ദുബൈ: രാജ്യത്തെ വിദേശ വ്യാപാരത്തിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 5.23 ലക്ഷം കോടി ദിർഹത്തിന്റെ വിദേശ വ്യാപാരം നടന്നതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ആ വർഷം വ്യാപാര മിച്ചം 4900 കോടി ദിർഹമിലധികമാണ്. ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ഞായറാഴ്ച ശൈഖ് മുഹമ്മദ് കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം 6500 കോടി ദിർഹത്തിന്റെ സേവനങ്ങളാണ് രാജ്യത്തുനിന്നും വിദേശത്തേക്ക് കയറ്റുമതി ചെയ്തത്. ഇതിൽ 1910 കോടി ദിർഹത്തിന്റെ ഡിജിറ്റൽ സേവനങ്ങൾ ഉൾപ്പെടും. ഇതു മൊത്തം സേവന കയറ്റുമതിയുടെ 30 ശതമാനം വരും. ലോക വ്യാപാര സംഘടനയുടെ കണക്കുകൾ അനുസരിച്ച് 2024ൽ 2.2 ലക്ഷം കോടി മൂല്യമുള്ള ഉൽപന്നങ്ങളാണ് യു.എ.ഇ കയറ്റുമതി ചെയ്തത്.
തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് ആറു ശതമാനമാണ് ഈ രംഗത്തെ വളർച്ച. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ആകെ വ്യാപാര കയറ്റുമതിയിൽ 41 ശതമാനവും യു.എ.ഇയുടേതാണ്. മേഖലയിൽ മുൻനിര വ്യാപാര ഹബ് എന്ന പദവി ഊട്ടി ഉറപ്പിക്കുന്നതാണ് ഈ കണക്കുകൾ എന്നും ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു.
വലിയ സാമ്പത്തിക, വാണിജ്യ വെല്ലുവിളികൾ നേരിടുന്ന ഒരു ലോകത്ത് തുടക്കം മുതൽതന്നെ തുറന്ന ഒരു പാത യു.എ.ഇ തെരഞ്ഞെടുത്തിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുക, സ്വതന്ത്രമായ വ്യാപാരം, മൂലധനം, ജനങ്ങളുടെ ചലനം എന്നിവ സാധ്യമാക്കാനും സാധിച്ചതായി ശൈഖ് മുഹമ്മദ് പറഞ്ഞു. ഇന്ന് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സുപ്രധാനമായ പാലമായി നിലകൊള്ളാൻ യു.എ.ഇക്ക് കഴിയുന്നു.
അതോടൊപ്പം ആഗോള സാമ്പത്തിക ഹബ്ബായും യു.എ.ഇ മാറി. യാത്രയുടെ ഈ വളർച്ച തുടരും. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിന് കീഴിൽ ഈ നേട്ടങ്ങൾ സംരക്ഷിക്കുകയും പുതിയ നേട്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.