യു.എ.ഇയിൽനിന്ന് പോർട്ട് സുഡാനിൽ എത്തിയ വൈദ്യ സഹായ ഉപകരണങ്ങൾ
ദുബൈ: ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സുഡാന് വീണ്ടും സഹായഹസ്തം നീട്ടി യു.എ.ഇ. 50 ടൺ മരുന്നും അനുബന്ധ ഉപകരണങ്ങളുമായി ദുബൈയിൽനിന്ന് പുറപ്പെട്ട ചരക്ക് വിമാനം ശനിയാഴ്ച സുഡാൻ നഗരമായ പോർട്ട് സുഡാനിലെത്തി. ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകൾ, ശസ്ത്രക്രിയ ടേപ്പുകൾ, മുറിവുകൾ കെട്ടാനുള്ള പരുത്തിത്തുണികൾ, മുറിവുകളിൽ നിന്ന് നശിച്ച കോശങ്ങൾ നീക്കം ചെയ്യാനുള്ള കിറ്റുകൾ എന്നിവയാണ് എത്തിച്ചത്.
1,65,000 പേർക്കുള്ള വൈദ്യസഹായമാണ് പോർട്ട് സുഡാനിൽ എത്തിച്ചിരിക്കുന്നത്. 13 ആരോഗ്യകേന്ദ്രങ്ങളും ഇവർക്കായി ഒരുക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) വ്യക്തമാക്കി. സംഘർഷ സാധ്യത കുറഞ്ഞ നഗരമെന്ന നിലയിലാണ് ചരക്കുകൾ പോർട്ട് സുഡാനിൽ എത്തിച്ചിരിക്കുന്നത്. വിമാനമാർഗമോ ചെങ്കടൽ മുറിച്ചുകടന്നോ ഇവിടേക്ക് സഹായം എത്തിക്കാനാവും. എന്നാൽ, സുരക്ഷ അനുമതികൾ വിലയിരുത്തിയ ശേഷമായിരിക്കും ഉപകരണങ്ങൾ വിതരണം ചെയ്യുകയെന്ന് ഡബ്ല്യൂ.എച്ച്.ഒ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിൽ മധ്യത്തോടെയാണ് സുഡാനിൽ ആഭ്യന്തര സംഘർഷം ആരംഭിച്ചത്. സുഡാൻ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലാണ് രക്തരൂഷിതമായ ഏറ്റുമുട്ടൽ നടക്കുന്നത്.
സംഘർഷം ആരംഭിച്ചശേഷം ഇത് മൂന്നാം തവണയാണ് യു.എ.ഇ മാനുഷിക സഹായങ്ങൾ സുഡാന് കൈമാറുന്നത്. ആദ്യ ഘട്ടത്തിൽ 30 ടൺ മരുന്നും അടിയന്തര വൈദ്യസഹായ ഉപകരണങ്ങളും യു.എ.ഇ സുഡാന് കൈമാറിയിരുന്നു.
അതേസമയം, ഏഴ് രാജ്യങ്ങളിൽനിന്നുള്ള പൗരൻമാരും മാധ്യമപ്രവർത്തകരും അടക്കം 176 പേരുമായി യു.എ.ഇ വിമാനം ശനിയാഴ്ച ദുബൈയിൽ എത്തി. രക്ഷാ ദൗത്യത്തിന്റെ ഭാഗമായാണ് ഇവരെ ദുബൈയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.