അബൂദബി: എമിറേറ്റിലെ റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, വ്യവസായ മേഖലകളില്‍ വാടക വര്‍ധന താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള പുതിയ സര്‍ക്കാര്‍ നയം വിപണിയെ കൂടുതല്‍ സുസ്ഥിരമാക്കാന്‍ സഹായിക്കുമെന്ന് സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് വിദഗ്ധര്‍. വാടക കുതിച്ചുയരുന്ന സാഹചര്യത്തില്‍ വാടകക്കാരെയും ബിസിനസ് സ്ഥാപനങ്ങളെയും സംരക്ഷിക്കാന്‍ ജൂണിലാണ് താല്‍ക്കാലിക ഉത്തരവ് നടപ്പാക്കിയത്. മുമ്പ് നിലവിലുണ്ടായിരുന്ന, വാര്‍ഷിക വാടകയില്‍ പരമാവധി അഞ്ച് ശതമാനം വരെ വര്‍ധനവ് അനുവദിക്കുന്ന നിയമം താല്‍ക്കാലികമായി റദ്ദാക്കപ്പെടുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം നിലവിലുള്ള 'തൗതീഖ്' കരാറിലെ അതേ തുകക്ക് തന്നെ ഉടമകള്‍ പുതുക്കി നല്‍കേണ്ടതുണ്ട്.
അബൂദബിയിലെ നിക്ഷേപ മേഖലകളില്‍ ഉള്‍പ്പെടെ വാടക നിരക്കുകളില്‍ 15 മുതല്‍ 23 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് അധികൃതരുടെ നിര്‍ണായക ഇടപെടല്‍. കുതിച്ചുയരുന്ന വാടക നിരക്കില്‍ നിന്നും പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളില്‍ നിന്നും കുടുംബങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഇത് വലിയ ആശ്വാസം നല്‍കും. കോവിഡ് കാലത്ത് ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ രീതിയില്‍ വാടക വര്‍ധന താല്‍ക്കാലികമായി നിയന്ത്രിച്ചിരുന്നു.
ദീര്‍ഘകാലത്തേക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങളെയും പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തെയും ബാധിക്കുമെന്ന ആശങ്ക ചില സാമ്പത്തിക വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ടെങ്കിലും അബൂദബിയുടെ ശക്തമായ ജനസംഖ്യാ വളര്‍ച്ചയും കൃത്യമായ വിപണി നിയന്ത്രണങ്ങളും ഈ ആശങ്കകളെ മറികടക്കാന്‍ സഹായിക്കും. താല്‍ക്കാലികമായ ഈ നിയന്ത്രണം റിയല്‍ എസ്റ്റേറ്റ് വിപണിയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ കുറക്കാനും നിക്ഷേപകര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വബോധം നല്‍കാനും സഹായിക്കുമെന്ന് കൊമേഴ്സ്യല്‍ വാല്യൂവേഷന്‍ ഡയറക്ടര്‍ ആന്‍ഡ്രൂ ലാവെര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.