ദുബൈ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും കാറ്റിലും ദുബൈ പൊലീസിന് ലഭിച്ചത് 39,299 കാളുകൾ. ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇത്രയധികം കോളുകൾ വന്നത്. സഹായമഭ്യർഥിച്ചും അന്വേഷണത്തിനുമായാണ് കൂടുതൽ പേരും പൊലീസിനെ ബന്ധപ്പെട്ടത്. ഇതിൽ 32,391 കോളുകൾ എത്തിയത് 999 എന്ന എമർജൻസി നമ്പർ വഴിയാണ്. നോൺ എമർജൻസി നമ്പറായ 901ൽ എത്തിയത് 6,908 കാളുകളാണ്. കൂടാതെ പൊലീസിന്‍റെ കാൾ സെന്‍ററുകൾ 427 ഇ-മെയിലുകളും ദുബൈ പൊലീസ് വെബ്സൈറ്റ് വഴി വന്ന 1690 ലൈവ് ചാറ്റ് അഭ്യർഥനകളും കൈകാര്യം ചെയ്തു.
എല്ലാവർക്കും യഥാസമയം മാർഗനിർദേശങ്ങളും പിന്തുണയും പൊലീസിന് നൽകാനായതായി അധികൃതർ അറിയിച്ചു. 18, 19 തീയതികളിൽ അതിശക്തമായ മഴയിൽ പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനും തടസ്സങ്ങൾ കുറക്കുന്നതിനുമായി ദുബൈ പൊലീസ് 24 മണിക്കൂറും നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലും 901 എന്ന നമ്പറുള്ള കോൺടാക്ട് സെന്‍ററിലും വരുന്ന കോളുകൾ കൈകാര്യം ചെയ്യാനായി പ്രഫഷനൽ ടീമിനെയാണ് പൊലീസ് നിയോഗിച്ചിരുന്നത്.
അതേസമയം, ഷാർജ മുനിസിപ്പാലിറ്റിയിലും നിരവധി സഹായാഭ്യർഥന കാളുകളാണ് ഈ ദിവസങ്ങളിൽ എത്തിയത്. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് 522 റിപ്പോർട്ടുകളും മരങ്ങൾ വീണതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. 993 എന്ന കാൾ സെന്‍റർ നമ്പർ മുഴുവൻ സമയവും പ്രവർത്തിച്ചിരുന്നു.
ഷാർജ പൊലീസ്, ധ്രുത കർമ സേന എന്നിവയുമായി നേരിട്ട് ബന്ധപ്പെടുത്തിക്കൊണ്ടാണ് ഹോട്ട്ലൈൻ നമ്പർ പ്രവർത്തിച്ചിരുന്നത്. കൂടാതെ അസ്ഥിര കാലാവസ്ഥയിൽ കാൾ സെന്‍ററുകൾക്ക് പ്രത്യേക സഹായ നമ്പറുകളും അതോറിറ്റി അനുവദിച്ചിരുന്നു. കാലാവസ്ഥ കെടുതികളുടെ സാഹചര്യത്തിൽ രാജ്യവ്യാപകമായി സുരക്ഷ അലർട്ടുകളും മാർഗനിർദേശങ്ങളും പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.