രാജ്യാന്തര ക്രിക്കറ്റിൽ യു.എ.ഇ അത്ര വലിയ ശക്തിയൊന്നുമല്ല. എന്നാൽ, ക്രിക്കറ്റിന്‍റെ ചരിത്ര പുസ്തകത്തിൽ ഒരിക്കലും ഒഴിവാക്കാനാകാത്ത ശക്തിയാണ് യു.എ.ഇ എന്ന രാജ്യം. ലോകത്ത് ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ നടത്തിയ സ്റ്റേഡിയമുള്ള രാജ്യത്താണ് ലോകകപ്പും ഏഷ്യകപ്പും പോലുള്ള മഹാമാമാങ്കങ്ങൾ അരങ്ങേറിയത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐ.പി.എൽ) ഒന്നിലേറെ തവണ ആതിഥ്യം വഹിച്ച യു.എ.ഇ ഇപ്പോഴിതാ ഐ.പി.എൽ മാതൃകയിൽ സ്വന്തം ലീഗുമായി എത്തിയിരിക്കുകയാണ്.
ലോകോത്തര താരങ്ങളെ അണിനിരത്തി യു.എ.ഇ ഒരുക്കുന്ന ഇന്‍റർനാഷനൽ ടി 20 ലീഗ് (ഐ.എൽ ടി20) ജനുവരി 13 മുതൽ ഫെബ്രുവരി 12 വരെ നടക്കും. ആറ് വമ്പൻ ഫ്രാഞ്ചൈസികളാണ് ടീമുകളെ സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ അഞ്ചും ഇന്ത്യയിൽ നിന്നാണ് എന്നത് ഇന്ത്യക്കാർക്കിടയിലും ഈ ടൂർണമെന്‍റിനെ പ്രിയപ്പെട്ടതാക്കുന്നു. 34 മത്സരങ്ങളുണ്ടാകും. ഓരോ ടീമും രണ്ട് തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് ഷെഡ്യൂൾ. നാല് േപ്ല ഓഫ് മത്സരങ്ങളുണ്ടാകും.
ഐ.പി.എൽ ടീമുകളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി കാപ്പിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നിവ ഇവിടെയും ടീമുകളെ ഏറ്റെടുത്തിട്ടുണ്ട്. ഷാരൂഖ് ഖാന്‍റെ ഉടമസ്ഥയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി കാപ്പിറ്റൽസിന്‍റെ ഉടമകളായ ജി.എം.ആർ ഗ്രൂപ്പ്, മുംബൈ ഇന്ത്യൻസിന്‍റെ ഉടമകളായ റിലയൻസ്, ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാപ്രി ഗ്ലോബൽ, അദാനി ഗ്രൂപ്പിന്‍റെ അദാനി സ്പോർട്സ് ലൈൻ എന്നിവയാണ് ഇന്ത്യൻ ഫ്രാഞ്ചൈസികൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുട്ബാൾ ടീമിന്‍റെ ഉടമകളായ ലാൻസർ കാപ്പിറ്റലാണ് ഇന്ത്യയിൽ നിന്നല്ലാത്ത ഏക ഫ്രാഞ്ചൈസി.
അബൂദബി നൈറ്റ് റൈഡേഴ്സ്
ഷാരൂഖ് ഖാന്‍റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ യു.എ.ഇ വേർഷനാണ് അബൂദബി നൈറ്റ് റൈഡേഴ്സ്. കൊൽക്കത്തയുടെ വെസ്റ്റിൻഡീസ് താരം സുനിൽ നരൈനാണ് അബൂദബി റൈഡേഴ്സിനെ നയിക്കുന്നത്. മറ്റൊരു കൊൽക്കത്തൻ താരം ആന്ദ്രേ റസലും ടീമിലുണ്ട്. ഇംഗ്ലീഷ് വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ ജോണി ബെയർസ്റ്റോയാണ് ടീമിന്‍റെ കുന്തമുന. ലങ്കൻ താരങ്ങളായ ലാഹിറു കുമാര, അസലങ്ക, ദക്ഷിണാഫ്രിക്കയുടെ കോളിൻ ഇൻഗ്രാം തുടങ്ങിയവരും ടീമിൽ അണിനിരക്കുന്നു.
എം.ഐ. എമിറേറ്റ്സ്
ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസിന്‍റെ സ്വന്തം ടീമാണ് എം.ഐ. എമിറേറ്റ്സ്. മുംബൈ താരമായിരുന്ന കിറോൺ പൊള്ളാഡാണ് നായകൻ. വെസ്റ്റിൻഡീസിൽ നിന്നുള്ള സഹതാരങ്ങളായ ഡ്വൈൻ ബ്രാവോയും നിക്കോളാസ് പുരാനും ടീമിലുണ്ട്. ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾട്ടാണ് ബൗളിങ് കരുത്ത്. മലയാളിയായ യു.എ.ഇ ദേശീയ താരം ബാസിൽ ഹമീദും ടീമിലുണ്ട്. ട്വന്‍റി ലോകകപ്പിലും പ്രാദേശിക ലീഗുകളിലും ബാസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള യു.എ.ഇ താരം വൃത്യ അരവിന്ദും പാഡണിയും.
ഡസർട്ട് വൈപ്പേഴ്സ്
മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ലാൻസർ കാപ്പിറ്റൽ ഇറക്കുന്ന ടീമാണ് ഡസർട്ട് വൈപ്പേഴ്സ്. ടൂർണമെന്‍റിൽ ഇന്ത്യക്ക് പുറത്തുള്ള ഏക ഫ്രാഞ്ചൈസിയും ഇവരാണ്. ഫുട്ബാളിൽ പയറ്റിത്തെളിഞ്ഞ ഇവർ ക്രിക്കറ്റിൽ ഒരു കൈ നോക്കാൻ ഇറങ്ങുമ്പോൾ കൈയിലുള്ളത് ഒരുപിടി മികച്ച താരങ്ങളാണ്. സൂപ്പർ താരങ്ങളെ നോക്കാതെ മികച്ച കളിക്കാരെ അണിനിരത്താനാണ് ഇവരുടെ ശ്രമം. ന്യൂസിലാൻഡ് വെടിക്കെട്ട് താരം കോളിൻ മൺറോയാണ് നായകൻ. ലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരംഗ, ഇംഗ്ലണ്ടിന്‍റെ അലക്സ് ഹെയിൽസ്, ടോം കറൻ, സാം ബില്ലിങ്സ്, വെസ്റ്റിൻഡീസിന്‍റെ ഷെൽഡൻ കോട്രൽ, റൂതർഫോഡ് തുടങ്ങി ഒരുപിടി മികച്ച താരങ്ങളുണ്ട്.
ദുബൈ കാപ്പിറ്റൽസ്
ഐ.പി.എൽ കരുത്തൻമാരായ ഡൽഹി കാപ്പിറ്റൽസിന്‍റെ സ്വന്തം ടീമാണ് ദുബൈ കാപ്പിറ്റൽസ്. വിൻഡിസ് ഓൾറൗണ്ടർ റൊവ്മാൻ പവൽ നയിക്കുന്ന ടീമിൽ ശ്രീലങ്കൻ നായകൻ ദാസുൻ ഷനകയുമുണ്ട്. മറ്റ് ലങ്കൻ താരങ്ങളായ ഭാനുക രാജപക്ഷ, ദുഷ്മന്ത ചമീര എന്നിവർ യു.എ.ഇയിൽ നടന്ന ഏഷ്യകപ്പിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ബൗളിങിന് ചുക്കാൻ പിടിക്കുന്നത് അഫ്ഗാനിസ്ഥാന്റെ സ്റ്റാർ സ്പിന്നർ മുജീബുർ റഹ്മാനായിരിക്കും. ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും ടീമിലുണ്ട്. വിൻഡീസ് ഓൾറൗണ്ടർ ഫാബിയൻ അലനാണ് മറ്റൊരു പ്രതീക്ഷവെക്കുന്ന താരം. സിക്കന്ദർ റാസ, ഇസുറു ഉഡാന, ഹസറത്തുള്ള സെസായി, ചിരാഗ് സുരി എന്നിവരും ടീമിന്‍റെ പ്രതീക്ഷകളാണ്.
ഗൾഫ് ജയന്റ്സ്
അദാനി ഗ്രൂപ്പിന്‍റെ ടീമാണ് ഗൾഫ് ജയന്റ്സ്. ഇംഗ്ലണ്ട് ഓൾറൗണ്ടർ ജെയിംസ് വിൻസിനെ നായകനാക്കി ഇറങ്ങുന്ന ടീമിൽ സഹതാരം ക്രിസ് ജോർദാനുമുണ്ട്. വെസ്റ്റിൻഡ്യൻ തീപ്പൊരി ഷിംറോൺ ഹെറ്റ്മെയർ, ഡൊമിനിക് ഡ്രേക്സ്, ആസ്ട്രേലിയയുടെ ക്രിസ് ലിൻ എന്നിവർ ടീമിൽ അണിനിരക്കും. യു.എ.ഇ ടീമിന്‍റെ മലയാളി നായകൻ സി.പി. റിസ്വാനാണ് മറ്റൊരു പ്രധാന താരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയുള്ള ഏക മലയാളി താരമാണ് റിസ്വാൻ. മറ്റൊരു ഇന്ത്യക്കാരനായ യു.എ.ഇ താരം ആയാൻ അഫ്സൽ ഖാനും ടീമിലുണ്ട്.
ഷാർജ വാരിയേഴ്സ്
ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാപ്രി ഗ്ലോബൽ മികച്ച നിരയുമായാണ് കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊഈൻ അലി നയിക്കുന്ന ടീമിൽ നാട്ടുകാരൻ ഡേവിഡ് മലനും വെസ്റ്റിൻഡീസിന്‍റെ എവിൻ ലൂയിസും കളം നിറയും. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് മറ്റൊരു പ്രധാന താരം. ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ക്രിസ് ബഞ്ചമിൻ, ക്രിസ് വോക്സ്, അഫ്ഗാന്റെ റഹ്മത്തുള്ള ഗുർബാസ്, നവീൻ ഉൾ ഹഖ് എന്നിവരും ടീമിന് കരുത്ത് പകരുന്നു. യു.എ.ഇ ടീമിലെ മറ്റൊരു മലയാളി താരം അലിഷാൻ ഷറഫുവും ടീമിലുണ്ട്. തമിഴ്നാട്ടുകാരനായ യു.എ.ഇ സ്പിന്നർ കാർത്തിക് മെയ്യപ്പനാണ് മറ്റൊരു താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.