ഷാർജ: ഷാർജ എമിറേറ്റിലുടനീളമുള്ള പെയ്ഡ് പബ്ലിക് പാർക്കിങ് സമയങ്ങൾ 2026 ജൂലൈ ഒന്നുമുതൽ അർദ്ധരാത്രി 12.00 മണി വരെയാക്കി ഏകീകരിക്കുന്നതായി ഷാർജ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്കിങ് ഡിപാർട്ട്‌മെന്‍റ് ഡയറക്ടർ ഹമീദ് അൽ ഖായിദ് അറിയിച്ചു. ഷാർജ സിറ്റി, കൽബ, ഖോർഫക്കാൻ, അൽ ദൈദ് എന്നിവിടങ്ങളിലെ എല്ലാ പെയ്ഡ് പാർക്കിങ് ഇടങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. പ്രത്യേകിച്ച് മഞ്ഞ ബോർഡുകളുള്ള പാർക്കിങ് മേഖലകൾക്കാണ് ഇത് ബാധകം. നിലവിൽ അർധരാത്രി വരെ പാർക്കിങ് ഫീസ് ഈടാക്കുന്ന നീല ബോർഡുകളുള്ള പാർക്കിങ് മേഖലകൾക്ക് സമാനമായാണ് മഞ്ഞ ബോർഡുകളുള്ള പാർക്കിങ് മേഖലകൾക്കും ഈ മാറ്റം വരുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ചകളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും പൊതു പാർക്കിങ് സൗജന്യമായി തുടരും. എന്നാൽ, ഫീസ് ബാധകമാണെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ ആഴ്ചയിലുടനീളവും ഔദ്യോഗിക അവധി ദിവസങ്ങളിലും ഈ ഇളവ് ലഭിക്കില്ല. പൊതു പാർക്കിങ് സേവനങ്ങൾക്കായുള്ള ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് അൽ ഖായിദ് പറഞ്ഞു.
പാർക്കിങ് ഉപയോഗ രീതികൾ, ഒക്യുപെൻസി നിരക്കുകൾ, ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ എന്നിവ വിലയിരുത്തിയതിന്‍റെയും മറ്റു നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രവർത്തന സമയം നീട്ടുന്നത് പാർക്കിങ് ലഭ്യത മെച്ചപ്പെടുത്താനും, പാർക്കിങ് സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് കുറക്കാനും സഹായിക്കുമെന്നാണ് മുനിസിപ്പാലിറ്റിയുടെ അഭിപ്രായം. വാണിജ്യ മേഖലകളിലും തിരക്കേറിയ സ്ഥലങ്ങളിലും കൂടുതൽ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം മാറിമാറി ലഭിക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു.
നിലവിൽ എമിറേറ്റിൽ ഏകദേശം 124,000 പെയ്ഡ് പബ്ലിക് കാർ പാർക്കിങ്ങുകളാണുള്ളത്. ഇവിടെ രാവിലെ 8.00 മുതൽ അർധരാത്രി വരെ ഫീസ് ബാധകമായിരിക്കും. സീസണൽ സബ്‌സ്‌ക്രിപ്ഷൻ ഫീസുകളിൽ മാറ്റമുണ്ടാകില്ലെന്ന് അൽ ഖായിദ് സ്ഥിരീകരിച്ചു. അതേസമയം, സബ്‌സ്‌ക്രൈബ് ചെയ്‌തവർക്ക് ദിവസേന രണ്ട് മണിക്കൂർ അധിക പാർക്കിങ് ആക്സസ് ലഭിക്കും. ഇതോടെ ഇളവ് ലഭിക്കുന്ന കാലയളവ് 14 മണിക്കൂറിൽ നിന്ന് 16 മണിക്കൂറായി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.