സ്വദേശിവത്കരണം പൂർത്തിയാക്കണം; സ്വകാര്യ കമ്പനികൾക്ക് യു.എ.ഇ​ മുന്നറിയിപ്പ്​

ദുബൈ: ഈ വർഷത്തെ എമിററ്റൈസേഷൻ ലക്ഷ്യം ഡിസംബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ പിഴ ചുമത്തുമെന്ന്​ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക്​ മുന്നറിയിപ്പ്​. മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ്​ കഴിഞ്ഞ ദിവസം ഇത്​സംബന്ധിച്ച മുന്നറിയിപ്പ്​ പുറപ്പെടുവിച്ചത്​.

50തോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ ഓരോ വർഷവും രണ്ട്​ ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്നാണ്​ നിയമം. 20 മുതൽ 49 വരെ ജീവനക്കാരുള്ള 14 സുപ്രധാനമേഖലകളിൽ പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്നും നിയമമുണ്ട്​.

സ്വദേശിവത്കരണം ആരംഭിച്ചതോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.52 ലക്ഷം കടന്നതായി നേരത്തെ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം വ്യക്​തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മേയിൽ ഒരു ലക്ഷമായിരുന്നതാണ്​ അതിവേഗത്തിൽ വർധിച്ചത്​. രാജ്യത്തെ 29,000ലേറെ കമ്പനികളിലായാണ് സ്വദേശികൾ ജോലി ചെയ്തുവരുന്നത്​.

ഇക്കഴിഞ്ഞ ജൂൺ 30 വരെയുള്ള കണക്കാണ്​ മന്ത്രാലയം പുറത്തുവിട്ടത്​. രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലകളായ ബിസിനസ്​ സേവനങ്ങൾ, സാമ്പത്തിക ഇടനില പ്രവർത്തനം, വ്യാപാരം, റിപ്പയർ സേവനങ്ങൾ, നിർമാണം, ഉൽപാദനം എന്നീ മേഖലകളിലെല്ലാം സ്വദേശികളുടെ സാന്നിധ്യമുണ്ട്​.

നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ 2026ഓടെ 10 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കാനുള്ള ലക്ഷ്യവുമായി ‘നാഫിസ്​’ പദ്ധതി 2021ലാണ്​ രാജ്യത്ത്​ ആരംഭിച്ചത്​​. ഇതിന്‍റെ ഭാഗമായി ഓരോ വർഷവും രണ്ട്​ ശതമാനം വീതമാണ്​ നിയമനം നടത്തേണ്ടത്​. 2023ലെ കാബിനറ്റ് തീരുമാനമനുസരിച്ച്​ നിയമിക്കാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 7,000 ദിർഹം നിരക്കിൽ ആറുമാസത്തേക്ക്​ 42,000 ദിർഹം പിഴ ചുമത്തും.

Tags:    
News Summary - UAE warns private companies to complete indigenization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.