ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ആസ്റ്റർ വൊളന്‍റിയർമാർ വൃക്ഷത്തൈ നടുന്നു
ദുബൈ: 2026-ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്‍റെ ആഗോള സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വളണ്ടിയർമാർ യു.എ.ഇയിൽ രണ്ട് സുപ്രധാന പരിസ്ഥിതി ഉദ്യമങ്ങൾ സംഘടിപ്പിച്ചു. 'ആസ്റ്റർ ഗ്രീൻ ചോയ്സസ്' പ്രോഗ്രാമിന് കീഴിൽ വനവൽക്കരണത്തിലും ഇ–മാലിന്യ സംസ്കരണത്തിലുമാണ് ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ദുബൈ മുനിസിപ്പാലിറ്റിയുടെ കാർഷിക വകുപ്പുമായി സഹകരിച്ച് ആസ്റ്റർ ഗ്രൂപ് ഹെഡ് ടി.ജെ. വിൽസണിന്‍റെ നേതൃത്വത്തിൽ യു.എ.ഇയിലെ മെഡ്കെയർ ആശുപത്രികൾ, മെഡിക്കൽ സെന്‍ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ആസ്റ്റർ വളണ്ടിയർമാരാണ് ദുബൈയിലെ അൽ ഖവാനീജ് പാർക്കിൽ 67 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്.
വൈവിധ്യമാർന്ന തദ്ദേശീയവും അലങ്കാര ഇനത്തിൽപെട്ടതുമായ മരങ്ങളാണ് ഇവിടെ നട്ടത്. ഇതോടെ ജി.സി.സിയിലുടനീളം ആസ്റ്റർ നട്ട മരങ്ങളുടെ എണ്ണം 4,867 ആയി ഉയർന്നു. ഇവ പൂർണവളർച്ചയെത്തുമ്പോൾ പ്രതിവർഷം 140 ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയാൻ സഹായിക്കും.
പരിസ്ഥിതിക്ക് അനുയോജ്യമായ പുനരുപയോഗം ഉറപ്പുവരുത്തുന്ന ‘ക്ലിയർ എർത്ത്’ പങ്കാളിത്തത്തോടെ യു.എ.ഇയിൽ 1,043 കിലോഗ്രാം ഇ-മാലിന്യങ്ങൾ വിജയകരമായി റീസൈക്കിൾ ചെയ്തു. ജീവനക്കാർ, രോഗികൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തിയ അഞ്ചാമത്തെ ദൗത്യമാണിത്. ഇതോടെ ജി.സി.സിയിലാകെ ആസ്റ്റർ റീസൈക്കിൾ ചെയ്ത ഇ-മാലിന്യത്തിന്‍റെ അളവ് 3,041 കിലോഗ്രാം ആയി വർധിച്ചു.
യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിക്കുന്നതാണ് സ്ഥാപനത്തിന്‍റെ ഇ.എ.സ്ജി നടപടിക്രമങ്ങളെന്നും, ഹരിതവും ആരോഗ്യകരവുമായ ഭാവി കെട്ടിപ്പടുക്കാൻ ആസ്റ്റർ പ്രതിജ്ഞാബദ്ധമാണെന്നും സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
യു.എ.ഇയിലുടനീളം സാമൂഹിക പങ്കാളിത്തവും പരിസ്ഥിതി അവബോധവും വളർത്താൻ ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ 22 രാജ്യങ്ങളിലായി 80 ലക്ഷത്തിലധികം ജനങ്ങളെ സ്വാധീനിക്കാൻ ഒരു ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരുള്ള ആസ്റ്റർ വൊളന്‍റിയേഴ്സ് ദൗത്യസംഘത്തിന് സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.