വിലവർധനയും ഇന്ധനക്ഷമതയുള്ള വാഹനങ്ങളുടെ ആവശ്യം ഉയർത്തിയിട്ടുണ്ട്. ചെറു എഞ്ചിൻ കാറുകളുടെ ഡിമാൻഡിൽ 20 ശതമാനം വളർച്ചയാണ് കണ്ടത്. അടുത്ത ഭാവിയിൽ ഈ വളർച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി സൂക്കിെൻറ ആക്ടിംഗ് മാനേജർ മജീദ് ആൽ മുഅല്ല പറഞ്ഞു.
ഡീലർമാർക്കും വാങ്ങുന്നവർക്കും കൂടുതൽ മൂല്യം, വൈവിധ്യം, സുതാര്യത, വിശ്വാസ്യത, സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയാണ് സൂക്ക് പ്രവർത്തിക്കുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി 2016 ജനുവരിയിലാണ് സുക് അൽ ഹറാജിെൻറ ഉദ്ഘാടനം നിർവ്വഹിച്ചത്.
വാഹന വിപണന രംഗത്ത് വൻ കുതിച്ച് ചാട്ടം ലക്ഷ്യം വെച്ചും പ്രാദേശിക, അന്തർദേശിയ തലത്തിലുള്ള കാർ ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിക്കാനും അത് വഴി ഷാർജയെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കാനും ലക്ഷ്യം വെച്ചുള്ള വിപണി വൻ വിജയമാണ് നേടിയത്. അബു ഷഹാര മേഖലയിൽ ശ്വാസം വിടാൻ പോലും സ്ഥലമില്ലാതെ ഞെരുങ്ങി കിടന്നിരുന്ന കാർ വിപണിയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അജ്മാൻ അതിർത്തിക്ക് സമീപത്തുള്ള, ആധുനിക രീതിയിൽ ഒരുക്കിയ മേഖലയിലേക്ക് പറിച്ച് നട്ടത്. ഷാർജ രാജ്യാന്തര വിമാനതാവളം, തസ്ജീൽ വില്ലേജ്, എമിറേറ്റ്സ്, ദൈദ് റോഡുകളുടെ പിന്തുണ എന്നിവയെല്ലാം സൂക് അൽ ഹറാജിെൻറ വളർച്ച സ്വാധിനിച്ച നിർണായക ഘടകങ്ങളായി. 420,000 ചതുരശ്ര മീറ്റർ വിസ്തീർണമാണ് സൂകിന്. ഇതിൽ കാൽ ലക്ഷം കാറുകൾ വിൽപ്പനക്ക് നിരത്തിയിരിക്കുന്ന 415 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. 30ലേറെ കാർ അക്സസറി ഷോപ്പുകളുമുണ്ട്. സൂപ്പർ മാർക്കറ്റുകൾ, ഭക്ഷണശാലകൾ, കഫേകൾ, ബാങ്കുകൾ, മണി എക്സ്ചേഞ്ച്, ഇൻഷുറൻസ്, ടൈപ്പിങ് സെൻററുകൾ, പള്ളികൾ എന്നിവയും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.