ദുബൈ: തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതി രണ്ടു വിഭാഗങ്ങൾക്കുകൂടി നിർബന്ധമാക്കി. ഫ്രീസോണിലും അർധസർക്കാർ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ജീവനക്കാരെയുമാണ് പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ബുധനാഴ്ച യു.എ.ഇ മാനവവിഭവശേഷി, എമിറാറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഈ വർഷം ജനുവരി ഒന്നു മുതൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പദ്ധതിയിൽ അംഗത്വം നിർബന്ധമാക്കിയിരുന്നെങ്കിലും ഫ്രീസോണിലെയും അർധസർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാരെ ഒഴിവാക്കിയിരുന്നു. എന്നാൽ, പുതുതായി ഉൾപ്പെടുത്തിയവരടക്കം എല്ലാവരും ജൂൺ 30നകം പദ്ധതിയിൽ അംഗത്വമെടുക്കണമെന്നാണ് നിർദേശം
. അല്ലാത്തപക്ഷം 400 ദിർഹം പിഴ നൽകേണ്ടിവരുമെന്നാണ് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പു നൽകുന്നത്. നിശ്ചിത തീയതി മുതൽ മൂന്നു മാസത്തിലധികം പ്രീമിയം അടക്കുന്നതിൽ പരാജയപ്പെട്ടാൽ 200 ദിർഹം പിഴയും നൽകേണ്ടിവരും. പദ്ധതിയിൽ ചേരാൻ മന്ത്രാലയത്തിന്റെ https://iloe.ae/ എന്ന പോർട്ടലിൽ ‘മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്ത ജീവനക്കാർ’ എന്ന വിഭാഗത്തിൽ പോയി പേര് നൽകണം.
16,000 ദിർഹം വരെ ശമ്പളമുള്ളവർക്ക് മാസം അഞ്ചു ദിർഹമോ വർഷം 60 ദിർഹമോ പ്രീമിയം നൽകി പദ്ധതിയിൽ ചേരാം. 16,000 ദിർഹത്തിനു മുകളിൽ ശമ്പളമുള്ളവർക്ക് മാസം 10 ദിർഹമോ വർഷത്തിൽ 120 ദിർഹമോ പ്രീമിയം അടച്ച് ഇൻഷുറൻസ് പരിരക്ഷയുടെ ഭാഗമാകാം. 16,000 ദിർഹം വരെ ശമ്പളമുള്ളവർക്ക് ജോലി നഷ്ടപ്പെട്ട് മൂന്നു മാസം വരെ 10,000 ദിർഹമും 16,000ത്തിനു മുകളിൽ ശമ്പളമുള്ളവർക്ക് 20,000 ദിർഹമുമാണ് ഇൻഷുറൻസ് തുക ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.