ദുബൈ: ഗസ്സയിൽനിന്നുള്ള വിദ്യാർഥികൾക്ക് സൗജന്യ സ്കോളർഷിപ് നൽകുന്ന പദ്ധതിയുമായി യു.എ.ഇ യൂനിവേഴ്സിറ്റി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശത്തെ തുടർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ 33 വിദ്യാർഥികൾക്കാണ് ഉന്നതപഠനത്തിന് സാഹചര്യമൊരുങ്ങുക. ഇസ്രായേൽ-ഗസ്സ യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഫലസ്തീനികളെ സഹായിക്കുന്നതിന്റെ ഭാഗമായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രത്യേക സ്കോളർഷിപ് ഏർപ്പെടുത്തുന്നത്.
ഗസ്സ വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കാനുള്ള സർക്കാർ തീരുമാനത്തിന് നന്ദിയുണ്ടെന്ന് യൂനിവേഴ്സിറ്റി ചാൻസലർ സാകി നുസൈബ പറഞ്ഞു. 1976ൽ അൽഐനിൽ സ്ഥാപിതമായ യൂനിവേഴ്സിറ്റിയിൽ യു.എ.ഇയിൽനിന്ന് പുറമെ ഒമാൻ, യമൻ, ജോർദൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമുണ്ട്. രാജ്യത്തെ ആദ്യ ദേശീയ സർവകലാശാലയും ഏറ്റവും ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഉന്നത സ്ഥാപനവുമാണ് യു.എ.ഇ യൂനിവേഴ്സിറ്റി.
ഗസ്സയിൽ യുദ്ധമാരംഭിച്ച ശേഷം നിരവധി ജീവകാരുണ്യ സംവിധാനങ്ങൾ നടപ്പാക്കിയ യു.എ.ഇ പരിക്കേറ്റ നിരവധി കുട്ടികളെ രാജ്യത്തെത്തിച്ച് ചികിത്സിക്കുന്നുമുണ്ട്. ഗസ്സയിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ കടൽവെള്ളം ശുദ്ധീകരിക്കുന്ന മൂന്ന് പ്ലാൻറുകൾ റഫ അതിർത്തിയിൽ കഴിഞ്ഞ ദിവസം യു.എ.ഇ തുറന്നിരുന്നു. യു.എ.ഇ നടപ്പാക്കുന്ന ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായാണ് റഫയില്‍ മൂന്ന് പ്ലാന്റുകള്‍ നിർമിക്കാൻ പദ്ധതിയിട്ടത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല് നഹ്യാന്റെ നിര്‍ദേശമനുസരിച്ച് ഫലസ്തീൻ ജനതയെ സഹായിക്കുന്നതിന് നവംബർ അഞ്ചിനാണ് ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷൻ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.